കട്ടപ്പന ∙ പരസ്യപ്രചരണത്തിന്റെ അവസാനദിനം ഞായറാഴ്ചയായതിനാൽ കട്ടപ്പനയിൽ എല്ലാ സ്ഥാനാർഥികളെ അണിനിരത്തി ശനിയാഴ്ച കലാശക്കൊട്ടു നടത്തി എൽഡിഎഫും എൻഡിഎയും.നഗരംചുറ്റിയെത്തിയ എൽഡിഎഫ് പ്രകടനം ഭവനനിർമാണ ബോർഡ് സമുച്ചയ പരിസരത്തെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു സമീപത്തുകൂടി എത്തിയതോടെ പൊലീസ് ജാഗ്രതയിലായിരുന്നു. പ്രകടനം ആരംഭിക്കാനായി ഒത്തുചേർന്ന എൻഡിഎയുടെ സ്ഥാനാർഥികളും പ്രകടനമായെത്തിയ എൽഡിഎഫിന്റെ സ്ഥാനാർഥികളും പരസ്പരം അഭിവാദ്യം ചെയ്ത് സൗഹാർദപരമായാണ് ഇവിടം കടന്നുപോയത്.
∙നഗരത്തിലെ 35 വാർഡുകളിലെയും സ്ഥാനാർഥികളെ അണിനിരത്തി ഇടുക്കിക്കവലയിൽ നിന്നാണ് എൽഡിഎഫിന്റെ പ്രകടനം ആരംഭിച്ചത്.
അശോക ജംക്ഷൻ, ഗാന്ധി സ്ക്വയർ, ഡിവൈഎസ്പി ഓഫിസ് ജംക്ഷൻ എന്നിവിടങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച പ്രകടനം സെൻട്രൽ ജംക്ഷനിൽ സമാപിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള സ്ഥാനാർഥികളുടെ ചിത്രങ്ങളും കയ്യിലേന്തി മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും ചേർന്നു. പ്രകടനശേഷം സെൻട്രൽ ജംക്ഷനിൽ ചേർന്ന യോഗം കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു.
മാത്യു ജോർജ്, വി.ആർ.ശശി എന്നിവർ പ്രസംഗിച്ചു.
∙തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പരിസരത്തു നിന്നാരംഭിച്ച എൻഡിഎയുടെ പ്രകടനത്തിൽ ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കൾ അടക്കമുള്ളവർ അണിനിരന്നു. വിവിധ മേഖലകളിൽ നിന്നുള്ള സ്ഥാനാർഥികളും നേതാക്കളും മുൻനിരയിലും പ്രവർത്തകർ പിന്നിലുമായിട്ടായിരുന്നു പ്രകടനം. സെൻട്രൽ ജംക്ഷനിൽ സമാപിച്ചു. തുടർന്നുചേർന്ന യോഗത്തിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി.വർഗീസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രദീഷ് പ്രഭ, സംഗീത വിശ്വനാഥൻ, സുജിത് ശശി തുടങ്ങിയവർ പ്രസംഗിച്ചു.
വോട്ടപ്പാച്ചിലിന് ഇന്ന് തിരശീല
തൊടുപുഴ ∙ ജില്ലയിലെ 52 പഞ്ചായത്തിലേക്കും 8 ബ്ലോക്ക് പഞ്ചായത്തിലേക്കും 2 മുനിസിപ്പാലിറ്റിയിലേക്കും ജില്ലാ പഞ്ചായത്തിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആഴ്ചകളോളം നീണ്ടു നിന്ന പരസ്യ പ്രചാരണം ഇന്നു അവസാനിക്കും.
രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ മികച്ച പ്രചാരണ പ്രവർത്തനം നടത്തിയെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥികൾ.
തൊടുപുഴ ഉൾപ്പെടെ ലോ റേഞ്ച് മേഖലയിൽ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള കലാശക്കൊട്ട് ഇന്നു വൈകിട്ട് നടക്കും. കട്ടപ്പനയിൽ ഇന്നലെയായിരുന്നു ആവേശകരമായ സമാപനം.
സ്ഥാനാർഥികളുടെ സ്വീകരണ പരിപാടികൾക്കു ഇന്നു സമാപനമാകുന്നതോടെ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. കലാശക്കൊട്ട് ഞായറാഴ്ചയായതിനാൽ സ്ഥാനാർഥികൾ രാവിലെ പള്ളികളിലെത്തി വോട്ടഭ്യർഥിക്കും.
തുടർന്ന് ഭവന സന്ദർശനവും വോട്ടുറപ്പിക്കലുമാണ് പലരുടെയും അജൻഡയിലുള്ളത്. മിക്ക വ്യാപാര സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായതിനാൽ ടൗണിലിറങ്ങിയ കലാശക്കൊട്ട് ഇന്നലെ നടത്താൻ ചില മുന്നണികൾ തീരുമാനിക്കുകയായിരുന്നു.
വാർഡ് തലത്തിൽ പ്രചാരണം കൊട്ടിയിറങ്ങി വോട്ടുറപ്പിക്കാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മിക്ക സ്ഥാനാർഥികളുടെയും ശ്രമം.
ഇടതു സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു എൽഡിഎഫ് തിരഞ്ഞെടുപ്പിൽ വോട്ടു തേടിയത്. സർക്കാരിന്റെ ജനദ്രോഹപരമായ നടപടികൾ ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് വോട്ടർമാരെ കണ്ടത്.
മോദി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളായിരുന്നു എൻഡിഎയുടെ പ്രചാരണം വിഷയം. ഇതെല്ലാം പ്രചാരണ സാമഗ്രികളിലും സ്ഥാനം പിടിച്ചിരുന്നു.
കലാശക്കൊട്ടിൽ പ്രമുഖ നേതാക്കളോടൊപ്പം പരമാവധി സ്ഥാനാർഥികളും പങ്കെടുക്കും.
അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടുണ്ട്. തൊടുപുഴ നഗരത്തിൽ ഇന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും.
ഗതാഗത നിയന്ത്രണവും ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

