തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ പ്രതികളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന് മാത്രം കട്ടിലിൽ കിടക്കാം. മുൻ പ്രസിഡന്റ് എ.പത്മകുമാർ ഉൾപ്പെടെ ബാക്കിയെല്ലാവരും സെല്ലുകളിൽ മറ്റു തടവുകാർക്കൊപ്പമാണ് താമസം.
കൊട്ടാരക്കര സബ് ജയിലിലായിരുന്ന എൻ.വാസു ഹൃദ്രോഗബാധിതനാണെന്നതിനാൽ ചികിത്സ നൽകണമെന്ന ഡോക്ടറുടെ നിർദേശ പ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. ഇവിടെ ആശുപത്രി സെല്ലിലാണ് 74 വയസ്സുള്ള വാസുവിനെ താമസിപ്പിച്ചിരിക്കുന്നത്.
മുറിയിൽ കട്ടിലും ഫാനും ഉണ്ട്. ഡോക്ടർമാർക്ക് പരിശോധിക്കാനും അവസരമുണ്ട്.
എന്നാൽ വ്യാഴാഴ്ച അറസ്റ്റിലായ എ.പത്മകുമാറും കേസിൽ മുൻപ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി.സുധീഷ്കുമാർ, കെ.എസ്.ബൈജു എന്നിവരും സ്പെഷൽ ജയിലിലാണ്.
ഇവർ ഓരോരുത്തരും വെവ്വേറെ സെല്ലിൽ മറ്റു തടവുകാർക്കൊപ്പമാണ് താമസം. പത്മകുമാറിന് മുൻ എംഎൽഎ എന്ന നിലയിൽ പ്രത്യേക സൗകര്യം കൊടുക്കേണ്ടതുണ്ട്.
അതുകൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ഉടനെ മാറ്റിയേക്കും.
‘എല്ലാം പത്മകുമാർ തീരുമാനിച്ചു’
തിരുവനന്തപുരം ∙ ശബരിമല ശ്രീകോവിൽ വാതിൽ കട്ടിളകളിലെ പാളികൾ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് അന്നത്തെ ബോർഡ് അംഗങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മൊഴി നൽകിയെന്നു സൂചന. ബോർഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും എൻ.വിജയകുമാറുമാണു തങ്ങൾ നിരപരാധികളാണെന്നു മൊഴി നൽകിയത്.
‘ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം പാളികൾ കൊടുത്തുവിടാനുള്ള തീരുമാനം ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ എങ്ങനെയാണ് കടന്നുകൂടിയതെന്ന് അറിയില്ല.
അപേക്ഷ ബോർഡിനു മുൻപാകെ വന്നപ്പോൾ വിശദമായി ചർച്ച നടത്തിയ ശേഷം തീരുമാനം പിന്നീട് എടുക്കാമെന്ന നിലപാടാണു യോഗത്തിൽ സ്വീകരിച്ചത്. പാളികൾ പോറ്റിക്കു കൈമാറാമെന്ന തീരുമാനം പിന്നീട് മിനിറ്റ്സിൽ എഴുതിച്ചേർത്ത നിലയിലാണു കണ്ടത്’– ഇരുവരും നൽകിയ മൊഴികളിലെ വാദം ഇങ്ങനെ.
എന്നാൽ ബോർഡ് കൂട്ടായി എടുക്കാത്ത തീരുമാനമായിരുന്നെങ്കിൽ അതറിഞ്ഞിട്ടും ഇവർ എന്തെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയതായി രേഖയില്ല.
ദ്വാരപാലക ശിൽപങ്ങളിൽനിന്ന് ഇളക്കിയെടുത്ത പാളികൾ 39 ദിവസത്തിനു ശേഷം മാത്രം ചെന്നൈയിൽ എത്തിച്ചതിലും പിന്നീട് തിരിച്ചു കൊണ്ടുവന്നപ്പോൾ ഭാരം തിട്ടപ്പെടുത്താതെ സ്ഥാപിച്ചതിലുമടക്കം ബോർഡിന്റെ ഭാഗത്തുനിന്നു ദുരൂഹമായ അലംഭാവം ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ബോർഡിന് കൂട്ടുത്തരവാദിത്തമാണെങ്കിലും അതിൽ ബോർഡ് അംഗങ്ങൾ എന്തു വിശദീകരണം നൽകിയെന്നു വ്യക്തമല്ല.
പത്മകുമാറിനെ കസ്റ്റഡിയിൽ എടുക്കും മുൻപ് കഴിഞ്ഞ ദിവസമാണ് ശങ്കരദാസിനെയും വിജയകുമാറിനെയും എസ്ഐടി രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തത്.
എന്നാൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയതിനെപ്പറ്റി ഇരുവരും പ്രതികരിച്ചില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

