നാട്ടുവാക്കുകൾ തേടി നാടറിഞ്ഞൊരു യാത്രയായി മലയാള മനോരമ ഹോർത്തൂസിന്റെ വയനാട്ടിലെ ‘പദയാത്ര’. രാവിലെ ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്നാരംഭിച്ച യാത്ര വൈകിട്ടു പുൽപള്ളിയിൽ സമാപിച്ചു.
കൽപറ്റ എൻഎംഎസ്എം ഗവ.കോളജ്, നടവയൽ സിഎം കോളജ്, പുൽപള്ളി പഴശ്ശിരാജ കോളജ് എന്നിവിടങ്ങളിലാണു ഹോർത്തൂസിന്റെ ക്യാംപസ് ‘പദയാത്ര’ നടന്നത്. ഓരോ ക്യാംപസിൽ നിന്നും വ്യത്യസ്തങ്ങളായ നാട്ടുവാക്കുകൾ ഹോർത്തൂസ് സംഘത്തിന് സമ്മാനിച്ചു.
‘മുളി’ ഒരുക്കി കൽപറ്റ എൻഎംഎസ്എം
ഹോർത്തൂസ് ‘പദ’യാത്രയുടെ ആദ്യ സ്വീകരണ കേന്ദ്രം കൽപറ്റ എൻഎംഎസ്എം ഗവ.കോളജായിരുന്നു.
പരീക്ഷാ ചൂടൊക്കെ മാറ്റിവച്ച് ഹോർത്തൂസ് സംഘത്തെയും കാത്ത് രാവിലെ പത്തരയോടെ വിദ്യാർഥികൾ ക്യാംപസിൽ കൂട്ടത്തോടെ എത്തി. 10.45നു ക്യാംപസിലെത്തിയ ഹോർത്തൂസ് സംഘത്തെ വിദ്യാർഥികൾ കയ്യടികളോടെ സ്വീകരിച്ചു.വിദ്യാർഥികളുടെ ‘പരീക്ഷാ മൂഡ്’ പതിയെ ‘പൊളി മൂഡി’ലേക്ക് മാറി.
റേഡിയോ മാംഗോയിലെ ആർജെ ജെയ്സലിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ചില ടാസ്ക്കുകൾ പൂർത്തിയാക്കിയും അവർ കോളജിനെ ഇളക്കി മറിച്ചു.
മത്സരങ്ങളിൽ പങ്കെടുത്തവരെല്ലാം ഹോർത്തൂസിന്റെ വക കൈനിറയെ സമ്മാനങ്ങളും സ്വന്തമാക്കി. കോളജ് പ്രിൻസിപ്പൽ ഡോ.സുബിൻ പി,ജോസഫ്, ക്യാംപസ് തിരഞ്ഞെടുത്ത വാക്ക് ഹോർത്തൂസിനായി എഴുതി കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.രഞ്ജു രവി, ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഇ.പി.സഫീറ ബീവി തുടങ്ങിയവർ നേതൃത്വം നൽകി.
‘ഒക്കൽ’ വിശേഷവുമായി പുൽപള്ളി ജയശ്രീ
പുൽപള്ളി ∙ ഗോത്രഭാഷയുടെ താളത്തിലും ഈണത്തിലും അലയടിച്ച റാപ് സംഗീതത്തിന്റെയും ഗോത്ര ഗാനങ്ങളുടെയും നിലയ്ക്കാത്ത ഈരടികളിൽ ലയിച്ചുചേർന്നായിരുന്നു ഹോർത്തൂസ് പദയാത്രയുടെ ജയശ്രീ ക്യാംപസിലെ പര്യടനം.നടവയലിലെ പരിപാടി കഴിഞ്ഞ് വൈകിട്ട് 3.30നു കല്ലുവയലിലെ ജയശ്രീ ക്യാംപസിലെത്തിയ പദയാത്രയ്ക്ക് വിദ്യാർഥികൾ ആവേശകരമായ വരവേൽപു നൽകി. സി.കെ.രാഘവൻ സ്മാരക ടിടിഐ, ബിഎഡ് കോളജിലെ വിദ്യാർഥികൾക്കു പുറമെ ജയശ്രീ ഹയർസെക്കൻഡറിയിലെ കുട്ടികളും ചേർന്ന് ഒരു മണിക്കൂറോളം വേദി തകർത്താടി.
