ഉത്തർപ്രദേശിന്റെ ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം) കഴിഞ്ഞ 8 വർഷത്തിനിടെ വളർന്നത് ഇരട്ടിയിലധികം. 2017ൽ 45,000-50,000 രൂപനിരക്കിലായിരുന്ന പെർ ക്യാപിറ്റ വരുമാനം 2025ൽ 1.2 ലക്ഷം രൂപയിലെത്തിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖ്യ ഉപദേഷ്ടാവ് അവനീഷ് അവസ്ഥി പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിയുടെ 100-ാം വാർഷികം ആഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിനൊപ്പം ഉത്തർപ്രദേശും മുന്നേറുകയാണ്.
2047ഓടെ ഇന്ത്യയെ 30 ട്രില്യൻ ഡോളറ് സമ്പദ്ശക്തിയാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഉത്തർപ്രദേശ് 6 ട്രില്യനിലേക്കുള്ള മുന്നേറ്റത്തിലാണെന്നും മോദിയുടെ സ്വപ്നത്തിന്റെ അഞ്ചിലൊന്ന് പങ്കുവഹിക്കുക ഉത്തർപ്രദേശ് ആയിരിക്കുമെന്നും അവസ്ഥി പറഞ്ഞു.
ഇപ്പോൾ ഉത്തർപ്രദേശിന്റെ ശരാശരി വളർച്ചനിരക്ക് (നോമിനൽ ജിഡിപി വളർച്ചനിരക്ക്) ഏതാണ്ട് 15 ശതമാനമാണ്.
ഇത് 20 ശതമാനമെങ്കിലുമാക്കുകയാണ് ലക്ഷ്യം. അയോധ്യയുടെ കരുത്തിൽ ടൂറിസം മേഖല ഉത്തർപ്രദേശിന്റെ സാമ്പത്തിക മുന്നേറ്റത്തിന് വലിയ കരുത്തായിട്ടുണ്ട്.
നടപ്പുവർഷം ആകെ 100 കോടി വിനോദ സഞ്ചാരികളെയാണ് ഉത്തർപ്രദേശ് പ്രതീക്ഷിക്കുന്നതും.
അതേസമയം, ടൂറിസത്തിന് പുറമേ മറ്റ് തന്ത്രപ്രധാന മേഖലകളിലും ശക്തിതെളിയിക്കാനാണ് സംസ്ഥാനത്തിന്റെ പരിശ്രമം. ഐടി, മാനുഫാക്ചറിങ് മേഖലകളിൽ ഇതിനായി കൂടുതൽ ശ്രദ്ധയൂന്നുമെന്നും അവനീഷ് അവസ്ഥി പറഞ്ഞു.
സംസ്ഥാനത്ത് ഐഫോൺ നിർമാണക്കമ്പനിയായ ഫോക്സ്കോണും ഐടി കമ്പനിയായ എച്ച്സിഎല്ലും ചേർന്നുള്ള ഫാക്ടറിക്ക് ക്യാബിനറ്റ് അനുമതി നൽകിക്കഴിഞ്ഞു.
ഉത്തർപ്രദേശിന്റെ ബജറ്റ് 8 ലക്ഷം കോടി രൂപയുടേതാണെന്നും ഇത് രാജ്യത്തെ ഏറ്റവും വലുതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏതാണ്ട് 60,000 കോടി രൂപയുടെ മിച്ച ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന്റെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയെ 2029ഓടെ ഒരു ട്രില്യൻ ഡോളർ അഥവാ 89 ലക്ഷം കോടി രൂപ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാക്കി മാറ്റാനും യോഗി സർക്കാർ ഉന്നമിടുന്നുണ്ട്. ഇതിൽ മുഖ്യപങ്കുവഹിക്കുക അയോധ്യയായിരിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
നിലവിൽ സംസ്ഥാനത്തിന്റെ ജിഡിപിയിൽ 1.5 ശതമാനമാണ് അയോധ്യയുടെ സംഭാവന. വരുംവർഷങ്ങളിൽ ഇത് കുത്തനെ കൂടുമെന്നാണ് വിലയിരുത്തൽ.
അയോധ്യ: ടൂറിസത്തിന്റെ കരുത്ത്
അയോധ്യ രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലും ആവേശത്തിലുമാണ് ഉത്തർപ്രദേശ്.
