ലോകത്തിന്റെ ശ്രദ്ധ ഇനി രണ്ടുനാൾ ഇന്ത്യയിലേക്ക്. ഇന്ത്യയുമായുള്ള നിർണായക വിഷയങ്ങളിലെ ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നെത്തും.
മോദി ഒരുക്കുന്ന സ്വകാര്യ അത്താഴവിരുന്നോടെയാണ് പുട്ടിന്റെ സന്ദർശനത്തുടക്കം. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസിന്റെ നേതൃത്വത്തിൽ തയാറാക്കിയ സമാധാന പ്ലാനിൽ വരുത്തിയ ഭേദഗതികൾ റഷ്യ തള്ളിയിരുന്നു.
യുക്രെയ്നുമായി ഇതു സംബന്ധിച്ച് നടന്ന ചർച്ചയും പൊളിഞ്ഞു. യൂറോപ്യൻ രാഷ്ട്രങ്ങൾ സമാധാനമല്ല, യുദ്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് പുട്ടിൻ തുറന്നടിക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് പുട്ടിന്റെ ഇന്ത്യാ സന്ദർശനമെന്നത്, ലോകം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് പുട്ടിനുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചേക്കും. അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50% തീരുവയിലും ഉലയാതെയാണ് ഇന്ത്യ-റഷ്യ ബന്ധം മുന്നോട്ടുപോകുന്നതെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഇപ്പോഴും തുലാസിൽ തുടരുന്നതിനിടെയുമാണ് പുട്ടിൻ-മോദി ബന്ധം കൂടുതൽ ഊർജം കൈവരിക്കുന്നത്.
റഷ്യയുമായി വ്യാപാരത്തിന് പുറമേ പ്രതിരോധ, ഊർജ മേഖലകളിലെ സഹകരണം ശക്തമാക്കാനാണ് ഇന്ത്യ കൂടുതൽ ഊന്നൽ നൽകുക. നിലവിൽ റഷ്യയുമായി ഇന്ത്യയ്ക്ക് ഏതാണ്ട് 65 ബില്യൻ ഡോളറിന്റെ വ്യാപാരക്കമ്മിയുണ്ട്.
ഇത് കുത്തനെ കുറയ്ക്കാനുള്ള സാധ്യതകൾ ഇന്ത്യ തേടും. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറിയ എസ്-400 മിസൈൽ സംവിധാനം റഷ്യയിൽ നിന്ന് കൂടുതലായി വാങ്ങുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ട്.
റഷ്യയിൽ നിന്ന് അഞ്ചാംതലമുറ എസ്.യു-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നതും ചർച്ചയാകും.
നിർണായക കൂടിക്കാഴ്ചകൾ നാളെ
നാളെയാണ് പുട്ടിന്റെ പ്രധാന കൂടിക്കാഴ്ചകൾ. രാജ്ഘട്ട് സന്ദർശനത്തോടെയാണ് ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകുക.
തുടർന്ന് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തും. ശേഷം, മോദിയുമായി ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച.
ഉച്ചഭക്ഷണത്തിനുശേഷം ഇന്ത്യ-റഷ്യ ബിസിനസ് ഉച്ചകോടിയിൽ സംബന്ധിക്കും. തുടർന്ന് വീണ്ടും രാഷ്ട്രപതി ഭവനിലെത്തുന്ന പുട്ടിന് രാഷ്ട്രപതി ദ്രൗപദി മുർമു വിരുന്നൊരുക്കും.
ഇന്ത്യയുടെ ജിഡിപി: ഐഎംഎഫ് ചോദ്യം ചെയ്തിട്ടില്ലെന്ന് നിർമല
ഇന്ത്യ നടപ്പുവർഷത്തെ രണ്ടാംപാദത്തിൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി 8.2% ജിഡിപി വളർച്ച നേടിയിട്ടും അതിന്റെ തിളക്കംകെടുത്തിയത് ഐഎംഎഫ് ഇന്ത്യയ്ക്ക് നൽകിയ ‘സി ഗ്രേഡ്’ ആയിരുന്നു.
ഇന്ത്യയുടെ ജിഡിപി നിർണയം ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഐഎംഎഫിന്റെ ഈ മോശം റേറ്റിങ്ങെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷവും വിമർശകരും വാദിച്ചിരുന്നു.
എന്നാൽ, ജിഡിപി ഉൾപ്പെടെയുള്ള വളർച്ചാക്കണക്കുകൾ നിർണയിക്കുന്ന അടിസ്ഥാന വർഷം (2011-12) കാലഹരണപ്പെട്ടെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടിയതെന്നും ജിഡിപി കണക്കിനെ അവർ ചോദ്യം ചെയ്തിട്ടില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 2026 ഫെബ്രുവരിയോടെ ഇന്ത്യ 2022-23 അടിസ്ഥാന വർഷത്തിലേക്ക് മാറും.
