യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ‘സമാധാന പ്ലാൻ’ തുലാസിൽ നിൽക്കേ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരുമായി കൂടിക്കാഴ്ചയും നടത്തും.
ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കുകതന്നെയാണ് പ്രധാന ഉദ്ദേശ്യം.
നിലവിൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 70 ബില്യൻ ഡോളറാണ്. ഇത് 100 ബില്യൻ ഡോളറിൽ എത്തിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
70 ബില്യനിൽ 65 ബില്യനും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയാണ്. ഇന്ത്യയുടെ ആകെ 5 ബില്യൻ വരുന്ന ഉൽപന്ന/സേവനങ്ങളേ റഷ്യ വാങ്ങുന്നുള്ളൂ.
ഇതിൽ ഇന്ത്യയ്ക്ക് നീരസവുമുണ്ട്.
റഷ്യയുമായുള്ള വ്യാപാരക്കമ്മി ‘അസഹനീയ’മാണെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിഹാരം കാണാനെന്നോണം ഇന്ത്യയുടെ കാർഷിക, സമുദ്ര ഉൽപന്നങ്ങൾക്കടക്കം റഷ്യൻ വിപണി തുറന്നുകിട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാർ ഉന്നയിച്ചിട്ടുണ്ട്.
ഇക്കാര്യവും പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. യുക്രെയ്ൻ വിഷയവും മോദി-പുട്ടിൻ ചർച്ചയിൽ വിഷയമാകും.
അതേസമയം, റഷ്യയിൽ നിന്ന് എസ്-400 മിസൈൽ സംവിധാനം ഉൾപ്പെടെ വാങ്ങുന്നതാകും സുപ്രധാന വിഷയം.
ഇന്ത്യ നിലവിൽ വലിയതോതിൽ വളം റഷ്യയിൽ നിന്ന് വാങ്ങുന്നുണ്ട്. രാജ്യത്തെ കാർഷിക മേഖലയ്ക്ക് അത് ഏറെ അനിവാര്യവുമാണ്.
വളം, ആയുധം, ഊർജം എന്നിവയ്ക്ക് പുറമേ ഹെൽത്ത്കെയർ, വിദ്യാഭ്യാസം, സാംസ്കാരികം, മാധ്യമം തുടങ്ങിയ മേഖലകളിലും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നത് ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. ഇതോടൊപ്പം ഡോളർ ഉൾപ്പെടെയുള്ള മറ്റു കറൻസികളെ ഒഴിവാക്കി ഉഭയകക്ഷി വ്യാപാരം കൂടുതലായും രൂപ-റൂബിൾ മാർഗത്തിലൂടെയാക്കുന്നതും ചർച്ചയാകും.
ഇതിനിടെ, യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഉപരോധ പശ്ചാത്തലത്തിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് വീണ്ടും ഉഷാറായി എന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ 2 വമ്പൻ റഷ്യൻ എണ്ണക്കമ്പനികൾക്കാണ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയത്. ഇവയിൽ നിന്ന് നേരിട്ട് വാങ്ങാതെ, ഉപരോധം ബാധകമല്ലാത്ത ഇടനിലക്കാർ വഴി ഇന്ത്യയിലേക്ക് നവംബറിന്റെ അവസാന ആഴ്ചകളിൽ വലിയതോതിൽ എണ്ണ ഇറക്കുമതി നടന്നുവെന്ന് വിപണി ഗവേഷകരായ കെപ്ലറിന്റെ കണക്കുകൾ വ്യക്തമാക്കി.
നവംബറിൽ ശരാശരി 1.27 ദശലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ ഇന്ത്യയിലെത്തി. നവംബറിന്റെ ആദ്യ 17 ദിവസങ്ങളിലെ ശരാശരി 6.72 ലക്ഷം ബാരൽ വീതമായിരുന്നു.
കരകയറാൻ ഓഹരികൾ; ഉറ്റുനോട്ടം റിസർവ് ബാങ്കിലേക്ക്
വിദേശത്തുനിന്ന് വീശിയ പ്രതികൂലക്കാറ്റിൽപ്പെട്ട് ഇന്നലെ നഷ്ടത്തിലേക്കു വീണ ഇന്ത്യൻ ഓഹരികൾ ഇന്ന് കരകയറാനുള്ള വെമ്പലിലാണ്.
അതേസമയം, ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 20 പോയിന്റ് താഴ്ന്നാണ് വ്യാപാരം ചെയ്തത്. സെൻസെക്സിനും നിഫ്റ്റിക്കും ഇതു നൽകുന്നത് ശുഭ സൂചനയല്ല.
ഇന്നലെ സെൻസെക്സ് 503 പോയിന്റ് താഴ്ന്ന് 85,138ലും നിഫ്റ്റി 143 പോയിന്റ് നഷ്ടവുമായി 20,632ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ജാപ്പനീസ് ബോണ്ട് സൃഷ്ടിച്ച പ്രതിസന്ധി, ബിറ്റ്കോയിൻ ഉൾപ്പെടെ ക്രിപ്റ്റോകറൻസികൾ നേരിട്ട തളർച്ച എന്നിവയായിരുന്നു ഇന്നലെ ആഗോളതലത്തിൽ ഓഹരികളെ നിരാശയിലാഴ്ത്തിയത്.
