കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നിരാശ ഉണ്ടെന്നും എന്നാൽ അദ്ഭുതം ഇല്ലെന്നും ദീദി ദാമോദരൻ.
അതിജീവിക്കാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണു ശ്രമം നടന്നത്. വലിയ നിരാശയാണ് തോന്നുന്നതെന്നും ദീദി ദാമോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്. ജയിലിൽ കാണാൻ പോയത് അവർ തന്നെയാണ്.
ദിലീപിനെ അവർ പുറത്തു നിർത്തിയതായി തോന്നിയിട്ടില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു. ഐക്യദാർഢ്യവുമായി ഇവരിൽ പലരും രംഗത്ത് വന്നിട്ടുണ്ട്.
വിധി വരുമ്പോൾ ഫാൻസ് ആഘോഷിക്കുന്നത് പുതിയ കാര്യമല്ല. ഐസ് ക്രീം പാർലർ കേസിലും ഇത് കണ്ടതാണെന്നും ദീദി ദാമോദരൻ പറഞ്ഞു.
അതേസമയം, ദിലീപിനെ കോടതി വെറുതെ വിട്ടതോടെ അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിലാണെന്ന് സുഹൃത്തുക്കൾ. അവൾക്കൊപ്പം ക്യാംപെയ്ൻ വീണ്ടും സജീവമാക്കിയ പെൺകൂട്ടായ്മ വിധിയിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്.
വിധി പകർപ്പ് പരിശോധിച്ച് ഹൈക്കോടതിയിൽ അപ്പീലിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെങ്കിലും കടുത്ത നിരാശയിൽ തുടരുന്ന അതിജീവിത അക്കാര്യം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. 3215 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ന് കേസിൽ വിധി വന്നത്.
അവൾക്കൊപ്പമുള്ള നീതിക്കായുള്ള കാത്തിരിപ്പിന് ഫലം കാണുമെന്ന് പ്രതീക്ഷിച്ച എല്ലാവരും നിരാശയിലാണ്. ക്രൂരകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികൾക്കെതിരെയും എല്ലാ വകുപ്പുകളും തെളിഞ്ഞെങ്കിലും അതിന് കാരണക്കാരനായ വ്യക്തി ആരെന്നതിന് ഉത്തരമായിട്ടില്ല.
നടിയും പ്രോസിക്യൂഷനും ആരോപിച്ചതും വിശ്വസിച്ചതുമായ വ്യക്തി കേസിൽ കുറ്റവിമുക്തനായി. അതിജീവിതയുടെ വർഷങ്ങളുടെ പോരാട്ടത്തിന്റെ കയ്പേറിയ അനുഭവങ്ങൾ ഓർത്തെടുത്തവർ കടുത്ത നിരാശയിലും.
കോടതി വിധി പ്രസ്താവിക്കുന്ന സമയം സ്വന്തം വീട്ടിൽ തന്നെ തുടർന്ന അതിജീവിത തീരുമാനം പുറത്ത് വന്നതും ഷോക്കിലായി. ആ ഞെട്ടലും വേദനയും സുഹൃത്തുക്കളോട് അവൾ പങ്ക് വെച്ചു.
ദിലീപിനെ കുറ്റവിമുക്തനാക്കിയ വധിയിൽ അപ്പീലിനെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. എന്നാൽ എട്ടരവർഷത്തെ ദുരനുഭവങ്ങളുടെ കൊടുമുടി താണ്ടിയ അതിജീവിത ഇനിയും പോരാട്ടത്തിനാകുമോ എന്ന സംശയത്തിൽ നിരാശയിലാണ്.
വിധി വന്ന സമയം അവൾക്കൊപ്പമുണ്ടായിരുന്ന ഭാഗ്യലക്ഷ്മി ആ സങ്കടത്തിന്റെ ആഴം തുറന്ന് പറഞ്ഞു. അവൾക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് റിമ കല്ലിങ്കൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
എന്ത് നീതിയെന്നും വിദഗ്ധമായ തിരക്കഥയെന്നും വിധിയെ വിമർശിച്ച് പാർവ്വതി തിരുവോത്ത് പ്രതികരിച്ചു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന അമ്മ പോസ്റ്റിന് പിന്നാലെയായിരുന്നു ഡബ്ല്യുസിസിയുടെ നേതൃനിരയിലുള്ളവർ നിലപാട് അറിയിച്ചത്.
വിധിയിൽ അതൃപ്തി പ്രകടമാക്കിയ ഉമ തോമസ് എംഎൽഎ ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്ന് ഫെയ്സ് ബുക്കിൽ കുറിച്ചു. ഈ വിധിയിൽ പി.ടിയുടെ ആത്മാവ് തൃപ്തമാകില്ലെന്നും കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ അതിജീവിത പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞതായും അവർ പറഞ്ഞു.
കോടതി നടപടികൾക്കിടെ ജഡ്ജിക്കെതിരെ ഉയർന്ന ആരോപണങ്ങളടക്കം വീണ്ടും ഉയർത്തിയാണ് അതിജീവിതയ്ക്കൊപ്പം നിലപാട് പറയുന്നവർ വിധിയെ വിമർശിക്കുന്നത്. ദിലീപിനെ എന്ത് കൊണ്ട് കുറ്റവിമുക്തനാക്കി എന്നതറിയാൻ വിശദമായ വിധി പകർപ്പ് പുറത്ത് വരുന്ന വെള്ളിയാഴ്ച വരെ കാത്തിരിക്കണം.
ദിലീപിന്റെ പങ്ക് ആരോപിച്ച് പ്രോസിക്യൂഷൻ ഹാജരാക്കിയ വാദങ്ങളെ തെളിവ് നിയമങ്ങളടക്കം മുൻനിർത്തി കോടതി എങ്ങനെയാണ് തള്ളിയത് എന്നതിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വിധി പകർപ്പ് പരിശോധിച്ച ശേഷമാകും തുടർനടപടി എന്ത് എങ്ങനെ എന്നതിൽ അതിജീവിത അന്തിമ നിലപാടെടുക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

