കൊച്ചി ∙ യുഡിഎഫ് പ്രകടനപത്രികയെ വിമർശിച്ച് മന്ത്രി എം.ബി.രാജേഷ്. പ്രകടനപത്രികയിലെ ശുചിത്വത്തെ കുറിച്ചുള്ള വാഗ്ദാനങ്ങളെ വിമർശിച്ച മന്ത്രി, യുഡിഎഫിന് നാട്ടിൽ നടന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലെന്നും ഇനി ചെയ്യേണ്ടതിനെക്കുറിച്ച് വ്യക്തത തീരെയില്ലെന്നും വിമർശിച്ചു.
ബ്രഹ്മപുരം തീപിടിത്ത സമയത്ത് കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള തീവ്ര കർമപദ്ധതി താൻ അവതരിപ്പിച്ചപ്പോൾ ‘ഇതൊന്നും ഇവിടെ നടക്കില്ല’ എന്ന് പ്രമുഖ യുഡിഎഫ് ജനപ്രതിനിധി തന്നെ വിമർശിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം:
രണ്ടര കൊല്ലം മുൻപത്തെ ഒരു തർക്കത്തെ കുറിച്ച് ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്.
കാരണം വഴിയേ പറയാം.
ആദ്യം സംഭവത്തെക്കുറിച്ച്: 2023 മാർച്ച് 10. എറണാകുളം കലക്ടറേറ്റ് കോൺഫറൻസ് ഹാളാണ് വേദി. ജില്ലയിലെ എല്ലാ ജനപ്രതിനിധികളും മറ്റു വിവിധ സംഘടനാ പ്രതിനിധികളുമുള്ള യോഗം.
ഞാനും വ്യവസായ മന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ട്. ബ്രഹ്മപുരത്തെ തീയണച്ചശേഷം അവിടം സന്ദർശിച്ചാണ് ഞാനും വ്യവസായ മന്ത്രിയും മേയറും യോഗത്തിന് എത്തുന്നത്.
യോഗത്തിൽ കൊച്ചിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള തീവ്ര കർമപദ്ധതി ഞാൻ അവതരിപ്പിച്ചു. എല്ലാവരും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ച എന്നെ അമ്പരപ്പിച്ചുകൊണ്ട് ആദ്യ പ്രതികരണം ഒരു പൊട്ടിത്തെറിയായിരുന്നു.
‘ഇതൊന്നും ഇവിടെ നടക്കില്ല. ഇത് കൊച്ചിയാണ്.
മിനിസ്റ്റർക്ക് കൊച്ചി അറിയാൻ പാടില്ലാത്തത് കൊണ്ടാണ്. ഇത് മിനിസ്റ്ററുടെ പാലക്കാടല്ല’.
രൂക്ഷമായ വാക്കുകൾ പ്രമുഖനായ ഒരു യുഡിഎഫ് ജനപ്രതിനിധിയുടേതായിരുന്നു. ‘നടത്താൻ തീരുമാനിച്ചാണ് വന്നത്.
എങ്ങനെ നടത്തണമെന്ന് അറിയാം’ എന്ന് ഞാനും കടുപ്പിച്ചു.
മാലിന്യനിർമാർജനത്തിൽ നല്ല പ്രവർത്തനം നടത്തുന്ന ഏലൂർ നഗരസഭാ ചെയർമാനോട് അവിടത്തെ അനുഭവം ഒന്നു പറയാൻ ഞാൻ ആവശ്യപ്പെട്ടു. ചെയർമാൻ സുജിൽ ഏലൂർ അനുഭവം പറഞ്ഞതോടെ എതിർത്തവർ പത്തിമടക്കി.
യോഗം പിരിഞ്ഞു. യുഡിഎഫ് നിസഹകരിക്കും എന്ന ആശങ്ക മേയർ എന്നോട് പറഞ്ഞു.
ഞങ്ങൾ നേരിട്ട് ജനങ്ങളെ ബോധ്യപ്പെടുത്താൻ നിശ്ചയിച്ചു. ഒരാഴ്ച ഞാൻ കൊച്ചിയിൽ ക്യാംപ് ചെയ്തു.