എന്നാൽ, ബിറ്റ്കോയിൻ വില വീണ്ടും 90,000 ഡോളറിലേക്ക് തിരിച്ചെത്തിയതും യുഎസ് ഓഹരികളുടെ കരകയറ്റവും ഇന്ന് നേട്ടത്തിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷകളുണ്ട്. ബിറ്റ്കോയിൻ പിന്നീട് വീണ്ടും നേരിയ നഷ്ടം നേരിട്ടു.
യുഎസ് ഫെഡ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത ശക്തമായത് ഓഹരികൾക്ക് കരുത്താവുന്നുണ്ട്.
യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.25%, നാസ്ഡാക് 0.59%, ഡൗ ജോൺസ് 0.39% എന്നിങ്ങനെ ഉയർന്നു. സ്റ്റോക്ക് ഫ്യൂച്ചേഴ്സും പച്ചപുതച്ചു.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.76%, ദക്ഷിണ കൊറിയയുടെ കോസ്പി 1.06% എന്നിങ്ങനെ ഉയർന്നു. കൊറിയൻ ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞപാദത്തിൽ 1.7ൽ നിന്ന് 1.8 ശതമാനമായി ഉയർന്നു.
വ്യവസായരംഗത്ത് ഞെരുക്കത്തിലായ ചൈനയിൽ ഷാങ്ഹായ് സൂചിക നേരിയ നഷ്ടത്തിലാണുള്ളത്. ഹോങ്കോങ് സൂചിക 0.63% താഴ്ന്നു.
ഇന്ത്യയിൽ റിസർവ് ബാങ്ക് ഡിസംബർ 5ന് പ്രഖ്യാപിക്കുന്ന പണനയത്തിലേക്കാണ് വിപണിയുടെ ഉറ്റുനോട്ടം.
റീപ്പോനിരക്ക് 0.25% കുറയ്ക്കുമെന്ന പ്രതീക്ഷകളുണ്ട്. എന്നാൽ, ചിലർ ഇതിനെ തള്ളുകയാണ്.
ജിഡിപി വളർച്ചനിരക്ക് പ്രതീക്ഷിച്ചതിലും അധികമാണെന്നിരിക്കേ പലിശനിരക്ക് ധൃതിപിടിച്ച് താഴ്ത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് അവർ വാദിക്കുന്നു.
സ്വർണവില താഴ്ന്നു, എണ്ണയും ചുവന്നു
ലാഭമെടുപ്പ് സമ്മർദമുള്ളതിനാൽ രാജ്യാന്തര സ്വർണവില താഴ്ന്നു.
ഔൺസിന് 14.36 ഡോളർ താഴ്ന്ന് 4,227.09 ഡോളറിലാണ് വില ഇപ്പോഴുള്ളത്. കേരളത്തിലും ഇന്നും വില കുറയുമെന്ന സൂചന ഇതു നൽകുന്നു.
അതേസമയം, ഡോളറിനെതിരെ രൂപ റെക്കോർഡ് താഴ്ചയിലായത് ആഭ്യന്തര സ്വർണവില ഇടിവിന്റെ ആക്കംകുറയ്ക്കും. ഇന്നലെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരുവേള 90ലേക്ക് ഇടിഞ്ഞിരുന്നു.
ചരിത്രത്തിലാദ്യമാണത്. വ്യാപാരാന്ത്യത്തിൽ മൂല്യം 89.96.
ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടത്തിലാണ്.
ഇന്നലെ നേരിയ നേട്ടം സ്വന്തമാക്കിയ വില ഇപ്പോഴുള്ളത് നേരിയ നഷ്ടത്തിൽ. ബ്രെന്റ് വില ബാരലിന് 0.30% ഡോളർ താഴ്ന്ന് 62.26 ഡോളറിലെത്തി.
ഡബ്ല്യുടിഐ വിലയുള്ളത് 0.29% താഴ്ന്ന് 58.47 ഡോളറിൽ.
ശ്രദ്ധയിൽ ഇവർ
∙ മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്യുവി ഇ-വിറ്റാര വിപണിയിൽ അവതരിപ്പിച്ചു. പുതുവർഷത്തിന്റെ തുടക്കത്തിലായിരിക്കും വിൽപന തുടങ്ങുക.
5-സ്റ്റാർ ഭാരത് എൻകാപ് സുരക്ഷാ റേറ്റിങ്ങും സ്വന്തമാക്കിയാണ് ഈ ഇ-കാറിന്റെ വരവ്.
∙ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 117.52 കോടി രൂപ പിഴ. സിജിഎസ്ടി കൊച്ചി കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണർ ഓഫ് സെൻട്രൽ ടാക്സ് ആൻഡ് എക്സൈസ് ആണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച പിഴയിട്ടത്.
ഇതിനെ നിയമപരമായി നേരിടുമെന്ന് കമ്പനി വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

