കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോസ്റ്റിങ് ഓർഡർ ലഭിച്ച മുഴുവൻ പോളിങ് ഉദ്യോഗസ്ഥരും ഇ-ഡ്രോപ് വെബ്സൈറ്റിൽ വ്യക്തിഗത ലോഗിൻ മുഖേന ഫോട്ടോ അപ് ലോഡ് ചെയ്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണമെന്നു മാൻപവർ മാനേജ്മെന്റ് നോഡൽ ഓഫിസർ എഡിഎം കെ.ദേവകി അറിയിച്ചു. edrop.sec.kerala.gov.inൽ പോസ്റ്റിങ് ഓർഡർ ലിങ്ക് ഉപയോഗിച്ച് മൊബൈൽ നമ്പർ വെരിഫൈ ചെയ്യണം.
തുടർന്നു ലോഗിൻ പേജിൽ യൂസർ നെയിമായി മൊബൈൽ നമ്പറും പാസ് വേഡായി Nic*123 പാസ്വേഡ് നൽകി ലോഗിൻ ചെയ്യണം.
ആദ്യ ലോഗിനു ശേഷം ചേഞ്ച് പാസ്വേഡ് ഓപ്ഷൻ ഉപയോഗിച്ച് ഇ-മെയിൽ ഐഡി ഉൾപെടെ ആവശ്യമായ വിവരങ്ങൾ നൽകി പാസ്വേഡ് പുതുക്കണം. പുതുക്കിയ പാസ് വേഡ് ഉപയോഗിച്ച് ന്യൂ ലോഗിൻ ചെയ്ത് ഫോട്ടോ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാം.
അപ് ലോഡ് ചെയ്യുന്ന ഫോട്ടോയാണ് ഐഡി കാർഡിൽ പ്രിന്റ് ചെയ്യുക. ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കു ഫോർഗോട് പാസ്വേഡ് ഓപ്ഷൻ ഉപയോഗിച്ച് പുതിയ പാസ്വേഡ് രൂപപ്പെടുത്തി വീണ്ടും ലോഗിൻ ചെയ്യാം.
ഫ്ലാഷ് മോബുമായി ഡോൺ ബോസ്കോ|
ബത്തേരി ∙ തിരഞ്ഞെടുപ്പിനു ഹരിത മാനദണ്ഡം ഉറപ്പാക്കാൻ ശുചിത്വ മിഷന്റെ സഹകരണത്തോടെ ബത്തേരി ഡോൺ ബോസ്കോ കോളജ് വിദ്യാർഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പു ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിൾ, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണമായി ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ബത്തേരി പഴയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾ, അധ്യാപകർ, ജില്ലാ ശുചിത്വ മിഷൻ ജീവനക്കാർ, സമ്മതിദായകർ എന്നിവർ പങ്കെടുത്തു.
സസ്പെൻഡ് ചെയ്തു
കൽപറ്റ ∙ വെള്ളമുണ്ട
പഞ്ചായത്ത് മംഗലശേരി വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന ഷൈജി ഷിബുവിനെ കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക് അറിയിച്ചു.
തൃണമൂൽ പിന്തുണ യുഡിഎഫിന്
പുൽപള്ളി ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് യുഡിഎഫിന് പിന്തുണ നൽകും. ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എം.ജോർജ് അറിയിച്ചു.
മത്സരത്തിൽനിന്നു പിൻവാങ്ങി
പുൽപള്ളി ∙ പനമരം ബ്ലോക്ക് പഞ്ചായത്ത് ആനപ്പാറ ഡിവിഷനിൽ പത്രിക നൽകിയ ചേകാടിയിലെ പഞ്ചായത്തംഗം രാജു തോണിക്കടവ് മത്സരത്തിൽ നിന്നു പിൻവാങ്ങി.
യുഡിഎഫ് സ്ഥാനാർഥി ഡിസിസി ജനറൽ സെക്രട്ടറി ഒ.ആർ. രഘുവിനെതിരെയാണ് രാജു മത്സരിക്കാനിറങ്ങിയത്.
ഡിസിസി ഓഫിസിൽ നടച്ച ചർച്ചയിൽ രാജു മത്സര രംഗത്തുനിന്നു പിൻമാറി പകരം രഘുവിനെ അംഗീകരിച്ച് ചിഹ്നവും അനുവദിച്ചിരുന്നു. പാർട്ടി തീരുമാനം അഗീകരിക്കുന്നതായും താൻ പിൻവാങ്ങുകയാണെന്നും രാജു വ്യക്തമാക്കി.
ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകനെന്ന നിലയിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനു രംഗത്തിറങ്ങുമെന്നും രാജു അറിയിച്ചു.
സസ്പെൻഡ് ചെയ്തു
മുള്ളൻകൊല്ലി ∙ പഞ്ചായത്തിലെ മാടൽ വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി തോമസ് പാഴൂക്കാലായ്ക്കെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജോസ് കണ്ടംതുരുത്തിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ടി.ജെ.ഐസക്ക് അറിയിച്ചു.
എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
കൽപറ്റ ∙ നഗരത്തെ വികസനക്കുതിപ്പിലേക്ക് നയിക്കാനുള്ള വിവിധ പദ്ധതികളുമായി കൽപറ്റ നഗരസഭാ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി.
സംസ്ഥാന സർക്കാർ സഹായത്തോടെ കൽപറ്റ ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി മുണ്ടക്കൈ ടൗൺഷിപ്പിൽ സ്ഥാപിക്കും, നിലവിലെ ജനറൽ ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയാക്കി മാറ്റും, സമ്പൂർണ പാർപ്പിട നഗരം, ആധുനിക നഗരമായി കൽപറ്റയെ മാറ്റാൻ മാസ്റ്റർ പ്ലാൻ, ഗതാഗത കുരുക്കില്ലാത്ത നഗരപാതകൾ, സ്ത്രീ സൗഹൃദ നഗരം, സ്ത്രീകൾക്ക് 1000 തൊഴിലവസരം, പൊതുമൈതാനം, പ്രാദേശിക കളിക്കളങ്ങൾ, ഓപ്പൺ തിയറ്ററും ജിമ്മും,
എല്ലാവർക്കും കുടിവെള്ളം, ശുചിത്വ ഹരിത നഗരം തുടങ്ങിയ പദ്ധതികൾ അടങ്ങിയതാണ് പ്രകടനപത്രിക.
ഭവനരഹിതമില്ലാത്ത നഗരമായി കൽപറ്റയെ മാറ്റും, വാസയോഗ്യമല്ലാത്ത വീടുകൾക്ക് പുനരുദ്ധാരണപദ്ധതി, വീടും സ്ഥലവുമില്ലാത്തവർക്ക് ഫ്ലാറ്റുകൾ, ടൗൺ സൗന്ദര്യവൽക്കരിക്കും, റോഡുകൾ നവീകരിച്ച് ലിങ്ക് റോഡുകൾ നിർമിക്കും, നഗരത്തിലെ തിരക്കേറിയ ഇടങ്ങളിൽ ഫ്ലൈ ഓവർ നിർമിക്കും, കൈനാട്ടി മുതൽ വെളളാരംകുന്ന് വരെ ബൈപാസ്, പഴയ ബസ് സ്റ്റാൻഡ് പുതുക്കി പണിയും, മുണ്ടേരിയിലെ പാർക്ക് നവീകരിക്കും, പാലിയേറ്റീവ് സേവനങ്ങൾ വിപുലപ്പെടുത്തും,
സർക്കാർ ആശുപത്രിയിൽ പാലിയേറ്റീവ് വാർഡ് സ്ഥാപിക്കും, അറവുശാല ശാസ്ത്രീയമായി പുതിയ സ്ഥലം കണ്ടെത്തി നിർമിക്കും, നഗരപാതകൾ സൗന്ദര്യവൽക്കരിക്കും, ശുചിമുറി സംവിധാനം വിപുലപ്പെടുത്തും, ഷീ ലോഡ്ജ് സൗകര്യം വർധിപ്പിക്കും, കാർഷിക മേഖലയിൽ തരിശുഭൂമി ഉപയോഗപ്പെടുത്താൻ പദ്ധതി, ഗാർഹിക പച്ചക്കറി കൃഷിക്ക് സാമ്പത്തിക സഹായം നൽകും, കുരങ്ങ്, പന്നിശല്യം ഒഴിവാക്കാൻ നിയമപരമായ മാർഗങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ പി.ചാത്തുക്കുട്ടിക്ക് നൽകി പ്രകടന പത്രിക പ്രകാശനം ചെയ്തു. വി.ഹാരിസ്, വി.ബാവ, പി.കെ.ബാബുരാജ്, പി.എം.ഷംസുദ്ദീൻ, സി.കെ.ശിവരാമൻ, ടി.മണി, സി.കെ.നൗഷാദ്, നാസർ കുരുണിയൻ എന്നിവർ പ്രസംഗിച്ചു.
30 ഡിവിഷനുകളിലെയും സ്ഥാനാർഥികളും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

