അമ്പലപ്പുഴ ∙ കഴിഞ്ഞ വർഷം ഡിസംബർ 2ന് വാഹനാപകടത്തിൽ മരിച്ച സഹപാഠികളായ 6 എംബിബിഎസ് വിദ്യാർഥികളുടെ ഓർമ ഇനി ടി.ഡി മെഡിക്കൽ കോളജിന്റെ സെൻട്രൽ ലൈബ്രറിയിലെ നിത്യസാന്നിധ്യമാകുന്നു. നാടിനെ കണ്ണീരിലാഴ്ത്തിയ അപകടത്തിന്റെ ആദ്യ വാർഷിക ദിനത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ലൈബ്രറി ഹാളിൽ ഇവരുടെ ചിത്രങ്ങൾ അനാഛാദനം ചെയ്യുന്നത്.
അപകടത്തിനു രണ്ടു മാസം മുൻപ് വൈറ്റ് കോട്ട് ചടങ്ങിൽ എടുത്ത ചിത്രങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
2024 ഡിസംബർ 2ന് ആലപ്പുഴ കളർകോട് ജംക്ഷനു സമീപമാണു വിദ്യാർഥികൾ സഞ്ചരിച്ച കാറും എതിരെ വന്ന കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആൽവിൻ ജോർജ്, മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് ഷാജി, പി.പി.മുഹമ്മദ് ഇബ്രാഹിം, ബി.ദേവനന്ദൻ, ശ്രീദീപ് വത്സൻ എന്നിവരാണ് ഓർമയായത്.
രാത്രി 9.20ന് ആയിരുന്നു അപകടം. പരീക്ഷ കഴിഞ്ഞതിനു ശേഷം സഹപാഠികൾ ചേർന്ന് ആലപ്പുഴയിൽ സിനിമ കാണാൻ പോകുകയായിരുന്നു. ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട
കാറിലേക്ക് ബസ് ഇടിച്ചു കയറി. 5 പേർ അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
കോളജ് പിടിഎയും, കോളജ് യൂണിയനും ചേർന്നു നാളെ രാവിലെ 10ന് ലൈബ്രറി ഹാളിൽ അനുസ്മരണ സമ്മേളനം നടത്തും.
വിദ്യാർഥികളുടെ ചിത്രങ്ങൾക്കു മുന്നിൽ പുഷ്പാർച്ചനയ്ക്കു ശേഷം പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. വിദ്യാർഥികളുടെ ഓർമയ്ക്കായി കോളജ് വളപ്പിൽ വൃന്ദാവനം എന്ന പേരിൽ പൂന്തോട്ടം ഒരുക്കും. ഇവിടെ, മരിച്ച വിദ്യാർഥികളുടെ രക്ഷിതാക്കൾ 6 പ്ലാവിൻ തൈകൾ നടും.
കൂടാതെ 1000 ഔഷധ ചെടികളും നടും. ഇവയുടെ പരിപാലനം വിദ്യാർഥികൾ നടത്തും.
വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലെ പഠനമുറി അവരുടെ ഓർമയ്ക്കായി ഹൊറൈസൻ പേരിൽ പിടിഎ ശീതീകരിച്ച് നവീകരിച്ചു കഴിഞ്ഞു.
സാമ്പത്തിക സഹായം ലഭിക്കാതെ കുടുംബങ്ങൾ
മരിച്ച ആറു പേരുടെയും കുടുംബാംഗങ്ങൾ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണ്. നാളിതുവരെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും കുടുംബങ്ങൾക്ക് അനുവദിച്ചിട്ടില്ല.
അപകടം അറിഞ്ഞു സ്ഥലത്തെത്തിയ മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും ചേർന്നു നടത്തിയ പ്രഖ്യാപനം യാഥാർഥ്യമായില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹമായ സാമ്പത്തിക സഹായം നൽകുമെന്നാണ് അവർ പ്രഖ്യാപിച്ചത്.
ഇതു സംബന്ധിച്ച് പിടിഎ മന്ത്രിമാർക്കു നിവേദനം നൽകിയിട്ടും ഒരു തീരുമാനവും മന്ത്രിസഭയിൽ നിന്ന് ഉണ്ടായില്ല. വൈകിയെങ്കിലും സാമ്പത്തിക സഹായം പ്രതീക്ഷിച്ചു കഴിയുകയാണു കുടുംബം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

