ശബരിമല ∙ തീർഥാടനം തുടങ്ങി ഒരാഴ്ചയായിട്ടും സന്നിധാനത്തെ രണ്ട് പ്രധാന ഹോട്ടലുകൾ തുറക്കാത്തതു ഭക്ഷണത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ശബരി ഗെസ്റ്റ് ഹൗസ്, പൊലീസ് ബാരക് എന്നിവിടങ്ങളിലെ വലിയ ഹോട്ടലുകളാണ് ഇനിയും ലേലത്തിൽ പോകാത്തത്. ദേവസ്വം ബോർഡ് നിശ്ചയിച്ച അടിസ്ഥാന തുക കൂടുതൽ ആയതിനാൽ കച്ചവടക്കാർ ലേലം പിടിക്കാതെ മാറി നിൽക്കുകയാണ്.
പൊലീസ് ബാരക്കിനു സമീപത്തെ ഹോട്ടലിനു നിശ്ചയിച്ച അടിസ്ഥാന തുക 1.54 കോടി രൂപയാണ്.
ഇതിനു ജിഎസ്ടി ആയി 27.82 ലക്ഷം, ഇഎംഡി –17.17 ലക്ഷം, കാഷ് സെക്യൂരിറ്റി– 2 ലക്ഷം, ക്ലീനിങ് സെക്യൂരിറ്റി– ഒരു ലക്ഷം, വേസ്റ്റ് മാനേജ്മെന്റ് സെക്യൂരിറ്റി 1.30 ലക്ഷം, വെള്ളത്തിനു കണക്ഷൻ– 1.05 ലക്ഷം ഉൾപ്പെടെ 2.04 കോടി രൂപ, അടിസ്ഥാന തുകയിൽ തന്നെ ലേലം ഉറപ്പിച്ചാൽ, അടച്ചെങ്കിലേ കട തുടങ്ങാൻ പറ്റു.
അതേപോലെ ശബരി ഗെസ്റ്റ് ഹൗസിനു സമീപത്തെ ഹോട്ടലിനു ദേവസ്വം ബോർഡ് നിശ്ചയിച്ച അടിസ്ഥാന തുക 81.90 ലക്ഷം രൂപയാണ്.
ഇതിനു പുറമേ 18 ശതമാനം ജിഎസ്ടി–14.74 ലക്ഷം, ഇഎംഡി–9.1 ലക്ഷം, കെട്ടിടം സെക്യൂരിറ്റി 2.50 ലക്ഷം, ക്ലീനിങ് സെക്യൂരിറ്റി– ഒരു ലക്ഷം, വേസ്റ്റ് മാനേജ്മെന്റ് സെക്യൂരിറ്റി 1.30 ലക്ഷം, വാട്ടർ കണക്ഷൻ 1.05 ലക്ഷം ഉൾപ്പെടെ 1.13 കോടി രൂപ (അടിസ്ഥാന തുകയിൽ തന്നെ ലേലം ഉറപ്പിച്ചാൽ) വേണമെന്നാണ് കച്ചവടക്കാർ പറയുന്നത്. അതിനാൽ അവർ ലേലം പിടിക്കാതെ മാറി നിൽക്കുകയാണ്.
ശബരി ഗെസ്റ്റ് ഹൗസിൽ താമസിക്കുന്നവർക്ക് ഒരു ചായ കുടിക്കാൻ ആശുപത്രിക്കു സമീപം വലിയ നടപ്പന്തലിൽ പോകണം. ഊണ് കഴിക്കണമെങ്കിൽ പാണ്ടിത്താവളത്തിൽ പോകണം.
പൊലീസ് ബാരക്കിനു സമീപത്തുള്ളവർ ചായ കുടിക്കാൻ മാളികപ്പുറത്ത് പോസ്റ്റ് ഓഫിസ് വരെ വരണം. ഊണിന് ഇവർക്കും പാണ്ടിത്താവളത്തിൽ പോകണം. തിരക്കിനിടയിലൂടെ അത്രയും നടക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല.
ദേവസ്വം അന്നദാനത്തിൽ നിന്നു ഭക്ഷണം കിട്ടാൻ കുറഞ്ഞത് ഒന്നര മണിക്കൂർ കാത്തുനിൽക്കണം.
ഇതാണ് സന്നിധാനത്തിലെ അവസ്ഥ. ഈ ഹോട്ടലുകളുടെ ലേലം എന്നു നടക്കുമെന്നു ദേവസ്വം ബോർഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ ഭക്ഷണക്ഷാമം തുടരാനാണ് സാധ്യത.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

