സെന്റ് ജോസഫ്സ് വന്നു;ചരിത്രം വഴിമാറി
കോട്ടയം ∙ ബാൻഡ് മേളത്തിൽ കാൽ നൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിയെഴുതി ചങ്ങനാശേരി സെന്റ് ജോസഫ്സ് ജിഎച്ച്എസ്. ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളത്തിൽ സ്ഥിരം വിജയികളായ മൗണ്ട് കാർമൽ സ്കൂളിനെ പിന്നിലാക്കിയാണ് സെന്റ് ജോസഫ്സ് ഇക്കുറി വിജയ കാഹളം മുഴക്കിയത്.
ഇക്കുറി ഒരു ദിവസം പോലും ഒഴിവാക്കാതെ നടത്തിയ കഠിന പ്രയത്നമാണ് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞതിന്റെ പിന്നിലെന്ന് സെന്റ് ജോസഫ്സ് സ്കൂളിലെ മത്സരാർഥികൾ പറഞ്ഞു.1998 മുതലാണ് മൗണ്ട് കാർമൽ ഒന്നാം സ്ഥാനം നേടി ചരിത്രം കുറിച്ചിരുന്നത്. അതേസമയം, ഇക്കുറി വിധി നിർണയത്തിൽ അപാകതയുണ്ടെന്ന് കാട്ടി മൗണ്ട് കാർമൽ സ്കൂൾ അപ്പീൽ നൽകിയിട്ടുണ്ട്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മൗണ്ട് കാർമലിന്റെ വിജയത്തിളക്കം തുടരുന്നു. ഒന്നാം സ്ഥാനം ഇക്കുറിയും മൗണ്ട് കാർമൽ സ്വന്തമാക്കി.
വേദികളിൽ ഇന്ന്
∙ എംഡിഎസ് എച്ച്എസ്എസ്
വേദി 1ഓഡിറ്റോറിയം – പരിചമുട്ടുകളി, മാർഗംകളി
വേദി 2 മിനി ഓഡിറ്റോറിയം – ലളിതഗാനം, സംഘഗാനം
വേദി 3 സെമിനാർ ഹാൾ – പദ്യം ചൊല്ലൽ, പ്രസംഗം
വേദി 4 എൽപി സ്കൂൾ – ഓട്ടം തുള്ളൽ
∙ വിദ്യാധിരാജ എച്ച്എസ്
വേദി 5– പഞ്ചവാദ്യം, ചെണ്ട, ചെണ്ടമേളം, മദ്ദളം
∙ സെന്റ് ആൻസ് എച്ച്എസ്
വേദി 6 ഓഡിറ്റോറിയം – ഒപ്പന
വേദി 7 മിനി ഓഡിറ്റോറിയം– സംസ്കൃതോത്സവം
∙ സെന്റ് ജോസഫ്സ് ജി.എച്ച്എസ്
വേദി 8 – ഭരതനാട്യം
∙ എം.ടി.എച്ച്എസ്എസ്
വേദി 9– കുച്ചിപ്പുഡി
വേദി 10 എൽപിഎസ് – മോണോ ആക്ട്
∙ ഹോളി ഫാമിലി എച്ച്എസ്എസ്
വേദി 11 – തബല, വയലിൻ, ഗിത്താർ, ക്ലാർനറ്റ്, ട്രിപ്പിൾ ജാസ്
∙ മൗണ്ട് കാർമൽ എച്ച്എസ്എസ്
വേദി 13– നാടകം
∙ ബേക്കർ എൽപി സ്കൂൾ
വേദി 14– നാടൻപാട്ട്, മിമിക്രി.
