തിരുവനന്തപുരം ∙ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നതിൽ ഒരുപോലെ അഭിരമിച്ചാണ് താൻ സിനിമ ചെയ്യുന്നതെന്നും അതിൽ ഒരെണ്ണം മാറ്റിയാൽ ബാലൻസ് തെറ്റുമെന്നും ബാലചന്ദ്രമേനോൻ. ഇനിയും അങ്ങനെയൊരു ടൈറ്റിൽ കാർഡോടെ സിനിമ ചെയ്യാൻ മനസ്സുകൊണ്ട് തയാറെടുക്കുകയാണെന്നും വ്യക്തമാക്കി.
‘സിനിമയിൽ മധുരിക്കും അനുഭവങ്ങൾ ചുരുക്കമാണ്. ഒരു വ്യക്തി ഉയർത്തിയ ലൈംഗിക ആരോപണം തന്നെ ബാധിക്കുന്നില്ല.
മൂത്രപ്പുരയിൽ എഴുതിവയ്ക്കുന്ന അശ്ലീലം വായിച്ചു കളയുന്ന പോലെ തന്നെയാണ് ഇത്. എന്റെ ജീവിതവും സിനിമയും അങ്ങനെയൊന്നല്ല.
അതിനാൽ ആരോപണങ്ങൾ നിഷേധിക്കേണ്ട ബാധ്യത പോലുമില്ല’– അദ്ദേഹം പറഞ്ഞു. സിനിമാജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷവേളയിൽ അദ്ദേഹം പങ്കുവച്ച കൗതുകമുള്ള ചില അനുഭവങ്ങൾ ഇങ്ങനെ.
∙1974ൽ ‘കാമിനി’ എന്ന സിനിമയിലെ കാബറേ രംഗത്തിലാണ് ആദ്യം അഭിനയിക്കുന്നത്.
ചെറിയൊരു വേഷം മാത്രമാണെങ്കിലും തന്റെ അഭ്യർഥന മാനിച്ച് ടൈറ്റിലിൽ പേര് ഉൾപ്പെടുത്തി. 1978ൽ ‘ഉത്രാടരാത്രി’ എന്ന ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ യാദൃച്ഛികമായി അതിന്റെ പൂജ നിർവഹിച്ചത് ഗായകൻ യേശുദാസ് ആയിരുന്നു.
ചെന്നൈ കോടമ്പാക്കത്തു നിശ്ചയിച്ചിരുന്ന പൂജാച്ചടങ്ങിനായി പൂജാരിയെ ഏർപ്പാടാക്കിയെങ്കിലും സമയമായപ്പോൾ വന്നില്ല. പൂജയ്ക്കു പാടാനായി യേശുദാസ് വന്നപ്പോൾ പൂജാരിയില്ല. എന്റെ വിഷമം ചോദിച്ചറിഞ്ഞ അദ്ദേഹം ‘ഞാൻ പൂജിച്ചാൽ മതിയോ’ എന്ന് ചോദിച്ചു.
തേങ്ങയ്ക്കു മുകളിൽ കർപ്പൂരം കത്തിച്ച് പൂജിച്ച ശേഷം തേങ്ങ അദ്ദേഹം തന്നെ എറിഞ്ഞുടച്ചു. കൃത്യം രണ്ടു കഷണമായി മുറിഞ്ഞത് ചൂണ്ടിക്കാട്ടി നല്ല ലക്ഷണമാണെന്നു പറഞ്ഞതും അദ്ദേഹമാണ്.
ആ ശുഭ ലക്ഷണമായിരുന്നു പിന്നീടുള്ള എന്റെ സിനിമാജീവിതം.
∙ സിനിമയ്ക്ക് പേരുകൾ ഇടുന്നത് യാദൃച്ഛികമായാണ്. ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയ്ക്ക് പേരിടാൻ നിമിത്തമായത് ഇപ്പോഴത്തെ മന്ത്രി എ.കെ.ശശീന്ദ്രൻ ആണ്.
രാഷ്ട്രീയക്കാരന്റെ കുടുംബജീവിതം പശ്ചാത്തലമാകുന്ന സിനിമയുടെ കഥയായിക്കഴിഞ്ഞപ്പോൾ രാഷ്ട്രീയ രംഗത്തെ അടുത്ത സുഹൃത്തുക്കളെ അത് പറഞ്ഞു കേൾപ്പിക്കാൻ തിരുവനന്തപുരത്തെ ഹോട്ടലിൽ ഒത്തുചേർന്നു. ജി.കാർത്തികേയനും ശശീന്ദ്രനുമൊക്കെയുണ്ട്.
