ചിറ്റാരിക്കാൽ ∙ മലയോരത്തിന്റെ കുടിയേറ്റ ചരിത്രം പറയുന്ന ചിറ്റാരിക്കാൽ ബസ് സ്റ്റാൻഡിലെ ചുമർ ചിത്രങ്ങൾക്കു നിറം മങ്ങുന്നു. 2017ൽ ഈസ്റ്റ് എളേരി പഞ്ചായത്ത് ചിറ്റാരിക്കാൽ ടൗണിൽ നിർമിച്ച ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇതോടൊപ്പമുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ ചുവരുകളിൽ ചിത്രകലാ അധ്യാപകനും പ്രമുഖ ചിത്രകാരനുമായ ജോസഫ് പതിയിൽ കുടിയേറ്റചരിത്രം ആലേഖനം ചെയ്തത്. മണ്ണിനോടും കാടിനോടും പടവെട്ടി കൃഷിയിടങ്ങളിൽ കനകം വിളയിച്ച് ജീവിതം കരുപ്പിടിപ്പിച്ച കുടിയേറ്റ ജനതയുടെ 7 പതിറ്റാണ്ടു മുൻപുള്ള പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥകൾ പുതുതലമുറയ്ക്കു പകർന്നു നൽകാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ നേരിട്ട
പ്രധാന പ്രശ്നങ്ങൾ, വിവിധ വിഭാഗക്കാരുടെ ആരാധനകൾ, ജീവിത രീതികൾ, മുനയൻകുന്ന് സമരം, ചങ്ങാടത്തിലൂടെയുള്ള പുഴയാത്ര, ആദ്യത്തെ ബസ് സർവീസ്, ട്രിപ് ജീപ്പുകളിൽ തൂങ്ങി നിന്നുള്ള യാത്ര തുടങ്ങി മലയോരത്തിന്റെ പോയകാല ജീവിതമായിരുന്നു ഇവയിലേറെയും. ഇതോടൊപ്പം ഈസ്റ്റ് എളേരിയിലെ മൺമറഞ്ഞ പ്രമുഖരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.കുടിയേറ്റക്കാർ പറഞ്ഞറിഞ്ഞ ഓർമകളെ മനസ്സിൽനിന്ന് ഓർത്തെടുത്താണ് ചിത്രങ്ങൾ വരച്ചതെന്നു ചിത്രകാരൻ ജേപി പറഞ്ഞു.
അരനൂറ്റാണ്ടു മുൻപുള്ള കുടിയേറ്റ കാലത്തെ കഷ്ടപ്പാടിന്റെ നേർക്കാഴ്ചകൾ സെപ്യാടോൺ രീതിയിലും പുതിയ കാലത്തെ കാഴ്ചകൾ കളർ ചിത്രങ്ങളുമായാണ് ആലേഖനം ചെയ്തത്.
പെയ്ന്റിനും മറ്റു സാധനങ്ങൾക്കുമായി ചെലവായ 50000 രൂപ പഞ്ചായത്ത് അനുവദിച്ചിരുന്നു. 2 ആഴ്ചയിലേറെ നീണ്ട
അധ്വാനത്തിലൂടെയാണ് 30ലേറെ ചിത്രങ്ങൾ ഇവിടെ വരച്ചുവച്ചത്.എന്നാൽ ഷോപ്പിങ് കോംപ്ലക്സിന് പുറത്തെ ചുവരിലെ ചിത്രങ്ങൾ വെയിലും മഴയുമേറ്റ് നിറം മങ്ങി നശിച്ചുകൊണ്ടിരിക്കുകയാണ്. അകത്തെ ചുവരുകളിലെ ചിത്രങ്ങൾ മാഞ്ഞുപോയിട്ടില്ല.
അടുത്തിടെ കെട്ടിടത്തിന്റെ മേൽക്കൂരയോടനുബന്ധിച്ചു റൂഫിങ് നടത്തിയതിനാൽ ഇപ്പോൾ ചുവരുകളിൽ മഴയേൽക്കില്ല. പക്ഷേ ചിത്രങ്ങൾ പാടെ നശിച്ചുതുടങ്ങി.
പുതുതായി ചുമതലയേൽക്കുന്ന പഞ്ചായത്ത് ഭരണസമിതി ഈ ചുമർ ചിത്രങ്ങൾ വീണ്ടെടുത്ത് സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

