തിരുവനന്തപുരം∙ ഭക്ഷ്യവകുപ്പിന്റെ ഐടി ശൃംഖലയിൽ കടന്നുകയറി അനുമതി നേടിയെടുത്ത് നൂറ്റിയൻപതോളം മുൻഗണനാ റേഷൻകാർഡുകൾ (പിങ്ക്) വ്യാജമായി നിർമിച്ചത് മാസങ്ങൾക്കു ശേഷം കണ്ടെത്തി. മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാർഡ് ഉടമകളിൽനിന്നു പണം വാങ്ങി മുൻഗണന കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്വേഡും ഡേറ്റബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിയത്. ബീമാപള്ളിയിലെ 234–ാം നമ്പർ റേഷൻ കട
ലൈസൻസി സഹദ് ഖാനെ (32) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതി ഉൾപ്പെടെ കൂടുതൽ പേരെ പിടികൂടാനുണ്ട്. വകുപ്പിലെ തന്നെ ഉദ്യോഗസ്ഥനോ പാസ്വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാവുന്ന ഐടി വിദഗ്ധനോ പ്രതിയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ജൂൺ മുതൽ നടന്നുവന്ന തട്ടിപ്പ്, ഒന്നര മാസം മുൻപ് വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കുള്ള സംശയത്തെ തുടർന്നാണു കണ്ടെത്തിയത്. വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എച്ച്.എസ്.ഷാനിസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് നടത്തിയ തെളിവെടുപ്പിൽ വീട്ടിൽ നിന്നും കടകളിൽ നിന്നും തട്ടിപ്പു നടത്തിയ കാർഡുകൾ കണ്ടെത്തി. ഈ കാർഡുകൾ മുഴുവൻ ഭക്ഷ്യവകുപ്പ് റദ്ദാക്കിയിട്ടുണ്ട്. സഹദിന്റെ റേഷൻ ലൈസൻസ് സസ്പെൻഡ് ചെയ്തു.
പ്രതിയെ റിമാൻഡ് ചെയ്തു.
കാർഡുകൾ നിർമിച്ച രീതി അതിവിദഗ്ധം
ആദ്യം ഏതെങ്കിലും മുൻഗണനാ റേഷൻ കാർഡ് (പിങ്ക് കാർഡ്) ഉടമയുടെ കാർഡിലേക്കായി അവരുടെ അനുമതിയില്ലാതെ ഓൺലൈൻ അപേക്ഷ നൽകി വെള്ള, നീല എന്നീ വിഭാഗങ്ങളിലെ റേഷൻ കാർഡിലെ ചില അംഗങ്ങളെ ചേർക്കും. അതിന് അവരുടെ ഫോൺ നമ്പർ ഉപയോഗിക്കും.
അപേക്ഷ സമർപ്പിച്ചു, പരിശോധിച്ച് അനുമതി നൽകി എന്നിങ്ങനെ എസ്എംഎസ് ഈ കാർഡ് ഉടമകൾക്കു ലഭിക്കുമെങ്കിലും അവർ ശ്രദ്ധിക്കില്ല.
ഏതാനും ദിവസങ്ങൾക്കു ശേഷം ഇങ്ങനെ ചേർത്ത പുതിയ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി പുതിയ മുൻഗണനാ കാർഡ് വേണമെന്ന അപേക്ഷ നൽകും.
മുൻഗണനാ കാർഡിലെ അംഗങ്ങൾ പുതിയ കാർഡിനായി അപേക്ഷിച്ചാൽ മുൻഗണനാ കാർഡ് തന്നെയാണു ലഭിക്കുക. ഭക്ഷ്യവകുപ്പിന്റെ ഓൺലൈൻ വഴി തന്നെ അപേക്ഷയും അനുമതിയും ലഭിക്കുന്നതിനാൽ കാർഡുകൾ ആക്ടീവാക്കാനും സാധിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

