കോട്ടയം ∙ വെറും വിവാദങ്ങളല്ല, ജനങ്ങളുടെ പ്രശ്നങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഖ്യ അജൻഡയാകേണ്ടതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎയും ഷോൺ ജോർജും. വികസന പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ആത്മവിശ്വാസമുയർത്തുന്നെന്ന് ചിന്താ ജെറോം.
‘മലയാള മനോരമ’ സംഘടിപ്പിച്ച യുവ നേതാക്കളുടെ തിരഞ്ഞെടുപ്പ് ചർച്ചയിൽ സംവദിക്കുകയായിരുന്നു മൂവരും. സംവാദത്തിൽ നിന്ന് :
വികസനം: 3 കാഴ്ചപ്പാട്
∙ 9 വർഷത്തിനിടെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഒരു പ്രധാന പദ്ധതി പറയാനുണ്ടോ എന്ന ചോദ്യവുമായിട്ടാണ് ചാണ്ടി ഉമ്മൻ എംഎൽഎ സംസാരം തുടങ്ങിയത്.
കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം… ഇങ്ങനെ ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി പൂർത്തിയാക്കൽ ഘട്ടത്തിലെത്തിച്ചു കൈമാറിയ പ്രധാന വികസന പദ്ധതികളുടെ ക്രെഡിറ്റ് എടുക്കലാണു സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഈ ഭരണകാലത്ത് തുടങ്ങി വച്ച ഒരു പ്രധാന വികസന പദ്ധതി പറയാൻ ചാണ്ടി എൽഡിഎഫിനെ വെല്ലുവിളിച്ചു.
∙ തറക്കല്ലിടീൽ മാത്രമല്ല വികസനമെന്നായിരുന്നു ചിന്താ ജെറോമിന് ഇതിനുള്ള മറുപടി.
കൊച്ചി മെട്രോയിൽ കയറിയിരുന്ന് ഉദ്ഘാടനം ചെയ്യാൻ പാകമാക്കിയല്ലേ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിഞ്ഞതെന്നു ചാണ്ടി ഉമ്മന്റെ മറുചോദ്യം. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി 9 വർഷത്തിനു ശേഷം തിരഞ്ഞെടുപ്പ് ആയപ്പോഴാണു വീണ്ടും പൊടി തട്ടിയെടുത്തത്.
ഇതിൽ കോഴിക്കോടിനെപ്പറ്റി ഇപ്പോൾ കേൾക്കാനില്ലെന്നും ചാണ്ടി പറഞ്ഞു.
∙ ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, ക്ഷേമപെൻഷൻ വർധിപ്പിക്കൽ, വീട്ടമ്മമാർക്കു പെൻഷൻ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം, എൽഡിഎഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങളിലെ വികസന മുന്നേറ്റം തുടങ്ങിയവ ചിന്താ ജെറോം എടുത്തു പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങൾക്കും വികസനം എത്തിക്കാൻ സാധിച്ചതായും ചിന്ത പറഞ്ഞു.
∙ നാലര വർഷം മുൻപ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത ക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പിന്റെ തലേന്ന് പ്രഖ്യാപിച്ച് മലയാളികളെ കളിയാക്കരുതെന്നായി ഷോൺ ജോർജ്.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ യഥാസമയം നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. സാധാരണക്കാരന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, വിവാദ വിഷയങ്ങളിലേക്ക് സിപിഎം ചർച്ചകൾ വഴിമാറ്റി വിടുന്നതായും ഷോൺ പറഞ്ഞു.
ഡിവൈഎഫ്ഐയും പൊലീസും
∙സമര രംഗങ്ങളിൽ സജീവമായി നിന്നിരുന്ന ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളിലേക്ക് മാത്രമായി മാറിയോ എന്നായിരുന്നു സദസ്സിൽ നിന്നു വന്ന ഒരു ചോദ്യം.
