കോട്ടയം ∙ തിരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം. അവസാന ഘട്ട
പ്രചാരണത്തിലേക്ക് മുന്നണികൾ. ബൂത്ത്, വാർഡ്തല കൺവൻഷനുകൾ മുന്നണികൾ പൂർത്തിയാക്കി.
പാർട്ടി വോട്ടുകൾ ഉറപ്പിച്ചും ചാഞ്ചാട്ടമുള്ള വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ച് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലുമാണ് സ്ഥാനാർഥികൾ. ലഭിക്കാൻ സാധ്യതയുള്ള വോട്ടുകളുടെ കണക്കും മുന്നണികൾ തയാറാക്കികഴിഞ്ഞു.
ഇന്നു മുതൽ റോഡ് ഷോകളും ഗൃഹസമ്പർക്കവും വാഹന പ്രചാരണ റാലിയും നടത്താനാണു മുന്നണികളുടെ തീരുമാനം.
യുഡിഎഫ്
പ്രചാരണത്തിനു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേതാക്കളായ കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ നേതൃത്വം നൽകും. കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിൽ കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ എത്തും.
ഈരാറ്റുപേട്ടയിൽ യുഡിഎഫ് കൺവൻഷൻ ഇന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരിപാടി ജില്ലയിലുടനീളം നടത്താനാണ് തീരുമാനം.
പ്രചാരണം അവസാനിക്കുന്ന 2 ദിവസങ്ങളിൽ വീടുകയറി മാതൃകാ ബാലറ്റ് പേപ്പറും സ്ലിപ്പും നൽകും. ഇന്നു മുതൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർമാരുടെ വാഹനപര്യടനം തുടങ്ങും.
ഇന്നു വൈകിട്ട് 5നു അതിരമ്പുഴ ജംക്ഷനിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ നയിക്കുന്ന ഗാനമേള നടക്കും.
എൽഡിഎഫ്
പരമാവധി വോട്ടർമാരെ നേരിൽകണ്ടുള്ള പ്രചാരണം നടത്താനാണ് എൽഡിഎഫ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരിട്ടെത്തി ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി.
സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ.വാസവൻ, ജില്ലാ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്നു.
ഗൃഹസന്ദർശനവും കുടുംബ സദസ്സുകളും സംഘടിപ്പിച്ച് വോട്ടർമാരെ കണ്ട് വോട്ട് തേടുകയാണ് മുന്നണി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം 3ന് ഉച്ചകഴിഞ്ഞ് വൈക്കത്തു പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
കേരള കോൺഗ്രസ് (എം) ന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ വാഹനപര്യടനം ഇന്നു തുടങ്ങും.
എൻഡിഎ
എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനു സംസ്ഥാനതല നേതാക്കളെത്തും. ഇന്നു വൈകിട്ട് 5നു മണർകാട് കാവുംപടിയിൽ നിന്നു മണർകാട് കവല വരെ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം നേതൃത്വം നൽകുന്ന റാലി നടക്കും. മേഖലയിലെ സ്ഥാനാർഥികൾ റാലിയിൽ പങ്കെടുക്കും.
പ്രകടന പത്രിക, മാതൃക ബാലറ്റ് പേപ്പർ, സ്ലിപ്പുകൾ എന്നിവയും നൽകി തുടങ്ങി. വാഹന പ്രചാരണ ജാഥകൾ നടന്നുവരികയാണ്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രചാരണത്തിനായി ഈ ആഴ്ചയെത്തും.
എങ്ങനെയെങ്കിലും വരണേ, വോട്ട് ചെയ്യണേ !
നേരിയ വോട്ടുകൾക്കു മുൻപു തോൽവി നേരിട്ട വാർഡുകളിൽ ഇത്തവണ വിജയമുറപ്പിക്കാൻ ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിനു പുറത്തു ജോലി ചെയ്യുന്നവരെയും പഠനം നടത്തുന്നവരെയും ഏതുവിധേനയും നാട്ടിലെത്തിക്കാനാണ് മുന്നണികളുടെ ശ്രമം.
ബെംഗളൂരുവിൽനിന്നു ബസിൽ എത്താനുള്ള ചെലവ് വരെ നൽകാമെന്നു വാഗ്ദാനം ചെയ്താണ് രാഷ്ട്രീയ നേതൃത്വം വോട്ടുറപ്പിക്കാൻ ശ്രമം നടത്തുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നു പെട്ടെന്നു വന്നു പോകാൻ കഴിയുന്നവരുടെ പട്ടികയും ഫോൺ നമ്പറുകളും പാർട്ടി നേതൃത്വം സംഘടിപ്പിച്ചു കഴിഞ്ഞു. ഇവരെ ഫോണിൽ വിളിച്ചും വാട്സാപ്പിൽ സന്ദേശം അയച്ചും വോട്ട് തേടിയിരിക്കുകയാണ് മുന്നണികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

