ചടയമംഗലം∙ ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷനിൽ മത്സരം ചൂടേറും. മന്ത്രി പത്നി മത്സരിക്കുന്ന ഡിവിഷൻ എന്ന പ്രത്യേകതയും ഉണ്ട്.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ നിലമേൽ, ചടയമംഗലം, ഇട്ടിവ പഞ്ചായത്തുകൾ പൂർണമായും കടയ്ക്കൽ പഞ്ചായത്തിലെ 11 വാർഡുകളും ഉൾപ്പെട്ടതാണ് ഡിവിഷൻ. മന്ത്രി ജി.ആർ.അനിലിന്റെ പത്നിയും മുൻ എംഎൽഎയുമായ ഡോ.ആർ.ലതാ ദേവി (63) എൽഡിഎഫിൽ സിപിഐ സ്ഥാനാർഥിയായും യുഡിഎഫിൽ കോൺഗ്രസിലെ ഗോപികാ റാണി കൃഷ്ണയും (55) എൻഡിഎയിൽ ബിജെപി സ്ഥാനാർഥി രാജി കൃഷ്ണനും (42) തമ്മിലാണ് മത്സരം.
1996ൽ ചടയമംഗലം നിയമസഭ മണ്ഡലത്തിൽ നിന്നു വിജയിച്ചു എംഎൽഎയായ ആർ.ലതാ ദേവി അടുത്ത തിരഞ്ഞെടുപ്പിൽ പ്രയാർ ഗോപാലകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു.
വർക്കല എസ്.എൻ.കോളജിൽ നിന്നു പ്രഫസറായി വിരമിച്ച ശേഷം വീണ്ടും സജീവ രാഷ്ട്രീയത്തിൽ നിലയുറപ്പിച്ചു. കടയ്ക്കൽ ചരിപ്പറമ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന സി.എൻ.രാഘവൻ പിള്ളയുടെ മകളാണ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. നിലവിൽ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ലതാ ദേവി മഹിളാ സംഘത്തിന്റെ ദേശീയ കൗൺസിൽ അംഗമാണ്.
മകൾ: അഡ്വ.എ.എൻ.ദേവിക.
യുഡിഎഫ് സ്ഥാനാർഥി ഗോപിക റാണി കൃഷ്ണ നിലമേൽ സ്വദേശിയാണ്. നിലമേൽ പഞ്ചായത്ത് അംഗമായി സജീവ രാഷ്ട്രീയത്തിൽ എത്തി.
കോൺഗ്രസിന്റെ ചടയമംഗലം ബ്ലോക്ക് ജനറൽ സെക്രട്ടറി മുതൽ മഹിളാ കോൺഗ്രസിന്റെ ജില്ലാ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചു. 2010ൽ ജില്ലാ പഞ്ചായത്ത് ചിതറ ഡിവിഷനിലും 2015ൽ ചടയമംഗലം ഡിവിഷനിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ചടയമംഗലം ഡിവിഷനിൽ നിന്നാണ് വീണ്ടും ജനവിധി നേടുന്നത്.
കെഎസ്യുവിലൂടെയാണ് തുടക്കം. ഡിഗ്രി വിദ്യാഭ്യാസത്തിന് പുറമേ ജെഡിസിയും വിജയിച്ചു.
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ് നിലകളിൽ പ്രവർത്തിച്ചു. 35 വർഷമായി കൈതോട് ക്ഷീര സംഘം സെക്രട്ടറിയാണ്.
എൻഎസ്എസ് താലൂക്ക് യൂണിയൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായ വി.ഗോപകുമാറാണ് ഭർത്താവ്. മക്കൾ: ജി.ഗോകുൽ, അഡ്വ.ഗീതുകൃഷ്ണ.
എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ രാജി കൃഷ്ണന്റേത് കന്നിയങ്കമാണ്. വെളിനല്ലൂർ കരിങ്ങന്നൂർ സ്വദേശിയാണ്.
ബിഎ പിപിടിടിസി വിദ്യാഭ്യാസം നേടിയ ശേഷം മെഡിക്കൽ റപ്രസെന്റേറ്റിവ് ആയി പ്രവർത്തിക്കുന്നു. ബിജെപി ചടയമംഗലം മണ്ഡലം കമ്മിറ്റിയംഗമാണ്.
മഹിളാ മോർച്ചയുടെ സജീവ പ്രവർത്തകയാണ്. ഭർത്താവ്: ബിജെപി ചടയമംഗലം മണ്ഡലം പ്രസിഡന്റ് എസ്.ജയകുമാർ. മക്കൾ: ആദിത്യൻ, ആദിനാഥ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