∙ ചിന്താ ജെറോം: യുവജന പ്രശ്നങ്ങളിൽ ഡിവൈഎഫ്ഐ ഇപ്പോഴും ശക്തമായി ഇടപെടുന്നുണ്ട്.
എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെപ്പോലെ സമരം ചെയ്ത് നേടേണ്ട ആവശ്യം വരുന്നില്ല.
ഒരു മെമ്മോറാണ്ടം കിട്ടിയാൽ പോലും ഈ സർക്കാർ നടപടിയെടുക്കും. പൊലീസിന്റെ സമീപനവും മാറി.
മനുഷ്യത്വപരമായി പൊലീസ് ഇടപെടുന്നുണ്ട്.
∙ ചാണ്ടി ഉമ്മൻ: നവകേരള സദസ്സിനിടയിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ എല്ലാവർക്കും ഓർമയുണ്ട്. ഒരു എംപിയുടെ മൂക്ക് അടിച്ചു പൊട്ടിച്ച പൊലീസിന് എവിടെയാണ് മാറ്റം? അത് ക്യാമറയ്ക്ക് മുന്നിലെ സ്ഥിതിയാണ്.
പൊലീസ് സ്റ്റേഷന്റെ ഉള്ളിലെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും കേരളം കണ്ടതാണ്. ∙ ഷോൺ ജോർജ്: പൊലീസ് മാറിയിട്ടില്ല.
‘രക്ഷാപ്രവർത്തനത്തിന്’ അടക്കം മുഖ്യമന്ത്രി തന്നെ ആഹ്വാനം ചെയ്യുകയാണല്ലോ.
കേരള കോൺ.(എം), കെ.എം. മാണി
∙ ഇടതു പക്ഷത്തേക്ക് കൂടുതൽ പാർട്ടികൾ എത്തുന്നതു ഗുണം ചെയ്യുന്നുണ്ടെന്നായിരുന്നു ചിന്താ ജെറോമിന്റെ വാദം.
റബർ മേഖലയിലെ പ്രശ്നങ്ങൾ അടക്കം ചർച്ചയിൽ ഉയർത്തുന്ന കേരള കോൺഗ്രസിന്റെ (എം) രാഷ്ട്രീയം ഇടതുപക്ഷത്തിന് ഗുണമുണ്ടാക്കും.
∙ ഇതേ കെ.എം. മാണിയെത്തന്നെയാണ് നിങ്ങൾ ആക്രമിച്ചതെന്നു മറക്കരുതെന്നായി ചാണ്ടി ഉമ്മന്റെ മറുപടി.
‘കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകം’ എന്ന വി.എസ്.അച്യുതാനന്ദന്റെ നിയമസഭാ പ്രസംഗം ഓർമിപ്പിച്ച ചാണ്ടി ഉമ്മൻ കേരള കോൺഗ്രസ് (എം) യഥാർഥത്തിലുള്ള നരകത്തിലാണ് ഇപ്പോൾ വീണിരിക്കുന്നതെന്നും അധികം നാൾ അവർക്ക് അവിടെ തുടരാനാകില്ലെന്നും പുറത്തു വരുമെന്നും പറഞ്ഞു.
∙ സ്വന്തം പാളയത്തിൽ നിന്നു തന്നെയാണ് തനിക്ക് എതിരായ നീക്കങ്ങൾ ഉണ്ടായതെന്നു കെ.എം.മാണി പറഞ്ഞിട്ടുണ്ടെന്നും തൊഴുത്തിൽക്കുത്ത് കോൺഗ്രസ് നിർത്തണമെന്നും ചിന്ത തിരിച്ചടിച്ചു. ∙ കെ.എം.മാണിക്കെതിരെ സമരം നടത്തി നിയമസഭ അടിച്ചു പൊട്ടിച്ചവരാണ് ഇടതു പക്ഷമെന്നും ഷോൺ ഓർമിപ്പിച്ചു.