ഞാനും മേയറും വാർഡു തോറും പോയി ജനങ്ങളെ വിളിച്ചു ചേർത്തു. കർമപദ്ധതി വിശദീകരിച്ചു. പിന്തുണ തേടി.
ആയിരക്കണക്കിനാളുകളോടാണ് സംസാരിച്ചത്. ഞങ്ങൾക്ക് ആത്മവിശ്വാസമായി.
കേരളത്തിലെ മികച്ച നഗരസഭാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് കൊച്ചിയിലേക്ക് ഒരു ടീമായി നിയോഗിച്ചു. ഒരാഴ്ച എല്ലാ ദിവസവും ഞാനും മേയറും കലക്ടറും പൊലീസ് കമ്മിഷണറും ഗസ്റ്റ് ഹൗസിലെ എന്റെ മുറിയിൽ യോഗം ചേർന്നു.
ശക്തമായ എൻഫോഴ്സ്മെന്റ് നടപടികൾ വിലയിരുത്തി.
തുടർന്ന് എല്ലാ ആഴ്ചയും ഓൺലൈനിലും പലപ്പോഴും നേരിട്ടും പുരോഗതി വിലയിരുത്തി. നടക്കില്ലെന്ന് പറഞ്ഞതൊക്കെ നടക്കാൻ തുടങ്ങി.
മൂന്നുമാസം കൊണ്ട് ആദ്യമായി കൊച്ചിയിൽ ഹരിതകർമ സേനയുണ്ടാക്കി. അതും 750 പേർ!
ഒരൊറ്റ എംസിഎഫ് പോലുമില്ലാത്ത ഇടത്ത് ഒറ്റയടിക്ക് 26 കണ്ടെയ്നർ എംസിഎഫ് സ്ഥാപിച്ചു. മട്ടാഞ്ചേരിയിലെ കൗൺസിലർ ബെന്നിയാണ് ഈ നിർദേശം ആദ്യം അവതരിപ്പിക്കുന്നത്.
സ്ഥലം അധികം വേണ്ട, പെട്ടെന്ന് സ്ഥാപിക്കാം. ഇടപ്പള്ളിയിലെ കൗൺസിലർ അംബിക പല എതിർപ്പുകൾ മറികടന്ന് മേൽപാലത്തിന് താഴെ തുമ്പൂർമൂഴി സ്ഥാപിക്കാൻ മുൻകൈയെടുത്തു. കൗൺസിലർ ശശികല വാർഡിലെ വീടുകളിലെല്ലാം ബയോബിൻ സ്ഥാപിച്ചു.
കൊച്ചി മാറിത്തുടങ്ങി. ബ്രഹ്മപുരം പഴയ ബ്രഹ്മപുരം അല്ലാതായി. ദേശീയ ശുചിത്വ സർവേയിൽ കൊച്ചി അൻപതാം സ്ഥാനത്തേക്ക് കുതിച്ചു.
ബ്രഹ്മപുരം തീപിടിത്തം ഉണ്ടായപ്പോൾ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിന് പിന്നീട് ഇന്നേവരെ സഭയിൽ ബ്രഹ്മപുരം എന്ന് ഉച്ചരിക്കാൻ അവസരം ഉണ്ടായിട്ടില്ല.
സർക്കാർ അതിനിടകൊടുത്തിട്ടില്ല.
ഇത്രയും ഓർക്കാൻ കാരണം യുഡിഎഫ് പ്രകടന പത്രികയാണ്; ഇതിലെ ശുചിത്വത്തെ കുറിച്ചുള്ള വാഗ്ദാനങ്ങളാണ്. ഹരിതകർമ സേനയുടെ മാലിന്യ ശേഖരണം 100 ശതമാനം എത്തിക്കുമെന്നാണ് ഒരു വൻ വാഗ്ദാനം.
