ഒടുവിൽ, വ്യാപാരയുദ്ധമേൽപ്പിച്ച ആഘാതത്തിന്റെ യഥാർഥചിത്രം വ്യക്തമാക്കി ചൈനയുടെ പുത്തൻ കണക്ക്. യുഎസുമായി കടുത്ത ഭിന്നത നിലനിന്ന ഒക്ടോബറിൽ ചൈനീസ് വ്യാവസായിക മേഖലയുടെ ലാഭം നെഗറ്റീവ് 5.5 ശതമാനത്തിലേക്ക് നിലംപൊത്തിയെന്ന് നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടി.
സെപ്റ്റംബറിലെ പോസിറ്റീവ് 21.6 ശതമാനം ലാഭ വളർച്ചയിൽ നിന്നാണ് വമ്പൻ വീഴ്ച. ഓഗസ്റ്റിൽ 20.4 ശതമാനവും 2024 ഒക്ടോബറിൽ 1.9 ശതമാനവും ലാഭം വളർന്നിരുന്നു.
ലോകത്തെ റെയർ എർത്ത് (അപൂർവ ധാതുക്കൾ) കയറ്റുമതിയുടെ ഏതാണ്ട് 90 ശതമാനവും കൈയാളുന്ന ചൈന, ഡിസംബർ മുതൽ കയറ്റുമതി നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
ചൈനയ്ക്കുമേൽ 100-155% അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ പ്രതിസന്ധി കടുത്തു.
യുഎസ്-ചൈന ഭിന്നത അതോടെ നിർണായക വ്യാവസായിക മേഖലയെ പിടിച്ചുലച്ചു. മൈനിങ് മേഖലയുടെ ലാഭവളർച്ച നെഗറ്റീവ് 27.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് ചൈനയ്ക്ക് കനത്ത അടിയായി.
ചൈനീസ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും കാര്യമായ ലാഭവളർച്ചയില്ല. ഹോങ്കോങ്, മക്കാവു, തായ്വാൻ എന്നിവിടങ്ങളിലെ നിക്ഷേപമുള്ള കമ്പനികളുടെ ലാഭം 3.5 ശതമാനവും സ്വകാര്യ കമ്പനികളുടെ ലാഭം 1.9 ശതമാനവും മാത്രം ഉയർന്നു.
അതേസമയം, ചൈനയ്ക്ക് ‘ഓവർവെയിറ്റ്’ സ്റ്റാറ്റസുമായി യുഎസ് ധനകാര്യ/നിക്ഷേപക സ്ഥാപനമായ ജെപി മോർഗൻ ചെയ്സ് ആൻഡ് കോ രംഗത്തെത്തി.
ചൈനീസ് ഓഹരികൾ ഇപ്പോൾ വാങ്ങിക്കൂട്ടാനും കൈവശമുള്ളത് വിറ്റഴിക്കാതെ സൂക്ഷിക്കാനും അനുകൂലമെന്ന് വ്യക്തമാക്കുന്ന സ്റ്റാറ്റസാണത്. വിലയിടിഞ്ഞ ഓഹരികൾ ഇപ്പോൾ വാങ്ങിക്കാം (ബൈ ദ ഡിപ്പ്).
അടുത്തവർഷം മികച്ച നേട്ടമാണ് കാത്തിരിക്കുന്നതെന്നും ജെപി മോർഗൻ ചെയ്സ് വ്യക്തമാക്കി.
അതേസമയം, മറ്റൊരു ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തലിന് നേർവിപരീതമാണ് ജെപി മോർഗന്റെ വാദങ്ങൾ. ചൈനീസ് വിപണി അസ്ഥിരമാണെന്നും കോർപറേറ്റ് കമ്പനികളുടെ പ്രകടനവും ലാഭവും മെച്ചമായിരിക്കില്ലെന്നുമായിരുന്നു മോർഗൻ സ്റ്റാൻലി പറഞ്ഞത്.
അതേസമയം, ചൈനയിൽ ഷാങ്ഹായ് ഓഹരി വിപണി 0.15% മാത്രം നേട്ടത്തിലാണ് രാവിലെയുള്ളത്. ഹോങ്കോങ് സൂചിക 0.16% താഴ്ന്നു.
ഏഷ്യൻ വിപണികൾ പൊതുവേ സമ്മിശ്രമാണ്.
ജാപ്പനീസ് നിക്കേയ് 0.14% താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സ് വിപണി കാര്യമായ നേട്ടമില്ലാതെ നിന്നതും തിരിച്ചടിയായി.
ഡൗ ജോൺസ് 10 പോയിന്റ് മാത്രം ഉയർന്നപ്പോൾ നാസ്ഡാക്, എസ് ആൻഡ് പി എന്നിവ കാര്യമായ മാറ്റമില്ലാതെ നിന്നു. ‘താങ്ക്സ് ഗിവിങ്’ ആഘോഷമായിരുന്നതിനാൽ ഇന്നലെ യുഎസ് വിണികൾക്ക് അവധിയായിരുന്നു.
ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയുടെ പണപ്പെരുപ്പം നിരീക്ഷകർ വിലയിരുത്തിയതിനേക്കാൾ അൽപം കൂടിയത് ആശങ്കയായി.
2.7 ശതമാനം പ്രതീക്ഷിച്ചിടത്ത് 2.8%. കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത ഇതോടെ ഉയർന്നു.
ഇതിനിടെ, യുഎസ് മുന്നോട്ടുവച്ച റഷ്യ-യുക്രെയ്ൻ സമാധാന പ്ലാനിൽ നിലപാട് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് പുട്ടിൻ.
ഡോൺബാസിൽ നിന്ന് യുക്രെയ്ൻ സൈന്യം ഒഴിഞ്ഞുപോകണമെന്നും പ്രദേശം റഷ്യയ്ക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട പുട്ടിൻ, യുക്രെയ്ൻ വഴങ്ങിയില്ലെങ്കിൽ സൈനികനീക്കത്തിലൂടെ തന്നെ അതു പിടിച്ചടക്കുമെന്നും വ്യക്തമാക്കി.
ബിസിനസ്/നിക്ഷേപകലോകം ഇന്ന് പ്രധാനമായും ഉറ്റുനോക്കുന്നത് ഇന്ത്യയിലേക്കാണ്.
നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിലെ ജിഡിപി കണക്ക് ഇന്ന് കേന്ദ്രം പുറത്തുവിടും. ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യ 7.8% വളർന്നിരുന്നു.
സെപ്റ്റംബർ പാദത്തിൽ 7 ശതമാനത്തിൽ കുറയാത്ത വളർച്ച നേടുമെന്നും ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ശക്തിയായി (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജർ ഇക്കണോമി) തുടരുമെന്നുമാണ് വിലയിരുത്തൽ.
ട്രംപിന്റെ 50% തീരുവയിൽ നിന്ന് കരകയറാൻ സ്വീകരിച്ച നടപടികളുടെ വിലയിരുത്തൽ കൂടിയാകും ജിഡിപിക്കണക്ക് എന്നത്, നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാരിനും നിർണായകമാണ്. ഇന്നലെ റെക്കോർഡ് തകർത്ത് മുന്നേറുകയും പിന്നീട് നേട്ടം കുറയ്ക്കുകയും ചെയ്ത ഇന്ത്യൻ ഓഹരി വിപണിക്കും ഇന്നത്തെ പ്രധാന ടെൻഷൻ ജിഡിപിക്കണക്കുതന്നെ.
ഇന്നലെ സെൻസെക്സ് ഒരുഘട്ടത്തിൽ കുതിച്ചുകയറി ചരിത്രത്തിലാദ്യമായി 86,000 പോയിന്റ് ഭേദിച്ചിരുന്നു. വ്യാപാരം അവസാനിപ്പിച്ചത് 85,720ൽ.
26,310 എന്ന സർവകാല ഉയരംതൊട്ട നിഫ്റ്റിയും 26,215ലേക്ക് ഇറങ്ങി.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത, യുക്രെയ്ൻ-റഷ്യ സമാധാന പ്ലാൻ, ക്രൂഡ് ഓയിൽ വിലയിടിവ്, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് തുടങ്ങിയ അനുകൂലഘടകങ്ങൾ ഇന്ത്യൻ വിപണിക്കും ഇന്നലെ ഉത്തേജകമായിരുന്നു.
ഡിസംബർ 5ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ റിസർവ് ബാങ്ക് പലിശഭാരം കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നതും കരുത്തായിരുന്നു.
ഇന്നിപ്പോൾ ക്രൂഡ് വിലയും സ്വർണവിലയും കാര്യമായ മാറ്റമില്ലാതെയാണ് നിൽക്കുന്നത്. രൂപ ഇന്നലെ ഡോളറിനെതിരെ 14 പൈസ ഇടിഞ്ഞ് 89.36ൽ എത്തി.
വിദേശ നിക്ഷേപകർ (എഫ്ഐഐ) ഇന്നലെ നിലപാട് മാറ്റി. കഴിഞ്ഞ 2 ദിവസമായി വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയ അവർ ഇന്നലെ 1,255 കോടി രൂപ തിരിച്ചെടുത്തു.
ശ്രദ്ധയിൽ ഇവർ
∙ പൈലറ്റ് പരിശീലനം ഉൾപ്പെടെ നിരവധി വ്യോമയാന സേവനങ്ങൾ നൽകുന്ന ഫ്ലൈറ്റ് സിമുലേഷൻ ടെക്നിക് സെന്ററിന്റെ (എഫ്എസ്ടിസി) 72.8% ഓഹരികൾ 820 കോടി രൂപയ്ക്ക് വാങ്ങാൻ അദാനി എന്റർപ്രൈസസിന്റെ നീക്കം.
∙ 6,900 കോടി രൂപയുടെ കിട്ടാക്കടം (എൻപിഎ) ലേലത്തിലൂടെ വിറ്റഴിക്കാനുള്ള നീക്കവുമായി ബന്ധൻ ബാങ്ക്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

