വണ്ണപ്പുറം ∙ മലയോര മേഖലയെന്നോ സമതല പ്രദേശമെന്നോ വ്യത്യാസമില്ലാതെ വണ്ണപ്പുറം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കാട്ടുപന്നിക്കൂട്ടം വിളയാടുന്നു. രാത്രി ആയാൽ വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ കാട്ടുപന്നികൾ കൂട്ടമായി പോകുന്നത് പതിവ് കാഴ്ചയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇതിനു പുറമേ പല മേഖലകളിലും കുരങ്ങുകളും പെരുകിയിരിക്കുകയാണ്.
കാട്ടുമൃഗങ്ങളുടെ ശല്യത്താൽ കപ്പ, ചേന, ചേമ്പ്, വാഴ തെങ്ങിൻ തൈകൾ, നെല്ല് തുടങ്ങിവയൊന്നും കൃഷിയിറക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞു. തന്നാണ്ട് വിളകൾ കൃഷി ഇറക്കണമെങ്കിൽ തകരഷീറ്റുകൊണ്ട് മറച്ച ബലവത്തായ വേലി കെട്ടണം.
എങ്കിൽ മാത്രമേ കാട്ടുപന്നിയുടെ ശല്യത്തിൽനിന്ന് കുറച്ചെങ്കിലും വിളകളെ രക്ഷിക്കാൻ കഴിയുകയുള്ളൂ. ഇതിന് വലിയ ചെലവാണ്.
ഇനി വേലി തീർത്തു കൃഷിയിറക്കിയാലും കുരങ്ങിന്റെ ശല്യം നിയന്ത്രിക്കാൻ കഴിയില്ല.
മുണ്ടൻമുടി, നാരങ്ങാനം, വട്ടത്തൊട്ടി, കോട്ടപ്പാറ, കമ്പകക്കാനം, മുള്ളരിങ്ങാടിന്റെ തേക്കിൻ കൂപ്പിനോടു ചേർന്നു കിടക്കുന്ന ഭാഗം എന്നിവിടങ്ങളിൽ ഉൾപ്പെടെ കുരങ്ങുശല്യവും അതിരൂക്ഷമാണ്. ഇവയെ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്തെങ്കിലും നടപടികൾ എടുക്കാൻ വനംവകുപ്പോ പഞ്ചായത്തോ ഒന്നും ചെയ്യുന്നില്ലെന്നാണ് കർഷകരുടെ പരാതി.
കൃഷി നശിച്ചാൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും വ്യക്തതയില്ല.
നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തിൽ കൃഷി വകുപ്പും ഇടപെടുന്നില്ല. രാത്രി കാലങ്ങളിൽ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനും കാട്ടു പന്നിശല്യം കാരണം നാട്ടുകാർക്ക് ഭയമാണ്.
ഇവ എപ്പോഴാണ് റോഡിലേക്ക് ചാടി വീഴുന്നതെന്നും അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.
മുള്ളരിങ്ങാട് മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. ഒട്ടേറെ കർഷകരുടെ കൃഷികൾ ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചു കളഞ്ഞിട്ടും കർഷകരെ സഹായിക്കാനുള്ള ഒരു നടപടികളും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ഏതാനും മാസം മുൻപ്, വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയുണ്ട്.
അടിയന്തരമായി മേഖലയിലെ കർഷകരെ സഹായിക്കുന്നതിന് വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