നാട്ടിൽ നടന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല, ഇനി ചെയ്യേണ്ടതിനെക്കുറിച്ച് വ്യക്തത തീരെയില്ല എന്നതിന് ഇതിൽപരം തെളിവു വേണോ? ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വച്ചിരിക്കുന്ന ശാസ്ത്രീയ മാലിന്യ പരിപാലന സമീപനം അംഗീകരിച്ചുവെങ്കിലും, ആ സമീപനം എങ്ങനെ നടപ്പിലാക്കണം എന്ന ധാരണ യുഡിഎഫിന് ഇല്ല എന്നത് പ്രകടന പത്രിക വായിക്കുമ്പോൾ മനസ്സിലാകും.
2025 മാർച്ച് 30ന് കേരളത്തിൽ ഹരിതകർമ സേനയുടെ മാലിന്യ കലക്ഷൻ രേഖപ്പെടുത്തിയത് 98.5 ശതമാനമാണ്. 2017ൽ ഹരിത കർമ സേന രൂപീകരിച്ചത് എൽഡിഎഫ്.
ഇത്രത്തോളം ശക്തിപ്പെടുത്തിയതും എൽഡിഎഫ്. ഇനി മാലിന്യ ശേഖരണം 1.5 ശതമാനം കൂടി കൂട്ടാൻ യുഡിഎഫ് വേണ്ട.
ഇത്രയൊക്കെ ചെയ്ത എൽഡിഎഫിന് കഴിയുമല്ലോ. എൽഡിഎഫിനേ കഴിയൂ.
100 ശതമാനത്തിൽ എത്താൻ തടസ്സം യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ സമീപനമാണ്. യുഡിഎഫിന് മേധാവിത്വമുള്ള മലപ്പുറം ജില്ലയും എറണാകുളം ജില്ലയുമാണ് ഹരിതകർമ സേന വഴിയുള്ള പാഴ് വസ്തു ശേഖരണത്തിൽ ഏറ്റവും പിന്നിൽ എന്ന് കാണാം. ഹരിതകർമ സേനയ്ക്ക് മാലിന്യം കൈമാറുന്നത് നിർബന്ധിതമാക്കുന്ന നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് നിയമസഭയിൽ എതിർത്ത് വോട്ട് ചെയ്തവരാണ് യുഡിഎഫ്.
ആ ഭേദഗതിയാണ് ഹരിതകർമ സേനയുടെ മാലിന്യ ശേഖരണം ഗണ്യമായി വർധിപ്പിക്കാൻ സഹായിച്ചത്.
യുഡിഎഫിന് ശുചിത്വത്തോടുള്ള സമീപനം മനസ്സിലാക്കാൻ ഇനിയെത്ര ഉദാഹരണം വേണം? കോഴിക്കോട് ജില്ലയിൽ ഈ കാലയളവിൽ സ്ഥിരം എംസിഎഫ് സ്വന്തമായി നിർമിക്കാത്ത അഞ്ച് പഞ്ചായത്തുകളേയുള്ളൂ. അഞ്ചും യുഡിഎഫ് ഭരിക്കുന്നവ.
മലപ്പുറം ജില്ലയിൽ സ്ഥിരം എംസിഎഫ് നിർമിക്കാത്ത 44 യുഡിഎഫ് പഞ്ചായത്തുകളുണ്ട്. കാസർകോട്ടെ മംഗൽപാടി, എറണാകുളത്തെ തൃക്കാക്കര, കളമശ്ശേരി തുടങ്ങിയ അനേകം യുഡിഎഫ് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ പരിപാലനം ഉദാഹരണമായി ഉണ്ട്.
എല്ലാ സ്ഥലങ്ങളിലും മാലിന്യ സംസ്കരണ പദ്ധതികളെ പൊളിക്കാൻ ശ്രമിച്ച, തരംതിരിക്കുന്നതിനെതിരെ മുതൽ എം സി എഫ് സ്ഥാപിക്കുന്നതിനെ വരെ എതിർത്തു കൊണ്ടിരുന്നവരാണ് യുഡിഎഫ്. ആ യുഡിഎഫ് ആണ് ഇപ്പോൾ പ്രകടന പത്രിയിൽ സീറോ വേസ്റ്റ് സംസ്ഥാനമാക്കും എന്നൊക്കെ പറയുന്നത്.
വിശ്വസിക്കാൻ ധൈര്യമുള്ളവർക്ക് വിശ്വസിക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

