കൊച്ചി∙ കണ്ടു കണ്ടു കടൽ വലുതായതു പോലെ കണ്ടറിയാനും കേട്ടറിയാനും ആൾക്കൂട്ടം ഒഴുകിയപ്പോൾ, ഹോർത്തൂസ് മലയാളത്തോളം വിശാലമായി. ഇന്നലെ രാവിലെ മുതൽ തന്നെ വേദികളിലേക്കുള്ള പ്രവാഹം തുടങ്ങിയിരുന്നു.
സംഘകാലത്തെ തിണ സങ്കൽപം നിറഞ്ഞ കുറിഞ്ചി, മരുതം, പാലൈ, മുല്ലൈ, നെയ്തൽ എന്നീ വേദികളിൽ പുതിയകാലത്തിന്റെ വേഗക്കുതിപ്പും ജെൻ സീ താളവും തെളിഞ്ഞു. കൈകോർത്തു പിടിച്ച് ഏറെ നടന്നും ദൂരെനിന്ന് കണ്ട് അടുത്തേക്ക് ഓടിയെത്തിയും ഞാനും നീയും ചേർന്നു നമ്മളാണെന്ന മഹത്തായ ആശയം പങ്കുവച്ചു. വിശപ്പും ദാഹവുമില്ലാതെയാണു വേദികളിൽനിന്നു വേദികളിലേക്ക്, സുഭാഷ് പാർക്കിലൂടെയും ദർബാർ ഹാൾ ഗ്രൗണ്ടിലൂടെയും പലരും നടന്നുനീങ്ങിയത്.
കാലം വീൽചെയറിലാക്കിയിട്ടും ഉറ്റവരുടെ സഹായത്തോടെ വന്നവർ ഉണ്ടായിരുന്നു.
പിഞ്ചുകുഞ്ഞുങ്ങളെ ഒക്കത്തിരുത്തിയ അച്ഛനമ്മമാർ ഏറെ. എഴുത്തിന്റെയും വായനയുടെയും വഴികളിൽ അഭിനയകലയുടെ ശിൽപശാല, ഷെഫ് സ്റ്റുഡിയോ തുടങ്ങി കാഴ്ചകളുടെ പുതുമ തേടി വിദ്യാർഥികളുമെത്തി. കായൽക്കാറ്റിന്റെ സൗഖ്യമേറ്റുള്ള നിറചിരിപ്പകലിൽ വയോജനങ്ങളും ചേർന്നു.
കാഴ്ചകൾ കേവലം അക്ഷരങ്ങളോ ചിത്രങ്ങളോ ആയിരുന്നില്ല; മനുഷ്യനും പ്രകൃതിയും സംസ്കാരവും ഒന്നാണെന്ന മഹത്തായ സന്ദേശം പകരുകയായിരുന്നു. അവിടെ ഭാഷയുടെ അതിരുകളോ തലമുറയുടെ വേർതിരിവുകളോ ഉണ്ടായില്ല.
നഗരത്തിന്റെ തിരക്കിനിടെ നഷ്ടപ്പെടുത്തിയ ഹൃദയബന്ധങ്ങൾ വീണ്ടെടുത്തു സാംസ്കാരിക കൂട്ടായ്മയായി ഹോർത്തൂസ് മാറുകയായിരുന്നു.
സുഭാഷ് പാർക്കിലെ മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങിയ കായൽക്കാറ്റിൽപ്പോലും നിറഞ്ഞത് ആഹ്ലാദത്തിന്റെ പരിമളം. ഡിജിറ്റൽ യുഗത്തിൽ വിരൽത്തുമ്പിലെ അറിവുകൾക്കപ്പുറം ഈ മണ്ണറിഞ്ഞ വായനയുടെ സുഖം അറിയുകയും ആസ്വദിക്കുകയുമായിരുന്നു.
ഈ കഥകളുടെ ക്ലൈമാക്സ് വായനക്കാർ തീരുമാനിക്കട്ടെ !
∙ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് കൈപ്പത്തി വെട്ടിമാറ്റപ്പെട്ട
തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിനോട് എഴുത്തുകാരൻ താഹ മാടായി വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചില്ല. മാഷുടെ മനസ്സിൽ ഇപ്പോഴും ദൈവമുണ്ടോ എന്ന ചോദ്യത്തിനു കരുതലോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. സ്വർഗത്തിലേക്ക് ആളെയെടുക്കുന്ന റിക്രൂട്മെന്റ് കേന്ദ്രമല്ല ഭൂമിയെന്ന തിരിച്ചറിവുണ്ടായ 2021 മുതൽ മനസ്സിൽ മാറ്റമുണ്ടായി. ശക്തമായി പ്രാർഥിക്കാൻ തോന്നിപ്പിക്കുന്ന അനുഭവങ്ങളിൽ പോലും പ്രാർഥിക്കാതിരിക്കാൻ മനസ്സിനെ പാകപ്പെടുത്താൻ കഠിനമായി പരിശ്രമിച്ചു.
