പഹൽഗാം ആക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരതാവളങ്ങൾക്കുനേരെ ഇന്ത്യ വിജയകരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണ വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതു പറഞ്ഞത്: ‘‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല’’. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലേക്കുള്ള നദീജല വിതരണം അവസാനിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ വാക്കുകൾ.
പാക്കിസ്ഥാന് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസിന്റെ ഡയറക്ടർ ജനറൽ (ഡിജി ഐഎസ്പിആർ) അഹമ്മദ് ഷരീഫ് ചൗധരി സമാന ഡയലോഗ് അടുത്തിടെ അഫ്ഗാനിസ്ഥാനുമേൽ പ്രയോഗിച്ചു.
‘‘രക്തവും വ്യാപാരവും ഒന്നിച്ചു പോകില്ല’’ എന്നായിരുന്നു ചൗധരി പറഞ്ഞത്. പക്ഷേ, ഡയലോഗ് പാക്കിസ്ഥാനുമേൽ ബൂമറാങ് പോലെ പതിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
ദിവസങ്ങളോളം അതിർത്തി പൂട്ടിയിട്ട് അഫ്ഗാനിസ്ഥാനെയും താലിബാനെയും മെരുക്കാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങൾ അടിതെറ്റി.
കടൽ അതിർത്തിയില്ലാത്ത അഫ്ഗാൻ, വ്യാപാരത്തിന് പൂർണമായും പാക്കിസ്ഥാനെയാണ് ആശ്രയിച്ചിരുന്നത്. സംഘർഷത്തിന്റെ ഭാഗമായി അതിർത്തിപ്പാതകൾ പാക്കിസ്ഥാൻ 45 ദിവസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്.
എന്നാൽ, പാക്കിസ്ഥാനുമേൽ ഇനി വ്യാപാരബന്ധമില്ലെന്ന് പ്രഖ്യാപിച്ച താലിബാൻ ബദൽ മാർഗമെന്നോണം ഇറാൻ, ഇന്ത്യ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചുവടുമാറ്റി കരകയറ്റം തുടങ്ങി.
അതിർത്തി തുറക്കേണ്ടെന്ന് അഫ്ഗാനും തീരുമാനിച്ചതോടെ പാക്കിസ്ഥാൻ വെട്ടിലായി. പാക്കിസ്ഥാന് ഏറ്റവുമധികം വ്യാപാരബന്ധമുണ്ടായിരുന്ന മധ്യേഷ്യൻ രാജ്യങ്ങളായ തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് ചരക്കുകൾ കടന്നുപോയിരുന്നത് അഫ്ഗാൻ വഴിയായിരുന്നു.
ഇത് ഇപ്പോൾ ഏതാണ്ട് പൂർണമായും നിലച്ചു.
അഫ്ഗാനുമായുള്ള വ്യാപാരബന്ധം മോശമായതിന് പിന്നാലെ മധ്യേഷ്യൻ രാഷ്ട്രങ്ങളുമായുള്ള വ്യാപാരവും നിലച്ചത് പാക്കിസ്ഥാനിലെ വ്യാപാരികളെ ക്ഷുഭിതരാക്കി. അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഖൈബർ-പഖ്തൂൺഖ്യ മേഖലയിൽ വ്യാപാരികളുടെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
45 ദിവസത്തിലേറെയായി അതിർത്തി അടച്ചതുവഴി ട്രില്യൻ കണക്കിന് പാക്കിസ്ഥാനി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ബിസിനസ് സംഘടനകൾ അഭിപ്രായപ്പെട്ടു.
അഫ്ഗാനുമായുള്ള യുദ്ധം പാക്കിസ്ഥാനെ തിരിഞ്ഞുകൊത്തുകയാണെന്ന വാദവുമായി രാജ്യത്തെ സാമ്പത്തിക നിരീക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ സംഭരണശാലകളും വ്യാപാരകേന്ദ്രങ്ങളിലും കാർഷികോൽപന്നങ്ങളടക്കം കെട്ടിക്കിടക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുമുണ്ട്.
ലോകത്തെ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ.
പെർ ക്യാപിറ്റ ജിഡിപിയിൽ പല ആഫ്രിക്കൻ രാഷ്ട്രങ്ങളേക്കാളും പിന്നിൽ. പാക്കിസ്ഥാനുമായുള്ള സംഘർഷം അഫ്ഗാനിസ്ഥാന്റെ സമ്പദ്സ്ഥിതിയെ സാരമായി ഉലച്ചിട്ടുണ്ട്.
എങ്കിലും, താലിബാൻ ഭരണകൂടം ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളുമായി കൈകോർത്ത് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
അതേസമയം, അതിർത്തി തുറക്കണമെന്ന് പാക്കിസ്ഥാനോട് യുഎൻ ആവശ്യപ്പെട്ടുവെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇസഹാക്ക് ധർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്, സൈനിക മേധാവി അസീം മുനീർ എന്നിവരുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി അനുവദിച്ചാലും, അതിർത്തി തുറക്കുന്നത് സംബന്ധിച്ച അന്തിമനിലപാട് പറയേണ്ടത് അസിം മുനീറാണ്. ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി വ്യാപാരം 2019ൽതന്നെ ഇന്ത്യ നിർത്തിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

