കോഴിക്കോട് ∙ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സ്റ്റേഷൻ പുനഃക്രമീകരണം പൂർത്തിയാക്കാനാകാതെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ. ഇന്നലെ ഒറ്റ ദിവസം കൊണ്ടു പൂർത്തിയാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. അസിസ്റ്റന്റ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ തഹസിൽദാർമാരും അഡിഷനൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർസർമാരായ കീഴുദ്യോഗസ്ഥരുമാണു പോളിങ് സ്റ്റേഷൻ പുനഃക്രമീകരണത്തിന്റെ ചുമതലക്കാർ.5 നിയമസഭാ മണ്ഡലങ്ങളുടെ പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണ ചുമതല വരെയുള്ള തഹസിൽദാർമാർ ജില്ലയിലുണ്ട്.
പുതിയതായി നിർദേശിക്കപ്പെട്ട പോളിങ് സ്റ്റേഷനുകൾ അഡീഷനൽ ഇലക്ടറൽ ഓഫിസർമാർ നേരിട്ടു സന്ദർശിച്ച്, ബിഎൽഒമാരോടും രാഷ്ട്രീയ പാർട്ടി നേതാക്കളോടും ചർച്ച ചെയ്തു തീരുമാനിക്കണമെന്നാണു നിർദേശം.
1175 വോട്ടർമാരിൽ കൂടുതൽ വരുന്ന പോളിങ് സ്റ്റേഷനുകൾ വിഭജിക്കുകയും സമീപത്തെ പോളിങ് സ്റ്റേഷനുകളുടെ വോട്ടർമാരുടെ എണ്ണവും പോളിങ് സ്റ്റേഷനിലേക്കുള്ള ദൂരവും പരിഗണിച്ച് പുതിയ പോളിങ് സ്റ്റേഷൻ ക്രമീകരിക്കുകയും ചെയ്യാനാണു നിർദേശം.നിലവിലുള്ള വോട്ടർ പട്ടിക വച്ചാണ്, അധിക പോളിങ് സ്റ്റേഷനുകൾ നിർദേശിച്ചത്.
ഓരോ നിയമസഭാ മണ്ഡലത്തിലും 50–60 പോളിങ് സ്റ്റേഷനുകൾ അധികമായി വരുന്നുണ്ട്. ഈ പട്ടിക വച്ചാണ് ഇന്നലെ പരിശോധന നടന്നതും.
പരിശോധന ഇന്നലെ തന്നെ പൂർത്തിയാക്കി, റിപ്പോർട്ട് നൽകാനാണു ബുധനാഴ്ച കലക്ടറേറ്റിൽ നിന്നു നൽകിയ നിർദേശം.
ഇത്രയും പോളിങ് ബൂത്തുകൾ സന്ദർശിച്ച്, ബിഎൽഒമാരോടും അതതു പ്രദേശങ്ങളിലെ രാഷ്ട്രീയ കക്ഷി പ്രതിനിധികളോടും ചർച്ച ചെയ്ത് പുനഃക്രമീകരണ കരടുണ്ടാക്കാൻ ഏറെ സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാഹനം ലഭിക്കാത്ത പ്രശ്നങ്ങളുമുണ്ട്. മിക്ക ഉദ്യോഗസ്ഥർക്കും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടെന്നതും ഉദ്യോഗസ്ഥരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു.
ഒരു ദിവസം കൊണ്ട് പുനഃക്രമീകരണം മനുഷ്യസാധ്യമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.കലക്ടറേറ്റിൽ സംഭവിച്ച വീഴ്ചയാണ്, ധൃതിയിൽ പരിശോധന പൂർത്തിയാക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് ആരോപണമുണ്ട്.
4 മാസം മുൻപു തന്നെ ഇക്കാര്യത്തിൽ നിർദേശം വന്നതാണെന്നും പരിശോധന അന്നു തുടങ്ങേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മാത്രമല്ല, തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ പൂർത്തിയാകുന്നതിനു മുൻപ് പോളിങ് സ്റ്റേഷനുകൾ പുനഃക്രമീകരിക്കുന്നത് അബദ്ധമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. എസ്ഐആർ പൂർത്തിയാകുമ്പോൾ, മരിച്ചു പോയവരുടെയും സ്ഥലത്തില്ലാത്തവരുടേതുമടക്കം വോട്ടുകൾ കുറയാനിടയുണ്ട്.
എസ്ഐആറിനു ശേഷം കരടു വോട്ടർ പട്ടിക വരുമ്പോഴേ ഇതു വ്യക്തമാകൂ.എസ്ഐആറിനും തദ്ദേശ തിരഞ്ഞെടുപ്പിനും പിറകെ പോളിങ് സ്റ്റേഷൻ പുനഃക്രമീകരണം കൂടി വന്നതോടെ റവന്യു വകുപ്പിൽ അമിത ജോലി സമ്മർദമാണെന്നും പരാതിയുണ്ട്.
എളുപ്പമല്ല
5 നിയമസഭാ മണ്ഡലങ്ങളുടെ പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണ ചുമതല വരെയുള്ള തഹസിൽദാർമാർ ജില്ലയിലുണ്ട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

