കൊല്ലം ∙ കഴിഞ്ഞ അധ്യയന വർഷത്തെ മൂല്യനിർണയത്തിന്റെ പ്രതിഫലം ലഭിക്കാതെ ഹയർ സെക്കൻഡറി അധ്യാപകർ. ഉത്തരക്കടലാസ് പരിശോധനയും ഫലപ്രഖ്യാപനവും കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിഫലത്തിന്റെ കാര്യത്തിൽ വകുപ്പ് ഒളിച്ചുകളി തുടരുകയാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ മേയ് വരെയാണ് ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാംപുകൾ നടന്നത്.
പ്ലസ് വൺ ഇംപ്രൂവ്മെന്റ്, ഒന്നും രണ്ടും വാർഷിക പരീക്ഷ, പുനർമൂല്യനിർണയം എന്നിങ്ങനെയായിരുന്നു മൂല്യനിർണയം നടന്നത്.
സംസ്ഥാനത്ത് ആകെ നടന്ന 89 ക്യാംപുകൾക്കായി കോടിക്കണക്കിന് രൂപയാണ് നൽകാനുള്ളത്. അവധിക്കാലത്തു കിലോമീറ്ററുകളോളം സഞ്ചരിച്ചു ജോലി ചെയ്ത അധ്യാപർക്കാണു വേതനം ലഭിക്കാതിരിക്കുന്നത്.ഉത്തരക്കടലാസ് പരിശോധനയ്ക്കും പരീക്ഷാ നടത്തിപ്പിനുമായി ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്ന് ഫീസ് വാങ്ങാറുണ്ട്. പ്ലസ് വൺ വിദ്യാർഥി 240 രൂപയും പ്ലസ് ടു വിദ്യാർഥി 270 രൂപയും ഒന്നാം വർഷത്തെ പരീക്ഷ ഇംപ്രൂവ് ചെയ്യുന്ന വിദ്യാർഥി ഓരോ വിഷയത്തിനും 175 രൂപ വീതവുമാണ് നൽകുന്നത്.
2026 മാർച്ചിലെ പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കേണ്ട സമയം ഇപ്പോൾ കഴിഞ്ഞിട്ടും കഴിഞ്ഞ വർഷത്തെ വേതനം വിതരണം ചെയ്യാൻ നടപടികളുണ്ടായിട്ടില്ല.കഴിഞ്ഞ വർഷത്തെ ചോദ്യപ്പേപ്പർ തയാറാക്കാൻ എറണാകുളത്തേക്ക് വന്ന ജില്ലാ ചീഫുമാർക്കോ ചെയർപഴ്സൻമാർക്കോ യാത്രാബത്ത പോലും അനുവദിച്ചിട്ടില്ല.
അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രായോഗിക പരീക്ഷയുടെ ചെയർപഴ്സൻ, ചീഫ് എന്നീ നിയമനങ്ങളിലേക്കു താൽപര്യമുള്ള അധ്യാപകരെ കഴിഞ്ഞ മാസം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
മതിയായ അധ്യാപകരെ കിട്ടാത്ത പക്ഷം താൽപര്യമില്ലാത്ത അധ്യാപകരെയും നിയമിക്കുമെന്നും സർക്കുലറിലുണ്ടായിരുന്നു. സ്വയം ചെലവെടുത്ത് യാത്ര ചെയ്തു ജോലി ഏറ്റെടുക്കാൻ അധ്യാപകർ തയാറായേക്കില്ലെന്ന് വ്യക്തമായതോടെയാണ് ഇത്തരത്തിലുള്ള പരാമർശം സർക്കുലറിൽ ഉൾപ്പെടുത്തിയതെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

