“മുതലാളിത്തമാണ് മനുഷ്യരാശിയുടെ ഏറ്റവും മോശം സുഹൃത്ത്” ഈവോ മൊറേൽസ് കാൽനൂറ്റാണ്ടുകാലം നിങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഒരുപക്ഷേ മാനസികനില തെറ്റാം, കുടുംബത്തിൽ ഒറ്റപ്പെടാം, ജീവിതം തന്നെ വഴിമുട്ടി എന്ന് തോന്നാം. കൊറിയൻ മധ്യവയസ്കനായ യു മാൻ സു എന്ന വ്യക്തിയുടെ ജീവിതത്തിൽ ഇതെല്ലാമാണ് സംഭവിക്കുന്നത്.
നിലനിൽപ്പിന്റെ അവസാന ആശ്രയമായ തൊഴിലിനുവേണ്ടിയുള്ള പോരാട്ടത്തിൽ എതിരാളികൾ ശത്രുക്കളായി മാറുന്ന കാഴ്ച. ലോകപ്രശസ്ത സംവിധായകൻ പാർക്ക് ചാൻ വൂക്കിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നോ അദർ ചോയ്സ്’ (2025) ഈ നൂറ്റാണ്ടിലെ മനുഷ്യൻ നേരിടുന്ന കടുത്ത പ്രതിസന്ധികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പ്രണയത്തിനുവേണ്ടി ഏതറ്റം വരെയും പോകുന്ന മനുഷ്യർ, തൊഴിലിനുവേണ്ടി എത്രത്തോളം താഴുമെന്ന് ഈ സിനിമയിലൂടെ കണ്ടറിയാം. ഡൊണാൾഡ് വെസ്റ്റ്ലേക്കിന്റെ 1997-ൽ പുറത്തിറങ്ങിയ ‘ദി ആക്സ്’ (The Ax) എന്ന നോവലിനെ ആസ്പദമാക്കിയാണ് പാർക്ക് ചാൻ വൂക് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
‘ഓൾഡ് ബോയ്’ (2003) എന്ന ക്ലാസിക് സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ, ‘നോ അദർ ചോയ്സി’ലൂടെ വീണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. 2025-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം.
ഒരു പേപ്പർ ഫാക്ടറിയിലെ 25 വർഷത്തെ സേവനപാരമ്പര്യമുള്ള, പുരസ്കാരങ്ങൾ നേടിയ മികച്ച തൊഴിലാളിയായിരുന്നു മാൻ സു. എന്നാൽ, ഒരു അമേരിക്കൻ കമ്പനി ഫാക്ടറി ഏറ്റെടുത്തതോടെ, മാൻ സു ഉൾപ്പെടെ നിരവധിപേരെ പിരിച്ചുവിട്ടു.
കാൽനൂറ്റാണ്ടുകാലത്തെ അധ്വാനത്തിന്റെ വില ഒരു നിമിഷം കൊണ്ട് ഇല്ലാതായി. പിരിച്ചുവിടുന്നത് ശിരച്ഛേദം ചെയ്യുന്നതിന് തുല്യമാണെന്ന് അമേരിക്കൻ മുതലാളിമാരോട് മാൻ സു പറയുമ്പോൾ, ‘വേറെ വഴിയില്ല’ (No Other Choice) എന്നായിരുന്നു അവരുടെ മറുപടി.
പിന്നീട് ആ വാക്കുകൾ അയാളുടെ ജീവിതത്തിന്റെ മന്ത്രമായി മാറുന്നു. ജോലി നഷ്ടമായതോടെ ജീവിതത്തിൽ നിന്നുതന്നെ പുറന്തള്ളപ്പെട്ട
അവസ്ഥയിലായി മാൻ സു. മധ്യവർഗ ജീവിതത്തിലെ സുഖസൗകര്യങ്ങളെല്ലാം അയാൾക്ക് അന്യമായി.
സിനിമയുടെ തുടക്കത്തിൽ സന്തോഷവാനായ ഒരു കുടുംബനാഥനെയാണ് നാം കാണുന്നത്. സമ്പത്തല്ല, സമാധാനമുള്ള കുടുംബമാണ് വലുതെന്ന് വിശ്വസിച്ച അയാൾക്ക് തെറ്റുപറ്റുകയായിരുന്നു.
സമ്പത്തുണ്ടെങ്കിൽ മാത്രമേ കുടുംബത്തിൽ സന്തോഷവും സുരക്ഷിതത്വബോധവും നിലനിൽക്കൂ എന്ന് അയാൾ തിരിച്ചറിയുന്നു. ബാല്യകാല ഓർമ്മകൾ നിറഞ്ഞ വീട്, ഭാര്യയുടെ സ്പോർട്സ് ക്ലാസുകൾ, മക്കൾ ഓമനിച്ചുവളർത്തിയ നായ്ക്കൾ, നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ തുടങ്ങി എല്ലാം ‘സ്ഥിരവരുമാനം’ എന്ന ബലൂണിലാണ് നിലനിന്നിരുന്നത്.
