ആശയങ്ങളുടെ പലപുഴ ഒഴുകിയെത്തി; സുഭാഷ് പാർക്കിലെ ഹോർത്തൂസ്വേദി നിറങ്ങൾ ചാലിച്ചൊരു വർണക്കടലായി. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും വെള്ളിത്തിരയിലെയും വിസ്മയതാരങ്ങൾ പ്രഭചൊരിഞ്ഞു.
നേതാക്കൾ നിലപാടുകളുടെ മൂർച്ചയളന്നു. വായനക്കാരനും എഴുത്തുകാരനും പരസ്പരമറിഞ്ഞു.
മെട്രോ നഗരം ഹോർത്തൂസിനെ ഏറ്റെടുത്തെന്നു തെളിയിക്കുന്ന ജനസഞ്ചയമാണു ഇന്നലെ സുഭാഷ് പാർക്കിലേക്ക് ഒഴുകിയെത്തത്.
കമൽഹാസനും മഞ്ജു വാരിയരും റഹ്മാനും നദിയ മൊയ്തുവും പ്രകാശ് രാജും നിഖില വിമലുമെല്ലാം താരപ്രഭ ചൊരിഞ്ഞ വേദിയിൽ ശശി തരൂരും ഇ.പി.ജയരാജനും ഷാഫി പറമ്പിലും എൻ.കെ പ്രേമചന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ നിലപാടുകളുടെ രാഷ്ട്രീയം പറഞ്ഞു. ആനന്ദും മുകുന്ദനും കെ.ആർ.മീരയും എഴുത്തുവഴികളിലേക്കുള്ള വാതിൽ തുറന്നു.
ഫോക് ഫ്യൂഷൻ ബാൻഡ് ഇന്ത്യൻ ഓഷൻ തീർത്ത ത്രസിപ്പിക്കുന്ന പാട്ടിന്റെ കടലിരമ്പം നഗരരാവിൽ ആവേശമായി അലടയിച്ചു. ഹോർത്തൂസിന്റെ 6 വേദികളിലും പുസ്തകശാലയിലും ആൾക്കടലിരമ്പി.
നെയ്തൽ വേദിയിൽ കഥകൾ മുഴങ്ങിയപ്പോൾ ‘മരുത’ത്തിൽ നിന്ന് ഉയർന്നത് പാട്ടും പാട്ടുവർത്തമാനവും. മുല്ലൈ, പാലൈ, കുറിഞ്ചി വേദികളും പരിസരവും സാഹിത്യ,രാഷ്ട്രീയ വിഷയങ്ങളിൽ നിറഞ്ഞു.
ഹോർത്തൂസ് തിയറ്റർ, വർക് ഷോപ്, ചിൽഡ്രൻസ് പവിലിയൻ, ഷെഫ് സ്റ്റുഡിയോ എന്നിവിടങ്ങളിലെ പരിപാടികൾക്കും നിറഞ്ഞ സദസ്സ് സാക്ഷിയായി.നേരം വൈകുമ്പോൾ ഉയരുന്ന ജനത്തിരക്കിനൊപ്പം അതിഥികളും ആവേശത്തിലായി.
ഉലകനായകനും മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറും ഹായ് ചെല്ലം വിളിയുമായി പ്രകാശ് രാജും ആവേശത്തിനു മാറ്റുകൂട്ടി. ചായയും ചർച്ചയുമായി ഓരോ മരച്ചോട്ടിലും കുടുംബങ്ങളും ഒത്തുചേർന്നു. ഫാഷനും ട്രെൻഡും സ്വാതന്ത്ര്യവും ഒന്നുചേർന്ന ഹോർത്തൂസ് അവസാന ദിവസത്തിലേക്ക്.
ഇന്നു നടൻ മോഹൻലാൽ അടുത്ത ഹോർത്തൂസിന്റെ പ്രഖ്യാപനം നടത്തും.