ഇന്ത്യയുടെ മറ്റെല്ലാ വളർച്ചാ നിർണയ മാനദണ്ഡങ്ങൾക്കും ഐഎംഎഫ് താരതമ്യേന മെച്ചപ്പെട്ട ‘ബി’ റേറ്റിങ് നൽകിയിട്ടുണ്ടെന്നും നിർമല പറഞ്ഞു.
90ന്റെ അവശതയിൽ രൂപ
ലോകത്ത് മറ്റു പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് 100ൽ നിന്ന് 98 നിലവാരത്തിലേക്ക് താഴ്ന്നിട്ടും ഇന്ത്യൻ രൂപ വൻ തകർച്ച നേരിടുകയാണ്.
ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയായ 90.21 വരെയെത്തി. ഓഹരി വിപണികളിൽ നിന്ന് വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക്, അനിശ്ചിതമായി വൈകുന്ന യുഎസ്-ഇന്ത്യ വ്യാപാരക്കരാർ കയറ്റുമതി രംഗത്ത് സൃഷ്ടിക്കുന്ന അസ്വസ്ഥത, ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് ലഭിക്കുന്ന വൻ സ്വീകാര്യത എന്നിവയാണ് രൂപയെ സമ്മർദത്തിലാക്കുന്നത്.
യുഎസുമായി കരാർ യാഥാർഥ്യമായാൽ രൂപ കരകയറിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
വിദേശ ഓഹരി പോസിറ്റീവ്, ഇന്ത്യ നെഗറ്റീവ്
അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമായതോടെ ഓഹരി വിപണികൾ നേട്ടത്തിന്റെ ട്രാക്കിലായി. യുഎസിൽ ഡൗ ജോൺസ് ഉയർന്നത് 400 പോയിന്റ് (+0.9%).
എസ് ആൻഡ് പി500, നാസ്ഡാക് എന്നിവ 0.3% വരെയും കയറി.
∙ യുഎസിൽ സ്വകാര്യ മേഖലയിൽ 32,000 പേർക്ക് കഴിഞ്ഞമാസം ജോലി നഷ്ടപ്പെട്ടു. ഈ പശ്ചാത്തലത്തിൽ പലിശനിരക്ക് താഴ്ത്തി സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനമേകാനുള്ള നടപടി യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സ്വീകരിക്കുമെന്നാണ് കരുതുന്നത്.
ഡിസംബർ 10നാണ് പണനയ പ്രഖ്യാപനം.
∙ യുഎസ് ഓഹരി വിപണികളുടെ നേട്ടം ഏഷ്യയിൽ സൃഷ്ടിക്കുന്നത് സമ്മിശ്ര പ്രതികരണമാണ്. ജാപ്പനീസ് നിക്കേയ് 1.38% ഉയർന്നു.
ചൈന, ഹോങ്കോങ് സൂചികകൾ 0.35% വരെ താഴ്ന്നു.
ഇന്ത്യയിൽ രൂപയുടെ തളർച്ച സൃഷ്ടിക്കുന്ന ആശങ്കമൂലം ഓഹരി വിപണികളിൽ കുതിപ്പൊഴിഞ്ഞുനിൽക്കുകയാണ്. സെൻസെക്സും നിഫ്റ്റിയും ഇന്നലെ നേരിയ നഷ്ടത്തിലേക്ക് വീണു.
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 60 പോയിന്റുവരെ ഇടിഞ്ഞതും നിരാശയായി. സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ തുടങ്ങിയേക്കാം.
റിസർവ് ബാങ്ക് എന്തു ചെയ്യും?
പലിശനിരക്ക് കുറയ്ക്കുമോ? നാളെയാണ് റിസർവ് ബാങ്കിന്റെ നിർണായക പണനയ പ്രഖ്യാപനം.
റീപ്പോനിരക്ക് 0.25% കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ മങ്ങലേറ്റു തുടങ്ങിയിട്ടുണ്ട്. ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ഉയർന്നു നിൽക്കുന്നതിനാൽ തിടുക്കപ്പെട്ട് പലിശ കുറയ്ക്കേണ്ട
സാഹചര്യമില്ലെന്ന് വാദിക്കുന്നവരുണ്ട്.
ശ്രദ്ധയിൽ ഇൻഡിഗോ
ഇൻഡിഗോ വിമാനങ്ങളുടെ സർവീസ് കഴിഞ്ഞ 2 ദിവസമായി വ്യാപകമായി താളംതെറ്റിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരും ഇടപെട്ടുകഴിഞ്ഞു.
കമ്പനിയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ ഇന്ന് ശ്രദ്ധാകേന്ദ്രമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

