ശബരിമല ∙ 3 ദിവസത്തെ ഇടവേളയ്ക്കുശേഷം സന്നിധാനം വീണ്ടും തീർഥാടകരുടെ തിരക്കിലമർന്നു. ഇന്നലെ വൈകിട്ട് 7 വരെ പമ്പയിൽനിന്നു മല കയറിയത് 80,328 തീർഥാടകർ.പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞു നട
അടയ്ക്കുന്നതു വരെ പതിനെട്ടാംപടി വലിയ നടപ്പന്തലിൽ ഒരു വരി മാത്രമായിരുന്നു ക്യൂ ഉണ്ടായിരുന്നത്. എന്നാൽ, ഉച്ചയ്ക്കുശേഷം തുടങ്ങിയ തീർഥാടക പ്രവാഹം രാത്രിയിലും ഒരുപോലെ തുടരുകയാണ്.
പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി ഭാഗത്തേക്ക് നീണ്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദർശനത്തിനുള്ള തിരക്കു കുറഞ്ഞത്. ശനിയും ഞായറും ഇത് തുടർന്നു.
തീർഥാടനം തുടങ്ങി 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു. എഡിജിപി എസ്.ശ്രീജിത്ത് സന്നിധാനത്ത് എത്തി പൊലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.
തീർഥാടകർക്കുള്ള ദേവസ്വം ബോർഡ് അന്നദാനത്തിൽ ഇന്ന് ഉച്ചമുതൽ കേരളീയ സദ്യ നൽകാനുള്ള തീരുമാനം ബോർഡ് അംഗങ്ങളുടെ തർക്കത്തെ തുടർന്നു നീട്ടി.
5ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിനുശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി മാത്രമാണ് സദ്യ തുടങ്ങുക.
ബുക്കു ചെയ്തവർ തീയതി മാറി എത്തുന്നത് ബുദ്ധിമുട്ട്; എഡിജിപി എസ്.ശ്രീജിത്ത്
വെർച്വൽ ക്യൂ ബുക്കു ചെയ്തവർ അതിൽനിന്നു മാറി മറ്റൊരുദിവസം എത്തുന്നതു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി എഡിജിപി എസ്.ശ്രീജിത്ത്. അനുവദിച്ച തീയതി മാറിവരുമ്പോൾ തിക്കുംതിരക്കും കൂടുന്നു.
ഇത് അനുവദിക്കാൻ കഴിയില്ല. 2 ദിവസം മാത്രമാണ് തിരക്കു കുറഞ്ഞത്.
കണക്കുകൾ പരിശോധിച്ചപ്പോൾ 15 ദിവസം പിന്നിട്ടപ്പോഴേക്കും കഴിഞ്ഞ വർഷത്തേക്കാൾ 3 ലക്ഷം തീർഥാടകർ കൂടുതൽ എത്തി. ആദ്യത്തെ 10 ദിവസം 2.30 ലക്ഷം തീർഥാടകർ കൂടുതലായിരുന്നു.
ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ വർധനയുണ്ട്.
15 ദിവസത്തെ വരുമാനം 92 കോടി രൂപ, കഴിഞ്ഞ വർഷത്തേക്കാൾ 23 കോടി കൂടുതലാണ് കിട്ടിയത്. ദിവസം പരമാവധി 90,000 പേർക്കാണ് ദർശനത്തിന് അവസരമെന്നും കൂടുതൽ പേരെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