ആരോഗ്യ മേഖല, യൂറോപ്യൻ നിലവാരം
∙ ചിന്താ ജെറോം: കേരളത്തിലെ ആരോഗ്യ മേഖല യൂറോപ്യൻ നിലവാരത്തിലെത്തി.
∙ ചാണ്ടി ഉമ്മൻ : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം ഇടിഞ്ഞു വീണത് അതിനു തെളിവാണ്. യൂറോപ്യൻ നിലവാരമെങ്കിൽ മെഡിക്കൽ കോളജിലെ അപകടത്തിൽ മരിച്ച വ്യക്തിയുടെ ബന്ധുക്കൾക്ക് നൽകുന്ന ആശ്വാസധനം പോലും ആ നിലവാരത്തിൽ വേണ്ടതായിരുന്നില്ലേ?
∙ ഷോൺ ജോർജ് : കേരളത്തിലെ ഇത്ര നല്ല ആരോഗ്യ രംഗവും ആശുപത്രികളും ഒഴിവാക്കി മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത് എന്തിനാണ്?
രാഹുൽ പ്രശ്നത്തിലെ നിലപാടുകൾ
∙ ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തതെന്നു ചിന്താ ജെറോമിന്റെ വിമർശനം.
ഇതുവരെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് പരാതി എവിടെ എന്നായിരുന്നു, ഇപ്പോൾ പരാതികൾ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ് കർശനമായ നടപടിയെടുക്കണം.
രാഹുൽ ജനപ്രതിനിധിയായി ഇരിക്കാൻ യോഗ്യനല്ല. രാജി വയ്ക്കണമെന്നും ചിന്ത പറഞ്ഞു.
∙ ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്നാണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്ന് ചാണ്ടി ഉമ്മൻ.
ഒരു വ്യക്തിയുടെ ധാർമികത ആരാണ് തീരുമാനിക്കുന്നത്? മറ്റു മുഖ്യ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാൻ ഈ വിഷയം ഉപയോഗിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു. ∙ രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നു ഷോൺ ജോർജ്.
ഇത്തരം വിഷയങ്ങൾ എടുത്തിട്ട് ജനകീയ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള പദ്ധതിയിലാണ് എൽഡിഎഫ് സർക്കാർ. അതിനോട് യോജിപ്പില്ലെന്നും ഷോൺ.
നായനാരുടെ വീട്ടിൽ നിന്ന് ഒരു വിഡിയോ കോൾ
∙യുവനേതാക്കളുടെ ചർച്ചയ്ക്കായി എത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഫോണിലേക്ക് കണ്ണൂരിൽ നിന്ന് അപ്രതീക്ഷിതമായി ഒരു വിഡിയോ കോൾ എത്തി.
കല്യാശേരിയിൽ മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ ശാരദാസ് വീട്ടിൽ നിന്നായിരുന്നു ആ വിളി. ഷോണിന്റെ ഭാര്യ പാർവതിയാണ് വിളിച്ചത്.
പാർവതിക്കൊപ്പം നായനാരുടെ ഭാര്യ ശാരദ ടീച്ചറുമുണ്ട്.
കണ്ണൂർ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കാനായി പാർവതി കഴിഞ്ഞ ദിവസം പോയിരുന്നു. കല്യാശേരിയിലായിരുന്നു താമസം.
മടങ്ങും മുൻപ് നായനാരുടെ വീട്ടിൽ എത്തി ശാരദ ടീച്ചറെ കണ്ട് അനുഗ്രഹം വാങ്ങണമെന്ന് പറഞ്ഞിരുന്നതായി ഷോൺ പറഞ്ഞു. ആ വീട്ടിൽ നിന്ന് വിഡിയോ കോളിലൂടെ ഷോണിനെ വിളിച്ചതായിരുന്നു. പാർവതി അവതരിപ്പിക്കുന്ന ടിവി പരിപാടികൾ കാണാറുണ്ടെന്നു ശാരദ ടീച്ചർ. ചിന്താ ജെറോമിനോടും ശാരദ ടീച്ചർ ഫോണിൽ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

