കോഴിക്കോട്∙ ഉന്നതവിദ്യാഭ്യാസമുള്ള സ്ത്രീകൾ പോലും വിവാഹ ശേഷം വീട്ടിലേക്ക് ഒതുങ്ങിയ കാലം. എന്നാൽ, വിവാഹശേഷം പൊതുപ്രവർത്തന രംഗത്തേക്ക് പ്രോത്സാഹിപ്പിച്ചു വിട്ടത് ഭർത്താവ് അത്തോളി ചോയിക്കുളത്തെ കാനത്തിൽ വീട്ടിൽ അബ്ദുറഹ്മാന്റെ കുടുംബമാണ്.
അതു പക്ഷേ, വെറുതെയായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പിന്നീട് മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎ വരെയായും വളർന്നു.
കാനത്തിൽ ജമീല യാത്രയാകുമ്പോൾ കാരുണ്യത്തിന്റെ സ്പർശമുള്ള ഒരുപിടി പദ്ധതികളാണ് ഓർമയിൽ ബാക്കിയാകുന്നത്.
കുറ്റ്യാടിയിലെ സ്വന്തം വീട്ടിൽ നിന്ന് അത്തോളി ചോയിക്കുളത്തെ കാനത്തിൽ വീട്ടിൽ എത്തിയ ശേഷം പൊതുപ്രവർത്തനം തുടങ്ങിയ കാനത്തിൽ ജമീല 31ാം വയസ്സിലാണ് സിപിഎം അംഗമാകുന്നത്. കുറ്റ്യാടിയിലെ സ്വന്തം വീട് പാരമ്പര്യമായി സിപിഎം കുടുംബമായിരുന്നെങ്കിലും വിവാഹശേഷമാണ് സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്.
സ്ത്രീകൾക്കിടയിൽ പ്രവർത്തിച്ചു മികവു തെളിയിച്ച ജമീല 31ാം വയസ്സിൽ പാർട്ടി അംഗത്വം നേടി. അധികം വൈകാതെ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആയി.
പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും 2010ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.
രാഷ്ട്രീയ പ്രവർത്തനം എന്നതു സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയായിട്ടാണ് അവർ കണ്ടത്. രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം തന്നെ വീടിനോടു ചേർന്നു കൃഷിയിലും സജീവമായിരുന്നു.
ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കാനത്തിൽ ജമീലയല്ലാതെ നേതൃത്വത്തിനു മുൻപിൽ മറ്റു പേരുകൾ ഉണ്ടായിരുന്നില്ല.
നന്മയുടെ കരുതൽ സ്പർശമുള്ള പദ്ധതികളുമായി കോഴിക്കോടിന്റെ മനസ്സു കീഴടക്കിയ പ്രസിഡന്റായി ജമീല മാറി. 2011ൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരിക്കെ തുടക്കമിട്ട
പദ്ധതിയാണ് സ്നേഹസ്പർശം. ജില്ലയിലെ അനേകം വൃക്കരോഗികൾക്കും കിടപ്പുരോഗികൾക്കും പദ്ധതി കൈത്താങ്ങായി.
നന്മണ്ട ഡിവിഷനിൽ നിന്ന് 8094 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2020ൽ ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ഗ്രാമീണ വികസന മേഖലയിൽ ഒരുപാട് സ്വപ്നങ്ങൾ മനസ്സിലുണ്ടായിരിക്കെയാണ് 2021ൽ അപ്രതീക്ഷിതമായ രാജി. സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാനും അവർക്കു വരുമാനമുണ്ടാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതും വലിയ സ്വപ്നമാണെന്ന് അന്ന് ജമീല വ്യക്തമാക്കിയിരുന്നു.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് യുഡിഎഫിന്റെ എൻ.സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. പൊതുരംഗത്തേക്കു ുവരുന്ന സ്ത്രീകൾക്കു വലിയൊരു മാതൃക വരച്ചു ചേർത്താണ് കാനത്തിൽ ജമീല വിടവാങ്ങുന്നത്.
കബറടക്കം ചൊവ്വാഴ്ച
ചൊവ്വ രാവിലെ വരെ മേയ്ത്ര ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം അവിടെ നിന്ന് നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസായ സി.എച്ച്.കണാരൻ സ്മാരക മന്ദിരത്തിൽ പൊതുദർശനം.
അതിനുശേഷം കൊയിലാണ്ടി ടൗൺ ഹാളിലും ഉച്ചയ്ക്കുശേഷം തലക്കുളത്തൂരിലും പൊതുദർശനമുണ്ടാകും. തുടർന്ന് തലക്കുളത്തൂരിലെ വീട്ടിലേക്കു കൊണ്ടുപോകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

