ദില്ലി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ ലേബർ കോഡുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകളും. സംയുക്ത ട്രേഡ് യൂണിയൻ സമിതി ഈ മാസം 26-ന് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിൽ സംയുക്ത കിസാൻ മോർച്ചയും അണിചേരും.
സംസ്ഥാനങ്ങളിൽ ജില്ലാ തലത്തിലും ദില്ലിയിലെ ജന്തർ മന്തറിലും നോയിഡയിലുമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. നാല് ലേബർ കോഡുകളും പിൻവലിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോയും ആവശ്യപ്പെട്ടു.
ഇത് രാജ്യത്ത് ‘ജംഗിൾ രാജ്’ സ്ഥാപിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾക്ക് മേൽ ബുൾഡോസർ കയറ്റാനുമുള്ള ശ്രമമാണെന്നും പിബി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. അതേസമയം, പ്രതിഷേധം ശക്തമായതോടെ നിയമത്തിലെ വിവാദപരമായ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായേക്കുമെന്ന് സൂചനകളുണ്ട്.
എതിർപ്പുന്നയിച്ച സംഘടനകളുമായി ചർച്ച നടത്താനും നിർദേശങ്ങൾ സ്വീകരിക്കാനും കേന്ദ്ര തൊഴിൽ മന്ത്രാലയം സന്നദ്ധമാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുണ്ടായിരുന്ന 26 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ചാണ് കേന്ദ്രം നാല് പുതിയ ലേബർ കോഡുകൾക്ക് രൂപം നൽകിയത്.
ഈ നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെ പത്തോളം തൊഴിലാളി സംഘടനകൾ ചേർന്ന സംയുക്ത സമിതിയാണ് ഈ മാസം 26-ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സ്ഥാപനത്തിലെ 10 ശതമാനം തൊഴിലാളികളോ അല്ലെങ്കിൽ 100 പേരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ അനുവദിക്കൂ എന്നതുപോലുള്ള കർശന വ്യവസ്ഥകളാണ് സംഘടനകളുടെ പ്രധാന എതിർപ്പിന് കാരണം.
സംഘടനകൾ ശക്തമായ എതിർപ്പ് തുടരുമ്പോഴും പുതിയ തൊഴിൽ പരിഷ്കാരം ചരിത്രപരമാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. നിയമന ഉത്തരവ്, ന്യായമായ വേതനം, സ്ത്രീകൾക്ക് തുല്യവേതനം, സാമൂഹിക സുരക്ഷ, ഒരു വർഷം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റി, മുതിർന്ന ജീവനക്കാർക്ക് വാർഷിക ആരോഗ്യ പരിശോധന, അധികമായി ജോലി ചെയ്യുന്ന സമയത്തിന് ഇരട്ടി വേതനം, ആരോഗ്യ സുരക്ഷ എന്നിവയെല്ലാം പുതിയ നിയമം വഴി തൊഴിലാളികൾക്ക് ഉറപ്പാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി അവകാശപ്പെട്ടു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

