ആലപ്പുഴ∙ ദേശീയപാത നിർമാണത്തിൽ വൻ അഴിമതിയാണു നടക്കുന്നതെന്നും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പാർലമെന്ററി അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയർമാൻ കെ.സി.വേണുഗോപാൽ എംപി. സംസ്ഥാന സർക്കാർ ഈ അഴിമതികൾ മൂടിവയ്ക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എങ്ങനെയെങ്കിലും റോഡ് ഉദ്ഘാടനം ചെയ്യണമെന്നേ സർക്കാരിനുള്ളൂ. കൂരിയാടിനും തുറവൂരിനും ശേഷമാണ് കൊല്ലത്ത് ഇന്നലെയുണ്ടായ സംഭവം. തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്.
ദേശീയപാത അതോറിറ്റി ഇതിനു മറുപടി പറഞ്ഞേ പറ്റു. കൂരിയാട് റോഡ് പിളർന്നപ്പോൾ പിഎസി ചെയർമാനെന്ന നിലയിൽ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് തയാറാക്കി.
ഡൽഹിയിൽ പിഎസി കൂടിയപ്പോൾ ദേശീയപാത അതോറിറ്റി ചെയർമാനും ഗതാഗത സെക്രട്ടറിക്കും ഈ റിപ്പോർട്ട് കൊടുത്തു.
നിർമാണ രൂപകൽപനയിൽ പിഴവു പറ്റിയെന്ന് അവർ സമ്മതിച്ചു. അതനുസരിച്ച് പാർലമെന്റിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് 2 മാസം കഴിഞ്ഞു.
അതിന്മേലുള്ള നടപടി റിപ്പോർട്ട് ഇതുവരെ പിഎസിക്കു കിട്ടിയിട്ടില്ല. വിദഗ്ധ സംഘത്തിന്റെ സുരക്ഷാ ഓഡിറ്റ്, ഡിപിആർ തയാറാക്കിയതിലെ ആക്ഷേപം പരിഹരിക്കുക, റോഡ് നിർമാണസാമഗ്രികളുടെ നിലവാരം ഉറപ്പാക്കുക എന്നിവ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
എല്ലാം നടപ്പാക്കും എന്നു പറഞ്ഞു കരാറുകാരെ കാര്യങ്ങൾ ഏൽപിച്ച് അതോറിറ്റി മാറിനിൽക്കുകയാണ്. ദേശീയപാത ദുരന്തപാതയാക്കുന്ന നടപടിയാണ് അതോറിറ്റിയുടേത്.
സർവീസ് റോഡ് പപ്പടം പോലെ പൊടിയുന്നതാണു കൊല്ലം മൈലക്കാട് കണ്ടത്.
സാധാരണക്കാർ ഉപയോഗിക്കുന്ന സർവീസ് റോഡ് തകരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. അവിടെ സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണു നിർമാണം.
നിലവാരമില്ലാത്ത ദേശീയപാത നിർമാണം ചൂണ്ടിക്കാണിച്ചാൽ നടപടി എടുക്കുന്നതിനു പകരം പരാതിപ്പെടുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണു സർക്കാരെന്നും വേണുഗോപാൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

