കോഴിക്കോട് ∙ കലക്ടറേറ്റിൽ 3 ദിവസമായി കുടിവെള്ളമില്ല. കഴിഞ്ഞ ദിവസം റോഡ് നിർമാണത്തിനിടെ പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തിയ ശേഷം പിന്നീട് ജല സംഭരണിയിൽ എത്തുന്നത് ചെളിവെള്ളമാണ്.
ഇതോടെ ടാങ്കിൽ നിന്നു പമ്പിങ് നിർത്തിവച്ചു. കലക്ടറേറ്റിലും സിവിൽ സ്റ്റേഷൻ പരിസരത്തെ 3 ബ്ലോക്ക് കെട്ടിടത്തിലും വെള്ളം നിലച്ചതോടെ പകലും രാത്രിയിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സ്ത്രീകൾ ഉൾപ്പെടെ ആയിരത്തിലേറെ ജീവനക്കാരും കലക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ദുരിതത്തിലായി.
3 ദിവസം വെള്ളം കിട്ടാതായതോടെ ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി.
മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നാലുവരി നിർമാണം നടക്കുന്നതിനിടയിൽ കലക്ടറേറ്റിലേക്കുള്ള തെക്ക് ഭാഗം ഗേറ്റിൽ ജല അതോറിറ്റിയുടെ പൈപ്പ് കഴിഞ്ഞ ദിവസം പൊട്ടിയിരുന്നു. അടിയന്തരമായി ഇത് അറ്റകുറ്റപ്പണി നടത്തി കലക്ടറേറ്റിൽ താലൂക്ക് ഓഫിസ് പരിസരത്ത് പുതുതായി നിർമിച്ച ടാങ്കിൽ വെള്ളം പമ്പിങ് ആരംഭിച്ചു.
എന്നാൽ, പൈപ്പ് വഴി ടാങ്കിൽ ചെളിവെള്ളം കയറിയതോടെ സംഭരിച്ച കുടിവെള്ളം കെട്ടിടത്തിലെ മൂന്ന് ജല സംഭരണിയിൽ നിറച്ചില്ല. ഇതോടെ രണ്ടു ദിവസമായി നേരത്തേ ശേഖരിച്ച വെള്ളം തീർന്നു.
കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും 18 ശുചിമുറികളിലും ജീവനക്കാർ ഉപയോഗിക്കുന്ന പൊതു പൈപ്പിലും വെള്ളം നിലച്ചു.
ജില്ലാ അധികൃതർ വിവരം അറിയിച്ചതോടെ ഇന്നലെ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ താഴെയുള്ള ഒന്നര ലക്ഷം ലീറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഭൂമിക്കടിയിലെ ജല സംഭരണിയിലെ ചെളിവെള്ളം വൈകിട്ടോടെ വൃത്തിയാക്കി. തുടർന്ന് വെള്ളം പമ്പിങ് ആരംഭിച്ചെങ്കിലും ജലസംഭരണിയിലേക്ക് എത്തുന്ന വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു.
ചെളി കയറി പൈപ്പിൽ തടസ്സം ഉണ്ടായെന്നാണ് അധികൃതർ സംശയിക്കുന്നത്. ഇതോടെ വൈകിട്ട് 6.30 കഴിഞ്ഞിട്ടും ജല സംഭരണിയിലേക്ക് വെള്ളം നിറഞ്ഞില്ല.
ഈ സാഹചര്യത്തിൽ ഇന്നും കലക്ടറേറ്റിൽ വെള്ളം കിട്ടാതെ ജീവനക്കാർ കുടുങ്ങും.
ഇന്ന് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കും
ടാങ്കിൽ പൈപ്പിനകത്തെ മണ്ണ് കലർന്ന് വെള്ളം കയറിയതാകാം ചെളിവെള്ളത്തിനു കാരണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. ഇന്നലെ ടാങ്ക് വൃത്തിയാക്കിയിട്ടുണ്ട്.
എന്നാൽ വീണ്ടും വെള്ളം പമ്പ് ചെയ്തെങ്കിലും ഒഴുക്ക് കുറവാണ്. ഇന്ന് പരിശോധിക്കും.
ഇന്ന് ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചു പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