എ – എന്നയാൾ ബി – യെ കൊന്നു;സി – നോക്കിനിന്നു
കഥാപാത്രത്തിന്റെ ജാതിയെഴുതാൻ ഭയപ്പെടുന്ന കാലമാണിതെന്നു കുറ്റാന്വേഷണ നോവലെഴുത്തുകാരൻ ബാറ്റൺ ബോസ്. ഭാവി എഴുത്തുകാർ ‘എ’ എന്നയാൾ ‘ബി’ എന്നയാളെ കൊല്ലുന്നത് ‘സി’ എന്നയാൾ നോക്കിനിന്നു എന്നൊക്കെ എഴുതേണ്ടിവരുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. മനോരമ ഹോർത്തൂസിലെ ‘കോട്ടയം ടു കാർപ്പാത്തിയൻ ഹിൽസ്: മലയാളത്തിന്റ ത്രില്ലർ – കുറ്റാന്വേഷണ സാഹിത്യം’ എന്ന ചർച്ചാവേദിയിലാണു ബാറ്റൺ ബോസ് മനസ്സു തുറന്നത്.
ത്രില്ലർ എഴുത്തുകാരൻ മെഴുവേലി ബാബുജിയാണ് അദ്ദേഹത്തോടു സംവദിച്ചത്.
വിദേശരാജ്യങ്ങൾ പാശ്ചാത്തലമാക്കി നോവലുകൾ രചിക്കാൻ എസ്.കെ.പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങളും ചാരന്മാരുടെ ജീവിതകഥകളും ഒരുപാടു വായിച്ചിട്ടുണ്ട്. മറ്റു മാർഗമുണ്ടായിരുന്നില്ല.
അദ്ദേഹം പറഞ്ഞു. ഡേവിസ് വർഗീസ് എഴുതിയ കുറ്റാന്വേഷണ ത്രില്ലർ ‘കരെഫർ കോൺട്രാക്ട്’ വേദിയിൽ പ്രകാശനം ചെയ്തു.
കഥ കാഴ്ചയാവുമ്പോൾ
സർഗാത്മകമായ ചിന്തകളിൽ സാങ്കേതികമികവിന്റെ തിളക്കംകൂടി ചേരുന്നിടത്താണു കഥ തിരക്കഥയാവുന്നതെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ.ഇന്ദുഗോപൻ പറഞ്ഞു.
പ്രതിഭാശാലികളായ കഥാകാരൻമാരുടെ ഭാവനകളിൽ സാങ്കേതികതയിലെ അറിവുകൂടി സന്നിവേശിക്കുമ്പോഴാണു മികച്ച കഥകൾ മികച്ച കാഴ്ചാനുഭവം പകരുന്ന തിരക്കഥകളായി മാറുന്നത് – ‘കാഴ്ച കൊണ്ടു കഥ പറയുന്നവർ’ എന്ന ചർച്ചയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. എഴുത്തുകാരായ എസ്.ഹരീഷ്, കെ.ഹരികൃഷ്ണൻ, ലാസർ ഷൈൻ എന്നിവരും സംസാരിച്ചു.
ഒരു സ്വരം മാത്രം;യേശുദാസ് !
ദർബാർ ഹാൾ ഗ്രൗണ്ടിൽ ഇന്ന് യേശുദാസ് ആദരസന്ധ്യയിൽ മലയാളിയുടെ ഹൃദയംതൊട്ട ഗാനങ്ങളുമായി പ്രമുഖ ഗായകരെത്തുന്നു.
യേശുദാസ് ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള മ്യൂസിക്കൽ നൈറ്റാണ് അരങ്ങേറുക. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ വിജയ് യേശുദാസ്, വിധു പ്രതാപ്, സുദീപ് കുമാർ, നിഷാദ്, മിഥുൻ ജയരാജ്, സിതാര കൃഷ്ണകുമാർ, ഗായത്രി അശോക്, ജ്യോത്സ്ന, രാജലക്ഷ്മി എന്നിവരാണു ഗാനങ്ങൾ അവതരിപ്പിക്കുന്നത്.
സംഗീത സംവിധായകരായ ശരത്, ദീപക് ദേവ്, ബിജി ബാൽ എന്നിവർ യേശുദാസ് അനുഭവം പങ്കുവയ്ക്കും. ദേവരാജൻ, എം.ബി.ശ്രീനിവാസ്, കെ.രാഘവൻ, ദക്ഷിണാമൂർത്തി, എം.ജി.രാധാകൃഷ്ണൻ, പി.ഭാസ്കരൻ, സലിൽ ചൗധരി, എം.കെ.അർജുനൻ, രവീന്ദ്രൻ, ജോൺസൺ, ഇളയരാജ, രവീന്ദ്ര ജെയ്ൻ, ബാപ്പിലഹരി എന്നിവരുടെ സംഗീതത്തിൽ പുറത്തുവന്ന ഗാനങ്ങളും യേശുദാസിന്റെ ഹിന്ദി, തമിഴ് ഹിറ്റുകളും വേദിയിലെത്തും. എൻ.വി.അജിത്താണു സംഗീതസന്ധ്യ ഒരുക്കുന്നത്.