ഇവർ മുന്നിൽ
ഉപജില്ല മുന്നിൽ
∙ കോട്ടയം ഈസ്റ്റ് – 512
∙ ചങ്ങനാശേരി – 449
∙ ഏറ്റുമാനൂർ – 439
∙ കോട്ടയം വെസ്റ്റ് – 416
∙ ഈരാറ്റുപേട്ട
– 414
സ്കൂളുകൾ
∙ മുസ്ലിം ഗേൾസ് ഹൈസ്കൂൾ ഈരാറ്റുപേട്ട – 183
∙ എംജിഎം എൻഎസ്എസ് എച്ച്എസ്എസ് ളാക്കാട്ടൂർ – 140
∙ എൻഎസ്എസ് എച്ച്എസ്എസ് കിടങ്ങൂർ –119
∙ സെന്റ് തെരേസാസ് എച്ച്എസ്എസ് വാഴപ്പള്ളി –109
∙ ദേവി വിലാസം വിഎച്ച്എസ്എസ് കുമാരനല്ലൂർ –101
തനതു നൃത്തങ്ങളുടെ കോട്ട(യം) കാത്ത്
കോട്ടയം ∙ കേരളത്തിന്റെ തനത് ഗോത്ര നൃത്തങ്ങളിലും മികച്ചവരാണ് കോട്ടയത്തെ കുട്ടികളെന്നു തെളിയിക്കുന്നതാണ് ഇന്നലെ നടന്ന മത്സരങ്ങൾ.
ഇടുക്കിയിലെ ഗോത്ര നൃത്തങ്ങളായ പളിയനൃത്തവും മലപുലയാട്ടവും പാലക്കാട്ടെ ഗോത്ര നൃത്തമായ ഇരുളനൃത്തവുമാണ് നടന്നത്. പളിയനൃത്തം എച്ച്എസ് വിഭാഗത്തിൽ എൻഎസ്എസ് എച്ച്എസ് കിടങ്ങൂരും എച്ച്എസ്എസ് വിഭാഗത്തിൽ എംജിഎം എൻഎസ്എസ് എച്ച്എസ്എസ് ളാക്കാട്ടൂരും ഒന്നാം സ്ഥാനം നേടി.
മലപുലയാട്ടം എച്ച്എസ് വിഭാഗത്തിൽ സെന്റ് പോൾസ് എച്ച്എസ് വെട്ടിമുകളും എച്ച്എസ്എസ് വിഭാഗത്തിൽ സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കുറുമ്പനാടവും ഒന്നാം സ്ഥാനം നേടി.
ചാക്യാർ ആൽ‘വിൻ
കോട്ടയം ∙ ‘‘ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞതേയുള്ളൂ. ഇനി വരാനിരിക്കുന്നത് അതിലും വലുത്.
തിരഞ്ഞെടുത്ത് പറഞ്ഞയയ്ക്കുമ്പോ ആലോയിക്കണേ… കൊള്ളാവുന്ന ആൾക്കാരാണോയെന്ന്. അല്ലേൽ പറയേണ്ടല്ലോ…’– ചാക്യാരുടെ മുന്നറിയിപ്പിൽ സദസ്സിലാകെ ചിരിപൊട്ടി.
കഴിഞ്ഞ വർഷത്തേതുപോലെ സദസ്സിനെ കുടുകുടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് എച്ച്എസ്എസ് വിഭാഗം ചാക്യാർകൂത്തിൽ ചങ്ങനാശേരി എസ്ബി എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥി ആൽവിൻ ജോസഫ് ഇത്തവണയും ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന തലത്തിൽ മോണോ ആക്ടിൽ തുടർച്ചയായി 3 തവണ എ ഗ്രേഡ് നേടിയിട്ടുള്ള ആൽവിന് ഇന്ന് മോണോ ആക്ടിലും മത്സരമുണ്ട്.
കുറവിലങ്ങാട് ദേവമാതാ കോളജിൽ വിദ്യാർഥി യൂണിയൻ ചെയർപഴ്സനായിരുന്ന അമ്മ അൽഫോൻസാ ജോസഫ് ആണ് ആൽവിന്റെ മോട്ടിവേഷൻ സ്രോതസ്സ്.
ഇപ്പോൾ ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് എച്ച്എസിൽ അധ്യാപികയാണ്. പിതാവ് ബോബൻ സേവ്യർ (പോളണ്ട്).