ക്ഷേത്ര നിർമാണം ആരംഭിച്ചതുമുതൽ തന്നെ ഉത്തർപ്രദേശിന്റെയാകെ സാമ്പത്തിക തലവര മാറ്റിയെഴുതുകയാണ് അയോധ്യ. മാസ്റ്റർ പ്ലാനിലൂടെ അയോധ്യയുടെ വികസനത്തിന് 2031നകം 85,000 കോടി രൂപ ചെലവിടാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി.
കഴിഞ്ഞ 5 വർഷത്തിനിടെ 2,150 കോടി രൂപ ചെലവായി. ഇതിന്റെ ഭാഗമായി 18% നികുതി സംസ്ഥാന സർക്കാരിന് ലഭിക്കുകയും ചെയ്തു.
റിയൽ എസ്റ്റേറ്റിലും വൻ കുതിച്ചുചാട്ടം സ്വന്തമാക്കിയ അയോധ്യ, ടൂറിസത്തിലും ജിഡിപിയിലും യുപിയുടെ തുറുപ്പുചീട്ടാവുകയാണ്.
മൊത്തം സഞ്ചാരികളുടെ ഒഴുക്കിൽ ഇതിനകംതന്നെ താജ്മഹലിനെയും വാരാണസിയെയും അയോധ്യ പിന്തള്ളി. 2023ൽ 5.75 കോടിപ്പേർ അയോധ്യയിലെത്തിയിരുന്നു.
2024ൽ 16 കോടി. 2025ന്റെ ആദ്യ 6 മാസക്കാലത്തുമാത്രം 23 കോടിപ്പേർ.
മഹാകുഭമേളയും വലിയ നേട്ടമായി.
നിലവിൽ ടൂറിസത്തിലൂടെ ശരാശരി 10,000 കോടി രൂപയുടെ വരുമാനം അയോധ്യ നേടുന്നുണ്ട്. 2028ഓടെ ഇത് 18,000-20,000 കോടി രൂപയാകുമെന്നാണ് കരുതുന്നത്.
2028ഓടെ ഉത്തർപ്രദേശിന്റെ മൊത്തം ടൂറിസം വരുമാനം 70,000 കോടി രൂപ കടക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിൽ 25 ശതമാനത്തോളവും സംഭാവന ചെയ്യുക അയോധ്യയായിരിക്കും.
അയോധ്യയെ ലോകോത്തര ടൂറിസം ഹബ് ആക്കാൻ കേന്ദ്രവും സംസ്ഥാനവും 5,000 കോടിയോളം രൂപയും ചെലവിടുന്നുണ്ട്. നിലവിൽ അയോധ്യയിലെ ജനസംഖ്യ 11 ലക്ഷത്തോളമാണ്, 2031ഓടെ ഇത് 24 ലക്ഷവും 2047ഓടെ 34 ലക്ഷവും കവിയുമെന്നും കരുതുന്നു.
റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലകളാണ് അയോധ്യയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ മാത്രം 70ലേറെ പുതിയ ഹോട്ടൽ ശൃംഖലകൾ നഗരത്തിൽ സാന്നിധ്യമറിയിച്ചു. ഇന്ത്യൻ ഹോട്ടൽസ്, മാരിയറ്റ്, റാഡിസൺ, ലെമൺ ട്രീ തുടങ്ങിയവ അതിലുൾപ്പെടുന്നു.
അയോധ്യയിലേക്ക് സഞ്ചാരികൾ ഒഴുകുന്നത് പ്രാദേശിക വ്യാപാരികൾക്കും വലിയ നേട്ടമാകുന്നുണ്ട്. ഭക്ഷണം, പൂജാസാധനങ്ങൾ, സുവനീറുകൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്നവർക്ക് മികച്ച നേട്ടമുണ്ട്.
ഇന്ത്യയിൽ സോളർ വൈദ്യുതോൽപാദത്തിൽ മൂന്നാംസ്ഥാനം അടുത്തിടെ യുപി സ്വന്തമാക്കിയതും അയോധ്യയുടെ കരുത്തിൽ.
മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഉത്തർപ്രദേശിലെ 17 സ്മാർട് സിറ്റി പദ്ധതികളിൽ ഒന്നാംസ്ഥാനത്തും അയോധ്യയാണ്.
2031ഓടെ അയോധ്യയെ പൂർണമായും സൗരോർജത്തിനു കീഴിലാക്കുകയാണ് യോഗി സർക്കാരിന്റെ ലക്ഷ്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