എൻഡോസൾഫാൻ ഇരകളുടെ ജീവിതം എഴുത്തുകാരൻ അംബികാസുതൻ മങ്ങാട് പറഞ്ഞതു വേദനിയോടെയാണു സദസ്സ് കേട്ടത്. എൻഡോസൾഫാൻ ദുരന്തത്തിന് ഇരയായി നാവു പുറത്തേക്കു വളർന്ന പെൺകുട്ടിക്കു ജീവിതത്തിന്റെ മധുരം നുണയാനുള്ള ഭാഗ്യം ഒരിക്കൽപ്പോലുമുണ്ടായില്ല.
21 വയസ്സുവരെ അമ്മയുടെ മടിയിൽ കിടന്നു വളർന്ന യുവാവു മരിച്ചപ്പോൾ അമ്മ പറഞ്ഞ വാചകം മറക്കാനാകില്ല. ‘മാഷേ, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ ഞാനല്ലേ, 21 വർഷം എനിക്കവനെ എന്റെ മടിയിൽ കിട്ടിയില്ലേ? ലോകത്ത് ഏത് അമ്മയ്ക്കാണ് ഈ ഭാഗ്യം?’കഥകൾക്കു ക്ലൈമാക്സ് എഴുതാതെ കഥാപാത്രങ്ങൾക്കും വായനക്കാർക്കും വിട്ടുകൊടുക്കാനാണ് ഇഷ്ടമെന്ന് അശ്വതി ശ്രീകാന്ത് പറഞ്ഞു.
സാൽദനയ്ക്ക് അറിയാം തൊലിയുടെ വില…
∙ മുംബൈയിൽനിന്നു ഷെഫ് വെൽറ്റൺ സാൽദന കൊച്ചിയിലെത്തിയത് ഒരു സ്പെഷൽ ഐറ്റം കയ്യിൽ കരുതിയാണ് – പൈനാപ്പിൾ സിറപ്പ്. മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി ലോട്ടസ് ക്ലബ്ബിൽ നടന്ന ഷെഫ് സ്റ്റുഡിയോയിലെത്തിയവർ ആദ്യം രുചിച്ചതും ഇതു തന്നെ.
വെറും സിറപ്പല്ല, പൈനാപ്പിളിന്റെ ചെത്തിക്കളയുന്ന തൊലിയിൽ നിന്നുണ്ടാക്കിയത്. ഉപയോഗമില്ലെന്നു കരുതി വെറുതേ കളയുന്ന കുരുവും തൊലിയുമെല്ലാം എങ്ങനെ രുചികരമായ വിഭവങ്ങളാക്കാമെന്ന സെഷന്റെ ആദ്യപാഠം അങ്ങനെ രുചിമധുരമായി.
അടുക്കളയിൽ പാചകം ചെയ്യുമ്പോൾ എത്രത്തോളം മാലിന്യമാകാം? പൈനാപ്പിളിന്റെ തൊലിയും മത്തങ്ങയുടെ കുരുവും തൊലിയും ബാക്കിയായ ചോറും ബ്രെഡും വെറുതെ കളയണോ? ഇതിനെല്ലാം ഉത്തരം നൽകുന്നതായിരുന്നു ‘സീറോ വേസ്റ്റ് കിച്ചൺ’ സെഷൻ.
മലയാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യക്കാർ പൊതുവേ ആഹാരസാധനങ്ങൾ പാഴാക്കാറില്ലെന്നാണു ഷെഫ് വെൽറ്റണിന്റെ അഭിപ്രായം. മുംബൈയിലാണു ജനിച്ചതെങ്കിലും മംഗളൂരു സ്വദേശികളായ മാതാപിതാക്കളുടെ ശീലങ്ങളിൽനിന്നാണു വേസ്റ്റ് കഴിവതും കുറയ്ക്കണമെന്ന പാഠം വെൽറ്റൺ കരിയറിൽ പകർത്തിയത്.
മത്തന്റെ തൊലിയും കുരുവുൾപ്പെടെയുള്ള ഉൾഭാഗവും വെറുതെ കളയേണ്ട, നല്ലൊരു ചട്നി തയാറാക്കാമെന്നു തത്സമയ പാചകത്തിലൂടെ ഷെഫ് വിശദീകരിച്ചു.
