കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ അറബിക്കടലിൽ നിന്നും പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി. ലോകത്ത് തന്നെ അപൂർവ്വമായി കാണപ്പെടുന്ന ടനിൻജിയ എന്ന വർഗത്തിൽ പെട്ടതാണ് ഈ കണ്ടെത്തൽ.
ഈ വർഗത്തിൽ ഇതുവരെ അറ്റ്ലാന്റിക് സമുദ്രത്തിലെ ടനിൻജിയ ഡാനേ എന്ന ഒരിനം മാത്രമേ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഈ വർഗത്തിലെ രണ്ടാമത്തെ ഇനത്തെയാണ് ഇപ്പോൾ സിഎംഎഫ്ആർഐയിലെ ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്.
കൊല്ലം തീരത്തുനിന്നും ഏകദേശം 390 മീറ്റർ ആഴത്തിൽ നിന്നാണ് ഒക്ടോപോട്യൂത്തിഡേ കുടുംബത്തിൽപ്പെട്ട ഈ കൂന്തളിനെ കണ്ടെത്തിയത്.
സാധാരണ കൂന്തളുകൾക്ക് എട്ട് കൈകളും രണ്ട് നീണ്ട സ്പർശിനികളും (ടെന്റക്കിൾ) ഉണ്ടാവാറുണ്ട്.
എന്നാൽ ഇവയ്ക്ക് നീരാളികളെപ്പോലെ എട്ട് കൈകൾ മാത്രമാണുള്ളത്, സ്പർശിനികൾ ഇല്ല. ഈ പ്രത്യേകത കാരണമാണ് ഇവയെ നീരാളി കൂന്തൾ എന്ന് വിളിക്കുന്നത്.
സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറും ടെക്നിക്കൽ ഓഫീസർ ഡോ.
കെ. കെ.
സജികുമാറും അടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്. പുതിയ ഇനത്തിന് ‘ടനിൻജിയ സൈലാസി’ എന്ന് പേര് നൽകി.
പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനും സിഎംഎഫ്ആർഐ മുൻ ഡയറക്ടറും കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. ഇ.
ജി. സൈലാസിനോടുള്ള ബഹുമാനസൂചകമായാണ് ഈ പേരിട്ടത്.
ഇന്ത്യയിലെ കണവ-കൂന്തൾ ഗവേഷണത്തിലെ പ്രധാനികളിൽ ഒരാളായിരുന്നു ഡോ. സൈലാസ്.
“അറബിക്കടലിൽ നിന്നും ടനിൻജിയ വർഗത്തിലെ ഒരു നീരാളി കൂന്തളിനെ ലഭിക്കുന്നത് ഇതാദ്യമായാണ്. ഒറ്റനോട്ടത്തിൽ ഇത് നിലവിൽ അറിയപ്പെടുന്ന ഏക ഇനമായ ടനിൻജിയ ഡാനേ ആണെന്നാണ് കരുതിയത്.
കാരണം, ഈ വർഗം ഏകജാതീയമാണ് (മോണോടൈപിക്) എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ അറബിക്കടലിൽ നിന്ന് ലഭിച്ച കൂന്തളിന് ബാഹ്യരൂപത്തിൽ വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ വിശദമായ ജനിതക, വർഗീകരണ പഠനങ്ങൾ നടത്തി.
ഈ പഠനത്തിലാണ് ഇതൊരു പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചത്,” ഡോ. ഗീത ശശികുമാർ വിശദീകരിച്ചു.
ഈ കുടുംബത്തിൽപ്പെട്ട കൂന്തളുകൾക്ക് വലിയ വലുപ്പവും ഭാരവും ഉണ്ടാകാറുണ്ടെന്ന് ഡോ.
സജികുമാർ പറഞ്ഞു. ഇവയ്ക്ക് രണ്ട് മീറ്ററിലധികം നീളവും 61 കിലോഗ്രാം വരെ ഭാരവും വെക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഈ കണ്ടെത്തൽ സംബന്ധിച്ച പഠനം അന്താരാഷ്ട്ര ജേണലായ ‘മറൈൻ ബയോഡൈവേഴ്സിറ്റി’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ വിദ്യാർത്ഥികളായ ഡോ.
ഷിജിൻ അമേരി, ടോജി തോമസ് എന്നിവരും പഠനസംഘത്തിൽ അംഗങ്ങളായിരുന്നു. ലോകത്താകമാനം ഇതുവരെ 400-ൽ പരം കൂന്തൾ ഇനങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