കഥപറച്ചിൽ നീണ്ട് പുലർച്ചെ രണ്ടരയായപ്പോൾ ശശീന്ദ്രൻ അസ്വസ്ഥനായി. ‘ഇനി എന്തെങ്കിലും കഴിക്കണ്ടേ, നിങ്ങൾ നയം വ്യക്തമാക്കൂ’ എന്ന് അദ്ദേഹം സ്വാഭാവികമായി പറഞ്ഞു.
അതിൽ നിന്നാണ് സിനിമയ്ക്ക് പേരിട്ടത്.
മറ്റൊരു സിനിമയ്ക്ക് അഡ്വാൻസ് വാങ്ങി കുറെനാൾ കഴിഞ്ഞപ്പോൾ നിർമാതാവ് സിനിമ എന്നു തുടങ്ങാനാവും എന്നറിയാൻ മദ്രാസിലെത്തി. 3 ആഴ്ചയ്ക്കകം തുടങ്ങാമെന്ന് പറഞ്ഞപ്പോൾ എങ്കിൽ പേരെങ്കിലും പറയണമെന്നായി. എപ്പോൾ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നു ചോദിച്ചപ്പോൾ വിഷുവിനെന്ന് മറുപടി.
എങ്കിൽ വിഷു വരുന്ന തീയതി കണക്കാക്കി ‘ഏപ്രിൽ 18’ എന്ന പേര് പറഞ്ഞു. പിന്നീടാണ് ആ പേരിന് അനുസരിച്ച് സിനിമയ്ക്ക് കഥയുണ്ടാക്കിയത്.
ഓർമത്തേരിൽ ബാലചന്ദ്ര മേനോൻ
തിരുവനന്തപുരം∙ അര നൂറ്റാണ്ട് നിറയുന്ന ഓർമകളുടെ സിനിമാറ്റിക് അവതരണവും സാക്ഷ്യങ്ങളുമായി നടനും സംവിധായകനുമായി ബാലചന്ദ്ര മേനോന്റെ സിനിമാ ജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിച്ചു.
അദ്ദേഹം രൂപം നൽകിയ ‘ദ് റോസസ് ഫാമിലി ക്ലബ്’ എന്ന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷത്തിൽ അടുത്ത സുഹൃത്തും പഠനകാലം മുതൽ സമകാലികനുമായ നടൻ ജഗതി ശ്രീകുമാർ ആയിരുന്നു മുഖ്യാതിഥി.ഇരുവരുമൊത്തുള്ള ഓർമകൾ ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുമ്പോൾ ജഗതി ആസ്വദിച്ചു കേട്ടിരുന്നു.
നാടക അഭിനയ കാലം മുതലുള്ള ഓർമകൾ ബാലചന്ദ്ര മേനോൻ പങ്കുവച്ചു. പരിപാടി നടന്ന ടഗോർ തിയറ്ററിൽ 1974ൽ അദ്ദേഹം അവതരിപ്പിച്ച ‘സ്യമന്തകം’ നാടകത്തിൽ നായികയായി അഭിനയിച്ച അജിത കുമാരി ഉൾപ്പെടെയുള്ളവർ വേദിയിലെത്തി. 34 വർഷം മുൻപു കുട്ടിയായിരിക്കെ റോസസ് ഫാമിലി ക്ലബ്ബിന്റെ ഉദ്ഘാടനത്തിനു തിരിതെളിച്ച നിർമാതാവ് സന്ദീപ് സേനൻ തന്നെയാണ് ഇന്നലെയും പരിപാടിക്കു നിലവിളക്ക് തെളിച്ചത്.
ഐഡിയൽ സിവിൽ സർവീസ് കപ്പിൾ പുരസ്കാരം എം.ജി.രാജമാണിക്യം–ആർ.നിശാന്തിനി എന്നിവർക്കും ഐഡിയൽ ബിസിനസ് കപ്പിൾ പുരസ്കാരം സുഹാസ്–ഗായത്രി സുഹാസ് ദമ്പതികൾക്കും സമ്മാനിച്ചു.
സുവനീറും പ്രകാശനം ചെയ്തു. നടൻ മുകേഷ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, റോസസ് ക്ലബ് പ്രസിഡന്റ് പി.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

