അമ്പലവയൽ ∙ സംസ്ഥാനമാകെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിയതോടെ, ടൂറിസം സീസൺ അടുക്കാറായിട്ടും ഉണരാതെ വയനാട്ടിലെ ടൂറിസം മേഖല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരുണ്ടെങ്കിലും തദ്ദേശീയരായ സന്ദർശകരുടെ എണ്ണം വൻതോതിൽ കുറഞ്ഞു. സാധാരണ ദിവസങ്ങളിൽ വയനാട്ടിലേക്കു വരുന്ന സഞ്ചാരികൾ പോലും നിലവിലെത്തുന്നില്ല.
ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിലാണ് കർണാടക പോലുള്ള സംസ്ഥാനങ്ങളിൽനിന്നു കൂടുതൽ പേരെത്തുന്നത്. വയനാട്ടിലേക്കു കൂടുതൽ സഞ്ചാരികളെത്തിയിരുന്ന അയൽ ജില്ലകളിൽനിന്നുള്ള സന്ദർശകരുടെ വരവാണു കുറഞ്ഞത്.
ഇന്നലെ മുതൽ ചുരത്തിൽ ഗതാഗതനിയന്ത്രണം വന്നതും പലരെയും വയനാട്ടിലേക്കുള്ള വരവ് മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്നതായി ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പറയുന്നു.
ഈ മാസം 15 കഴിഞ്ഞാൽ കൂടുതൽ സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ. വിദ്യാർഥികളുടെ പരീക്ഷ, തിരഞ്ഞെടുപ്പ് തുടങ്ങിയവയെല്ലാം പൂർത്തിയാകുകയും അവധിക്കാലത്തിന് ആരംഭിക്കുകയും ചെയ്യുന്നതോടെ സന്ദർശകർ കൂടുതലായെത്തും.
ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്കായി വിദേശികളും അയൽസംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ആളുകളെത്തുന്നതോടെ തിരക്കും തുടങ്ങും. സീസൺ ആരംഭത്തിന് മുന്നോടിയായി ജില്ലയിലെ റിസോർട്ട്, ഹോംസ്റ്റേ, വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പുതിയ പാക്കേജുകളും നിലവിൽ വരും.
15 മുതലാണ് നിലവിലെ നിരക്കുകൾ മാറി പലയിടങ്ങളിലും പുതിയ നിരക്ക് വരുന്നത്. സീസൺ മുഴുവൻ ഇതേ നിരക്കിലാകും.
റിസോർട്ടുകളും വില്ലകളും സീസൺ കാലത്തിനായി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയിലെ ഒൗദ്യോഗിക കേന്ദ്രങ്ങളേക്കാൾ കൂടുതൽ അനൗദ്യോഗിക കേന്ദ്രങ്ങളിലാണു സന്ദർശകരെത്തുന്നത്. നെല്ലാറച്ചാൽ വ്യൂപോയിന്റ്, മഞ്ഞപ്പാറ, കുറുമ്പാലക്കോട്ട
, പെരുന്തട്ട, മേപ്പാടിയിലെ വിവിധ സ്ഥലങ്ങൾ തുടങ്ങിയ ഒട്ടേറെ കേന്ദ്രങ്ങളിൽ തിരക്കു വർധിക്കുന്നുണ്ട്. നിയന്ത്രണങ്ങളോ ടിക്കറ്റുകളോ ഇല്ലാത്ത ഈ പ്രദേശങ്ങളിലെ ഭംഗിയാസ്വദിക്കാൻ എപ്പോഴും സന്ദർശകരുണ്ട്.
വാരാന്ത്യങ്ങളിൽ വലിയ തിരക്കാണ്. പലയിടങ്ങളും ഒൗദ്യോഗിക കേന്ദ്രമാക്കി മാറ്റി ടൂറിസത്തിന്റെ സാധ്യതകൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടിയില്ല.
ഡിടിപിസിയുടെ കീഴിലുള്ള 11 കേന്ദ്രങ്ങളും വനംവകുപ്പിന് കീഴിലുള്ള സെന്ററുകളും ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ ഡാം, കെഎസ്ഇബിയുടെ ബാണാസുര സാഗർ ഡാം എന്നിവയെല്ലാമാണ് വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ചുരത്തിൽ ഏതുനിമിഷവും ഗതാഗതം തടസ്സപ്പെടാമെന്ന സാഹചര്യമുള്ളതാണു ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിൽ റോഡ് വീതികൂട്ടുന്നതിനായി മരംമുറി ആരംഭിച്ചതാണു തടസ്സത്തിനു കാരണം.
ഇതിനിടെ, പലപ്പോഴായി വാഹനങ്ങൾ കുടുങ്ങിയും മറ്റും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നത് സന്ദർശകരുടെ വരവിനെ ബാധിക്കാറുണ്ട്. ജില്ലയിലേക്കുള്ള പ്രധാന മാർഗമാണു ചുരം റോഡ് എന്നതിനാൽ ബദൽ മാർഗങ്ങളും കുറവ്.
കർണാടകയിൽ നിന്ന് മുത്തങ്ങ വഴിയാണ് റോഡിൽ കാര്യമായ തടസ്സങ്ങളില്ലാതെ വേഗത്തിലെത്താൻ സാധിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