ആറാം വർഷവും അർമാദം
കോട്ടയം ∙ അറബനമുട്ടിൽ ആറാം വർഷവും വിജയം നേടി എകെജെഎം ഹയർ സെക്കൻഡറി സ്കൂൾ ടീം.
ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് വിജയാധിപത്യം തുടരുന്നത്. പാരമ്പര്യമായി കയ്യടക്കി വച്ചിരിക്കുന്ന വിജയം നിലനിർത്താൻ കഠിന പരിശീലനം തന്നെയാണ് ഇവർ നടത്തുന്നത്.
മുഹമ്മദ് ഇസ്മായിൽ, അസിം, അമീൻ, സിയാം, അൽത്താഫ് എന്നിവർ അഞ്ച് വർഷമായി വിജയ ടീമിന്റെ ഭാഗമാണ്.
സീതയെക്കണ്ടില്ല;ജോസഫിനെ കണ്ടെത്തി
കോട്ടയം ∙ ചിറകരിയപ്പെട്ട് വഴിയരികിൽ കിടക്കുന്ന ജടായു. രാമനൊപ്പം അവിടേക്ക് സീതയെത്തേടിയെത്തുന്ന ലക്ഷ്മണൻ.
ജടായുവിന്റെ വേദനയിൽ ഉരുകുന്ന ലക്ഷ്മണന്റെ വേഷം ആടിത്തിമിർത്ത ജോസഫ് ജെസന്റെ മികവിൽ എച്ച്എസ്എസ് വിഭാഗം കൂടിയാട്ടത്തിൽ വാഴപ്പള്ളി സെന്റ് തെരേസാസ് എച്ച്എസ്എസിന് ഒന്നാം സ്ഥാനം. തുടർച്ചയായി 14ാം വർഷമാണ് സ്കൂൾ എച്ച്എസ്എസ് വിഭാഗം കൂടിയാട്ടത്തിൽ ഒന്നാമതെത്തുന്നത്.
കേൾവി പരിമിതിയുള്ള ജോസഫ് വെറും 4 മാസം കൊണ്ടാണ് ജടായു വധത്തിന്റെ താളവും സംഗീതവും പഠിച്ചെടുത്തത്.
ടീമിലെ മറ്റംഗങ്ങളായ അരുണിമ, ഭാഗ്യലക്ഷ്മി, അലോണ, നിരഞ്ജന, ശിവന്യ, ദേവീ പാർവതി എന്നിവർ ശക്തമായ പിന്തുണ നൽകി. ‘ഏറ്റവും മികവുറ്റ മാതൃകയായി മാറാൻ ജോസഫിന് കഴിയുമെന്ന ഉത്തമവിശ്വാസം എനിക്കുണ്ടായിരുന്നു’– ജോസഫിനെ കണ്ടെത്തി കൂടിയാട്ട
സംഘത്തിൽ ഉൾപ്പെടുത്തിയ അധ്യാപിക ജൂലി ജോസഫ് പറഞ്ഞു.
റെസ്റ്റ് വേണ്ട ഫസ്റ്റ് മതി
കോട്ടയം∙ അകത്തും പുറത്തും വേദനയോടെ നാടോടി നൃത്തത്തിൽ ചിരുതയുടെ കഥ അവതരിപ്പിച്ച ആരാധ്യ എസ്.കുമാർ നേടി ഒന്നാം സ്ഥാനം. ഡാൻസ് പരിശീലനത്തിനിടെ രണ്ട് ദിവസം മുൻപ് വീണ് ഇടതു കയ്യിൽ പരുക്കേറ്റപ്പോൾ ഡോക്ടർ പറഞ്ഞു: ‘റെസ്റ്റ് വേണം’.
പക്ഷേ ആരാധ്യ തീരുമാനിച്ചു ‘ഫസ്റ്റ് വേണം’. അങ്ങനെ മത്സര വേദിയിലേക്ക് പരുക്കേറ്റ കയ്യിൽ ബാൻഡ് എയ്ഡും ചുറ്റി എത്തി എച്ച്എസ് വിഭാഗത്തിൽ മത്സരിച്ചു.
അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ് ആരാധ്യ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