എ.പി.അനഘോഷിന്റെ തൽസമയ റാപ് സംഗീതവും ടിടിഐയിലെ ദേവപ്രിയ ജെ.ദേവദാസിന്റെ ഗാനവും എ.ജി.രാജേഷിന്റെ നാടൻപാട്ടും കെ.സി.ശ്രുതിയുടെ ഗാനവും നേഹ ശ്യാമും സംഘവും അവതരിപ്പിച്ച ഗോത്രഗാനവും ഇമ്പമേകി.
ഒക്കൽ എന്ന വാക്കാണ് ജയശ്രീ ക്യാംപസ് ഹോർത്തൂസ് പദയാത്രയ്ക്കു കൈമാറിയത്. സി.കെ.രാഘവൻ സ്മാരക ടിടിഐ പ്രിൻസിപ്പൽ പ്രിൻസിപ്പൽ ഷൈൻ പി.ദേവസ്യ ഒക്കൽ എന്ന പദം എഴുതി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ കെ.ആർ.ജയരാജ്, സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ.സുരേഷ് എന്നിവർപ്രസംഗിച്ചു.
‘കേണി’ തീർഥവുമായി സിഎം കോളജ്
നടവയൽ ∙ സിഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഉച്ചകഴിഞ്ഞ് രണ്ടിനാണ് പദയാത്ര എത്തിയത്.
കത്തുന്ന ഉച്ചവെയിലിൽ കുളിരിന്റെ തണുപ്പുള്ള ജീവജലം നൽകുന്ന കേണി എന്ന വാക്കുമായാണ് പദയാത്രയെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വീകരിച്ചത്. പ്രിൻസിപ്പൽ ഷാഫി കേണി എന്ന പദം എഴുതി പദയാത്രയ്ക്കു കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.
മലയാള വിഭാഗം അസി. പ്രഫ.
എൻ.ആർ.ദീപ, റെജില നാഥ്, പി.ആതിര, അന്ന ബിജു, അക്കാദമി കോഓർഡിനേറ്റർ യു.സുമയ്യ എന്നിവർ പ്രസംഗിച്ചു.
പങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ കലാപ്രകടനങ്ങൾ കൊണ്ടും മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചാണു നടവയൽ സിഎം കോളജിലെ വിദ്യാർഥികളും അധ്യാപകരും പദയാത്രയെ സ്വീകരിച്ചത്. സിഎം കോളജിലെ വിദ്യാർഥി ദിൽജിത്ത് മനോജ് അവതരിപ്പിച്ച നാടൻ പാട്ടോടെയാണ് പരിപാടികൾക്കു തുടക്കമായത്.
വിദ്യാർഥികളായ തെസ്നി ആൻഡ് ടീം തകർത്താടിയ ഫ്ലാഷ്മോബ്, പി.വി.നവനീത് ഒരുക്കിയ ഡ്രം ഷോ, നിഹ ആൻഡ് ടീം അവതരിപ്പിച്ച കമ്പള നൃത്തം, എം.കെ.അജ്നാസ്, സന ഇക്ബാൽ എന്നിവർ അവതരിപ്പിച്ച സിനിമ ഗാനങ്ങൾ എന്നിവ ശ്രദ്ധേയമായി.
ഫ്ലാഷ് മോബ് അടക്കമുള്ള പരിപാടികൾ അവതരിപ്പിച്ചവരെ കടത്തിവെട്ടി കാണികളായി നിന്ന വിദ്യാർഥികളും അധ്യാപകരും ചുവടുവച്ചതോടെ അരങ്ങ് ഉഷാറായി. കമ്പളനൃത്തത്തിന് വിദ്യാർഥികളെ ഒരുക്കാനും മറ്റും സമീപത്തെ ഊരിൽ നിന്നു രക്ഷിതാക്കളും കുട്ടികളും എത്തി.
അവർക്കൊപ്പം തുടികൊട്ടി ആടുകയും ചെയ്തതോടെ പദയാത്ര അക്ഷരാർഥത്തിൽ ഉത്സവലഹരിയിലായി. പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങൾ നൽകിയ ശേഷമാണ് പദയാത്ര ടീം അടുത്ത കോളജിലേക്ക് യാത്രതിരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

