കോന്നി ∙ കല്ലേലി- അച്ചൻകോവിൽ റോഡിലൂടെ ഇത്തവണയും തീർഥാടകർക്ക് യാത്ര ചെയ്യാനാകില്ല. കഴിഞ്ഞ വർഷം മണ്ണാറപ്പാറയ്ക്കു സമീപത്തെ കലുങ്ക് തകർന്നതിനാൽ സമീപത്തെ മറ്റൊരു കലുങ്ക് ഭാഗത്തുകൂടി താൽക്കാലിക വഴി നിർമിച്ചാണ് ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നത്.
തകർന്ന കലുങ്ക് പുനഃസ്ഥാപിക്കുകയോ ചപ്പാത്തുകൾ നന്നാക്കുകയോ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യാത്തതിനാൽ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമായി. പലയിടത്തും കുഴി രൂപപ്പെട്ട് ചെളിക്കുളമായ നിലയിലാണ്.
അച്ചൻകോവിൽ റോഡിന്റെ നടുവത്തുമൂഴി റേഞ്ചിന്റെ പരിധിയിൽ വരുന്നത് എട്ട് കിലോമീറ്ററാണ്. ഇതിൽ 15 ചപ്പാത്തുകളും മൂന്ന് കലുങ്കുകളും പുനരുദ്ധരിക്കേണ്ടതുണ്ട്.
റോഡ് അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റ് എടുക്കുകയും ഇതുസംബന്ധിച്ച റിപ്പോർട്ട് ബന്ധപ്പെട്ട അധികൃതർക്ക് നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ഇനിയും പണികൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇത്തവണത്തെ അച്ചൻകോവിൽ യാത്രയും തീർഥാടകർക്ക് ദുരിതമാകുമെന്നാണ് വിലയിരുത്തൽ.
അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം അടുത്ത മാസമാണ് തുടങ്ങുക. കോന്നി കരക്കാരുടെ ഉത്സവം ഉൾപ്പെടെ നടക്കുന്ന അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് പോകുന്ന കോന്നിക്കാരും ഉപയോഗിക്കുന്ന പാതയാണിത്.
അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള തങ്ക അന്നക്കൊടി കോന്നിയിൽ നിന്ന് എഴുന്നള്ളിച്ചു കൊണ്ടുപോകുന്നതും ഈ പരമ്പരാഗത പാതയിലൂടെയാണ്. തമിഴ്നാട്ടിൽ നിന്നടക്കമുള്ള തീർഥാടകരും ഉപയോഗിക്കുന്ന വനപാതയാണിത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ശബരിമല ദർശനം കഴിഞ്ഞ് കോന്നി, കല്ലേലി വഴി വനപാതയിലൂടെ അച്ചൻകോവിൽ ക്ഷേത്രത്തിലേക്കു പോകുന്നുണ്ട്. സംസ്ഥാന പാതയിലെ എലിയറയ്ക്കലിൽ നിന്ന് അച്ചൻകോവിൽ ബോർഡ് വച്ചിട്ടുള്ളതിനാൽ തീർഥാടകർ ഈ വഴിയിലൂടെ പോകാറുണ്ട്.
ഇത്തരം വാഹനങ്ങൾ കല്ലേലി ചെക്പോസ്റ്റിൽ വനംവകുപ്പ് അധികൃതർ തടഞ്ഞ് തിരിച്ചു വിടുകയാണ് ചെയ്യുന്നത്. 6 കിലോമീറ്ററിലധികം സഞ്ചരിച്ച ശേഷമാകും തിരിച്ചുപോരേണ്ടി വരിക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