വനിതാ സംവിധായികയെന്നവിളിപ്പേരിൽ അഭിമാനം
വനിതാ സംവിധായികയെന്നു വിളിച്ചോളൂ, അതിൽ അഭിമാനം മാത്ര’മെന്ന് ഒരേസ്വരത്തിൽ പറഞ്ഞുവച്ചു; ഹോർത്തൂസിൽ ഇന്ത്യൻ സിനിമയുടെ പുതുവഴികൾ (ന്യു ഇന്ത്യൻ സിനിമ) ചർച്ച ചെയ്യാനെത്തിയ സംവിധായകരായ അനുപർണ റോയ്, നിധി സക്സേന, ജെ.ശിവരഞ്ജിനി എന്നിവർ. ‘ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ വനിതാ സംവിധായകരുടെ എണ്ണം തുച്ഛമാണ്, ഏതാണ്ട് 3% മാത്രമെന്ന കണക്കുകളുണ്ട്.
അതിനാൽ സ്ത്രീസംവിധായികയെന്നു വിളിക്കുന്നതിൽ അഭിമാനമാണ്. നോൺ ബൈനറി കലാകാരന്മാർക്കും സ്ത്രീകൾക്കും പിന്തുണ കൂടി വരുന്നതിൽ സന്തോഷമുണ്ട്’ നിധി സക്സേന പറഞ്ഞു.
‘ഈ രംഗത്തു സ്ത്രീകളില്ലാത്തതു കൊണ്ടോ, കുറവായതുകൊണ്ടോ ആണു ജെൻഡർ അടിസ്ഥാനപ്പെടുത്തി ലേബൽ ചെയ്യുന്നതെന്നും ഈ വ്യത്യാസമില്ലാത്ത കാലം വന്നേക്കാമെന്നും ജെ.ശിവരഞ്ജിനി.
അഭിപ്രായപ്പെട്ടു. സിനിമയ്ക്കകത്തെ പുരുഷന്മാരുടെ അധികാരശ്രേണിയും ലിംഗ അസമത്വവും അനുഭവിച്ചിട്ടുള്ള നിലയിൽ തീർച്ചയായും വനിതാ സംവിധായികയെന്ന ഐഡന്റിറ്റി സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അനുപർണ റോയ് വ്യക്തമാക്കി.
നന്ദിനി രാംനാഥ് ചർച്ച നിയന്ത്രിച്ചു.
ഡെസിബെൽ സംഗീത മത്സരവിജയികൾ ‘ഐന്തിണൈ’ക്ക് യാര് എതിർ?
റേഡിയോ മാംഗോ ഡെസിബെൽ സംഗീത മത്സരത്തിൽ ‘ഐന്തിണൈ’ മ്യൂസിക് ബാൻഡ് ഒന്നാം സ്ഥാനം നേടി. ‘മെറ്റാഫോക്സ്’ മ്യൂസിക് ബാൻഡ് രണ്ടാം സ്ഥാനത്തെത്തി അൻപതിനായിരം രൂപ സമ്മാനം നേടി.മ്യൂസിക് ബാൻഡായ ‘ഐ ഗോട്ട് ദ് റോങ് ടാറ്റൂ’ മൂന്നാം സ്ഥാനത്തെത്തി 25,000 രൂപ സമ്മാനം നേടി.
‘986’, ‘ആസ് നൈറ്റ് കോൾസ്’ എന്നീ ബാൻഡുകൾ പ്രോത്സാഹന സമ്മാനങ്ങൾ നേടി.
മനോരമ ഹോർത്തൂസിന്റെ ഭാഗമായാണ് റേഡിയോ മാംഗോ ട്രെൻഡ്സുമായി സഹകരിച്ച് മത്സരം നടത്തിയത്.ട്രെൻഡ്സ് കേരള ഹെഡ് എസ്.രാജേഷ്, ഫാഷൻ ലൈഫ് സ്റ്റൈൽ മാർക്കറ്റിങ് ഹെഡ് ജയദേവൻ ഉണ്ണി, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, റേഡിയോ മാംഗോ സിഇഒ മനോജ് മാത്തൻ എന്നിവർ സമ്മാനങ്ങൾ നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