ശേഷം ചിപ്സിനൊപ്പം ആ ചട്നി ടേസ്റ്റ് ചെയ്യാനുള്ള അവസരം നൽകി. പഴയ ചോറ് ഉപയോഗിച്ചാണു ചൈനക്കാർ നല്ല രുചിയുള്ള ഫ്രൈഡ് റൈസ് ഒരുക്കുന്നതെന്നും ബാക്കിയായ ബ്രെഡ് ശേഖരിച്ചു പാസ്ത ഉണ്ടാക്കുന്ന ഇറ്റാലിയൻ കമ്പനിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഡിബിൾ ഇഷ്യൂസിന്റെ സഹകരണത്തോടെയായിരുന്നു ‘ഷെഫ് സ്റ്റുഡിയോ സെഷൻ’.
വരൂ, നടനും നടിയുമാകാം അരങ്ങിനെ ത്രസിപ്പിച്ച് റോഷൻ മാത്യു
∙ അഭിനയപാഠങ്ങൾ തേടിയെത്തിയവർക്കു മുന്നിൽ അനായാസചലനത്തിന്റെ അനുഭവം സമ്മാനിച്ച് നടൻ റോഷൻ മാത്യു. കൈകോർത്തുപിടിച്ചു വട്ടത്തിലിരുന്നും നേർരേഖയിലല്ലാതെ നടന്നും ചുവടുകൾ കൊണ്ടു ചിത്രംവരച്ചും തുടങ്ങിയ തിയറ്റർ ശിൽപശാല പെട്ടെന്നുതന്നെ കൂട്ടുചേരലിന്റെയും ക്രിയാത്മകതയുടെയും വേദിയായി.
സംഘാംഗങ്ങളോടു പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ട്വിസ്റ്റുമുണ്ടായിരുന്നു – വെറുതേ പറഞ്ഞാൽ പോരാ, നീട്ടിയും കുറുക്കിയും ഈണത്തിലും പേര് പറയണം. മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി നടന്ന തിയറ്റർ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയവരിൽ ആറു വയസ്സുകാരൻ മുതൽ മധ്യവയസ്സുകാർ വരെയുണ്ടായിരുന്നു.
അടുത്തുള്ളയാളുടെ സാന്നിധ്യവും ചലനവും മനസ്സിലാക്കി അഭിനയിക്കുന്നതിന്റെ പ്രാധാന്യം ചെറുകളികളിലൂടെ പരിശീലിപ്പിച്ചു.
ജോടികളായി തിരിഞ്ഞു ചെറുരംഗങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അവസരവുണ്ടായിരുന്നു. രണ്ടുപേർ വീതമുള്ള വിവിധ സംഘങ്ങളൊരുക്കിയ പലരംഗങ്ങൾ കൂട്ടിച്ചേർത്ത് ഉത്സവപ്പറമ്പിൽ നടക്കുന്ന ചെറുസംഭവമാക്കി അവതരിപ്പിച്ചു.
നിർദേശങ്ങളും തിരുത്തലുകളുമായി കൂടെനിന്നു റോഷൻ. ആശങ്കകളോടെ വന്നവരും മടങ്ങിയത് അരങ്ങുനൽകിയ ആത്മവിശ്വാസത്തിന്റെ ഊർജവുമായായിരുന്നു.
പ്രകൃതിയുടെ ഇഷ്ടക്കാർ
∙ ആറാം വയസ്സിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കുരുവി കൂടുവയ്ക്കുന്നത് അമ്മ കാണിച്ചുകൊടുത്തതാണ് ഇഷാന്റെ ആദ്യ പ്രകൃതിപരിചയം.
അടയിരുന്നു മുട്ടവിരിഞ്ഞ് പക്ഷിക്കുഞ്ഞുങ്ങൾ പറക്കമുറ്റിയതോടെ ഇഷാനിൽ ജീവജാലങ്ങളോടുള്ള അഭിനിവേശം ചിറകടിച്ചുണർന്നു.അന്നുതുടങ്ങിയ പ്രകൃത്യോപാസന എത്തിനിൽക്കുന്നത് ഇക്കോ ഇൻസ്പയർ എന്ന ബോധവൽക്കരണ പരിപാടിയിലും ‘ദ് ലൈറ്റ് ഓഫ് വൈൽഡർ തിങ്സ്’ എന്ന പുസ്തകരചനയിലുമാണ്. ഇക്കോ ഇൻസ്പയർ നൂറിലേറെ സ്കൂളുകളിൽ 27000 വിദ്യാർഥികളിലേക്കെത്തിക്കഴിഞ്ഞു.
പുസ്തകം 5 മാസംകൊണ്ട് ബെസ്റ്റ് സെല്ലറായി.ഹോർത്തൂസ് വേദിയിൽ ഇന്നലെ ഡേവിഡ് രാജു, നവിൻ ജെ.ആന്റണി എന്നിവരോടൊപ്പം ഇഷാൻ ഷാനവാസ് വന്യജീവി അനുഭവങ്ങൾ പങ്കുവച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

