ആലപ്പുഴ ∙ വിവാഹച്ചടങ്ങിന് ഒരുങ്ങാനുള്ള യാത്രയ്ക്കിടെ വാഹനാപകടത്തിൽ സാരമായി പരുക്കേൽക്കുകയും ആശുപത്രിക്കിടക്കയിൽ വിവാഹിതയാവുകയും ചെയ്ത ആവണി 12 ദിവസത്തെ ചികിത്സയ്ക്കു ശേഷം തുമ്പോളിയിലെ വീട്ടിൽ തിരിച്ചെത്തി. കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ നഴ്സുമാർക്കും ജീവനക്കാർക്കും ഒപ്പമാണ് ഇന്നലെ വൈകിട്ട് ആറോടെ തുമ്പോളി മുതലശേരിയിലെ വീട്ടിലേക്കെത്തിയത്. നാലരയോടെ ആശുപത്രിയിൽ നിന്നു യാത്ര തിരിച്ച ആവണിയെ ഭർത്താവ് ഷാരോണും ബന്ധുക്കളും വാഹനത്തിൽ അനുഗമിച്ചു.
ആവണിയുടെ അച്ഛൻ കെ.എം.ജഗദീഷ് അമ്മ ജ്യോതി, ഷാരോണിന്റെ മാതാപിതാക്കളായ വി.ടി.മനു, രശ്മി എന്നിവരും ബന്ധുക്കളും ചേർന്നു വീട്ടിലേക്കു സ്വീകരിച്ചു. അപകടത്തെക്കുറിച്ചോർക്കാൻ ഇനി ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു വീട്ടിലെത്തിയ ശേഷം ആവണിയുടെ പ്രതികരണം. ‘‘ചെറിയ രീതിയിൽ ഇപ്പോൾ നടക്കാൻ കഴിയുന്നുണ്ട്.
ഇന്നു വീട്ടിൽ തന്നെ ഫിസിയോതെറപ്പി ആരംഭിക്കും. ഭർത്താവ് ഷാരോണും ബന്ധുക്കളുമെല്ലാം കൂടെയുള്ളത് ഏറെ ആശ്വാസം പകരുന്നുണ്ട്’’.
ആവണി പറഞ്ഞു. സുഖം പ്രാപിച്ച ശേഷം മകളെ വീട്ടിലേക്കു കൊണ്ടു പോകാൻ കാത്തിരിക്കുകയാണെന്നായിരുന്നു ഷാരോണിന്റെ അമ്മ രശ്മിയുടെ പ്രതികരണം.
ആവണി സുഖം പ്രാപിച്ച ശേഷം ക്ഷേത്രത്തിൽ താലികെട്ടും വിവാഹ വസ്ത്രങ്ങളണിഞ്ഞ് ചെറിയൊരു വിവാഹ സൽക്കാരവും നടത്തുമെന്ന് ഷാരോണിന്റെ പിതാവ് ജഗദീഷ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ആവണി സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാരോണും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ മാസം 20ന് വിവാഹത്തിന് ഒരുങ്ങാനായി കോട്ടയത്തേക്കു പോകുന്നതിനിടെ പുലർച്ചെ രണ്ടരയോടെയാണ് കുമരകം–ചേർത്തല റോഡിൽ ചൂളപ്പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ആവണിക്കും കൂട്ടുകാർക്കും പരുക്കേറ്റത്.
നിശ്ചയിച്ച സമയത്ത് വിവാഹം നടത്തണമെന്ന ആഗ്രഹം ഇരു കുടുംബങ്ങളും അറിയിച്ചതോടെ 21ന് ഉച്ചയ്ക്ക് 12.23ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഷാരോൺ ആവണിയുടെ കഴുത്തിൽ മിന്നു കെട്ടുകയായിരുന്നു.ആശുപത്രിയിൽനിന്ന് മാനേജിങ് ഡയറക്ടർ എസ്.കെ.അബ്ദുല്ല ആവണിയെ യാത്രയാക്കി.
ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിൽ നടന്ന ചികിത്സയുടെ 12–ാം ദിനത്തിലാണ് ആശുപത്രി വിട്ടത്.
ചികിത്സച്ചെലവ് വിപിഎസ് ലേക്ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പൂർണമായി സൗജന്യമാക്കിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

