ആലപ്പുഴ ∙ എല്ലാവരോടും പറഞ്ഞാൽ തീരാത്ത നന്ദി – അപകടത്തെ തുടർന്ന് ആശുപത്രിക്കിടക്കയിൽ വിവാഹിതയായ ശേഷം ആവണിയുടെ ആദ്യ പ്രതികരണം. ആത്മവിശ്വാസം പകർന്നു ഭർത്താവ് ഷാരോൺ അരികിൽ നിന്നു.
ആവണിയുടെ ചികിത്സ നടത്തുന്ന കൊച്ചിയിലെ വിപിഎസ് ലേക്ഷോർ ആശുപത്രിയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് ആവണി പ്രതികരിച്ചത്. എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന ലേക്ഷോറിനെ കുടുംബത്തോടൊപ്പം ചേർത്തുപിടിക്കുകയാണെന്ന് ആവണി പറഞ്ഞു.
വിവാഹ സമ്മാനമായി ചെയർമാൻ ഡോ. ഷംഷീർ വയലിൽ ചികിത്സ സൗജന്യമാക്കിയതിനും എല്ലാവരുടെയും പിന്തുണയ്ക്കും നന്ദി.
സ്പർശനമറിയാതെ, കാലുകൾ അവിടെയുണ്ടെന്നു പോലും തിരിച്ചറിയാത്ത വിധത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്.
വിരലുകൾ പോലും അനക്കാനാകാത്ത എനിക്ക് ഇനി നടക്കാനാകുമോയെന്ന് ഉറപ്പില്ലായിരുന്നു.
എന്നാൽ, ഡോക്ടർമാർ ഉൾപ്പെടെ ആത്മവിശ്വാസം പകർന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഫിസിയോതെറപ്പി തുടങ്ങി.
ഇപ്പോൾ സ്പർശനം തിരിച്ചറിയാനാകുന്നുണ്ട്. വൈകാതെ നടക്കാനാകുമെന്ന് എനിക്ക് ഉറപ്പായി.
അപകടമുണ്ടായതോടെ എന്റെ ചിന്ത മുഴുവൻ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതം പോയി, ഷാരോണിനു കൂടി അതുണ്ടാകരുതെന്നാണു ചിന്തിച്ചത്.
എന്നാൽ, ഷാരോൺ എന്നെ ചേർത്തുപിടിച്ച് ഒപ്പം നിന്നു- ആവണി പറഞ്ഞു.
ആവണിക്ക് അപകടമുണ്ടായെന്ന വിവരം ഞെട്ടലോടെയാണു കേട്ടതെന്നു ഷാരോൺ പറഞ്ഞു. എന്തു സംഭവിച്ചാലും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടെന്ന് ആവണിയെ അറിയിക്കാൻ ഓടിയെത്തുകയായിരുന്നു.
കൂടെയുണ്ടെന്ന ഉറപ്പു നൽകി ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരൻ ധൈര്യം പകർന്നു.
മറ്റു ഡോക്ടർമാർ, ആശുപത്രി മാനേജ്മെന്റ്, ജീവനക്കാർ, ബന്ധുക്കൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു പിന്തുണ നൽകിയ എല്ലാവരോടും നന്ദി – ഷാരോൺ പറഞ്ഞു.
ആവണിക്കു സുഖമായ ശേഷം ചെറിയൊരു വിവാഹ സൽക്കാരം നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. 21നു വിവാഹദിനത്തിൽ വിവാഹാവശ്യത്തിനായി കോട്ടയത്തേക്കു പോയപ്പോഴാണു സഞ്ചരിച്ച കാർ മരത്തിലിടിച്ച് ആവണിയുടെ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റത്.
എങ്കിലും ആശുപത്രി അധികൃതർ മുൻകയ്യെടുത്തതോടെ വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

