തുറവൂർ ∙ പാളം നവീകരണത്തിന്റെ പേരിൽ ദേശീയപാതയും തീരദേശ പാതയുമായി ബന്ധിപ്പിക്കുന്ന തുറവൂർ റെയിൽ ഗേറ്റ് അടച്ചിട്ട് 6 ദിവസം പിന്നിടുന്നു. നിർമാണപ്രവർത്തനം നിലച്ചിട്ട് 3 ദിവസം.
തിരക്കേറിയ പാതയാണ് തുറവൂർ– ടിഡി റോഡിന് കുറുകെയുള്ള തുറവൂർ റെയിൽവേ ഗേറ്റ്. ചേർത്തലയിൽ നിന്നുള്ള സ്വകാര്യ ബസുകൾ എറണാകുളത്തേക്കു പോകുന്നത് തുറവൂർ ജംക്ഷനിൽ നിന്നു ഇടത് കയറി തുറവൂർ–ടിഡി റോഡിലൂടെയാണ്.
ഇതു കൂടാതെ അൻപതോളം ചെമ്മീൻ സംസ്കരണ കയറ്റുമതി സ്ഥാപനങ്ങളിലേക്കു പോകുന്ന തൊഴിലാളികളും ഇവിടങ്ങളിലേക്കു പോകുന്ന ചരക്കുവാഹനങ്ങളും, തുറവൂർ ടിഡി, നാലുകുളങ്ങര, തുടങ്ങിയവിടങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു പോകുന്ന വിദ്യാർഥികളും അധ്യാപകരും ഈ വഴിയാണ് ആശ്രയിക്കുന്നത്.
നിലവിൽ തുറവൂർ ജംക്ഷനിൽ നിന്നു റെയിൽവേ ഗേറ്റ് വരെയും തുടർന്നു ഗേറ്റ് മറികടന്ന് മറ്റു വാഹനങ്ങളിലുമായാണ് പലരും യാത്ര ചെയ്യുന്നത്.
തുറവൂർ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജംക്ഷനിൽ നിന്ന് ഒാട്ടോ ടാക്സി സ്വകാര്യ വാഹനങ്ങളിലെത്തുന്ന യാത്രക്കാർ അടഞ്ഞു കിടക്കുന്ന ഗേറ്റിന് സമീപമെത്തി 400 മീറ്ററോളം നടന്നാണ് റെയിൽവേ സ്റ്റേഷനിലെത്തുന്നത്.
ദേശീയപാതയിൽ നിന്നു ടിഡി, ചാവടി, നാലുകുളങ്ങര എന്നീ സ്ഥലങ്ങളിലേക്കു പോകുന്ന യാത്രക്കാർ ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
കഴിഞ്ഞ 20 മുതൽ 24 വരെ അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടുമെന്നാണ് റെയിൽവേ അധികൃതർ അറിയിപ്പ് നൽകിയത്. എന്നാൽ അറിയിപ്പ് നൽകിയ ദിവസം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം തുറന്നു കൊടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാണ്.
3 ദിവസമായി ജോലികളൊന്നും നടക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തകഴി റെയിൽവേ ഗേറ്റിന് സമീപം ജോലി നടക്കുന്നതിനാൽ കരാറുകാരൻ തൊഴിലാളികളെ ഇവിടെ നിന്നു കൊണ്ടു പോയതാണ് ജോലി തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ പറയുന്നത്.
അടിയന്തരമായി നിർമാണം പൂർത്തിയാക്കി ഗേറ്റ് തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