ആ ബലൂൺ പൊട്ടിയതോടെ ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അരക്ഷിതാവസ്ഥയും തലപൊക്കി. തനിക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടമാകും മുൻപ്, അയാൾക്ക് മുന്നിൽ മറ്റൊരു വഴിയില്ലാതായി.
തനിക്ക് ലഭിക്കേണ്ട ജോലിക്ക് തന്നേക്കാൾ യോഗ്യരായവരെ ഇല്ലാതാക്കുക.
അതിനായി, വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത സൈനികനായ അച്ഛന്റെ തോക്ക് അയാൾ കയ്യിലെടുത്തു. ചാപ്ലിന്റെ ‘മോഡേൺ ടൈംസ്’, ബോങ് ജൂൻ ഹോയുടെ ‘പാരസൈറ്റ്’ തുടങ്ങിയ സിനിമകൾ ഈ ചിത്രം കാണുമ്പോൾ ഓർമ്മവരും.
എന്നാൽ ‘നോ അദർ ചോയ്സ്’ ഈ കഥയിൽ മാത്രം ഒതുങ്ങുന്നില്ല. മാൻ സുവിന്റെ ഭാര്യ, മകൻ, അയാൾ കൊല്ലാനിറങ്ങുന്ന മനുഷ്യർ എന്നിങ്ങനെ സിനിമയ്ക്ക് നിരവധി അടരുകളുണ്ട്.
ഈ മുതലാളിത്ത ലോകത്ത് അതിജീവിക്കാൻ നാം എന്തൊക്കെ ചെയ്യണം എന്ന സുപ്രധാനമായ ചോദ്യമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്. നിങ്ങൾക്ക് നേരിട്ട് പരിചയമില്ലാത്തവർ പോലും നിങ്ങളുടെ ശത്രുക്കളായി മാറുന്ന വിചിത്രമായ സാഹചര്യം.
തൊഴിലിൽ മികവില്ലാത്തവരും ഈ ലോകത്ത് ജീവിക്കാൻ അർഹരാണെന്ന് സിനിമയുടെ അവസാനത്തിൽ മാനേജരായി ജോലി ചെയ്യുന്ന മാൻ സു നമ്മെ ഓർമ്മിപ്പിക്കുന്നു. നിർമ്മിതബുദ്ധി (AI) എല്ലാം നിയന്ത്രിക്കുന്ന ഒരു ഫാക്ടറിയിൽ, അതെല്ലാം നോക്കിനടത്തുക മാത്രമാണ് അയാളുടെ ജോലി.
അവിടെ അയാൾ തനിച്ചാണ്. പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകളിലേക്ക് മാറാൻ കഴിയാതെ വരുന്ന മധ്യവയസ്കർ നേരിടുന്ന പ്രതിസന്ധികൾ നമ്മുടെ സമൂഹത്തിലും വ്യക്തമാണ്.
യന്ത്രങ്ങൾ മാറുന്നതിനനുസരിച്ച് മനുഷ്യനും മാറിയില്ലെങ്കിൽ നിലനിൽപ്പ് തന്നെ അപകടത്തിലാകും. മുതലാളിത്ത ലോകത്ത് മനുഷ്യത്വം പ്രതീക്ഷിക്കരുതെന്ന് പാർക്ക് ചാൻ വൂക് പറയാതെ പറയുന്നു.
നാം ജീവിക്കുന്ന ലോകത്തിന്റെ ഒരു പരിച്ഛേദമാണ് ‘നോ അദർ ചോയ്സ്’. അസംബന്ധവും ബ്ലാക്ക് കോമഡിയും ചേർന്ന ഒരു വിഭാഗത്തിലാണ് ഈ സിനിമയെ ഉൾപ്പെടുത്താനാവുക.
നായകൻ ചെയ്യുന്ന ക്രൂരകൃത്യങ്ങൾ കാഴ്ചക്കാരിൽ ചിരിയുണർത്താമെങ്കിലും, അയാളുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ അത് അതിജീവനത്തിനായുള്ള തീവ്രമായ വേദനയും നിസ്സഹായതയുമാണ്. ഒരു സാധാരണ മനുഷ്യനെ തൊഴിലിനുവേണ്ടി ഒരു പിശാചാക്കി മാറ്റാൻ നിലവിലെ സാമൂഹിക വ്യവസ്ഥയ്ക്ക് എങ്ങനെ കഴിയുന്നുവെന്ന് ചിത്രം വരച്ചുകാട്ടുന്നു.
യന്ത്രങ്ങളെ നിയന്ത്രിക്കാൻ മറ്റൊരു യന്ത്രമായ നിർമ്മിതബുദ്ധി വരുമ്പോൾ മനുഷ്യൻ തൊഴിലിനായി എവിടെപ്പോകും? അവസാനത്തെ മനുഷ്യനെയും കൊല്ലാൻ തയ്യാറാകുമോ? അതോ യന്ത്രങ്ങളെ കൊല്ലാൻ പഠിക്കണമോ? യന്ത്രങ്ങളുടെ യുഗത്തിൽ മനുഷ്യൻ യന്ത്രമായി മാറുകയല്ലാതെ മറ്റെന്ത് വഴിയാണുള്ളത്? ഈ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് സിനിമ അവസാനിക്കുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

