കണ്ണൂർ ∙ ജില്ലാ ആശുപത്രിയുടെ പുതിയ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലുൾപ്പെടെയുള്ള ശുചിമുറികളിലെ ക്ലോസറ്റുകളിൽനിന്നു ലഭിക്കുന്നതു മദ്യക്കുപ്പി മുതൽ വസ്ത്രങ്ങൾ വരെ. ചില രോഗികളും കൂട്ടിരിപ്പുകാരുമാണ് ഇതിനു പിന്നിലെന്ന് ആശുപത്രി അധികൃതർ പറയുന്നു. പഴകിയ വസ്ത്രങ്ങൾ, ഉപയോഗിച്ച പാഡുകൾ, കുപ്പികൾ, മദ്യക്കുപ്പികൾ തുടങ്ങി സകലതും ക്ലോസറ്റിലിടുകയാണ്.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള പൈപ്പുകൾ ബ്ലോക്കാകുന്നതു പതിവായതോടെ ആശുപത്രി അധികൃതർ ബോധവൽക്കരണത്തിനിറങ്ങി. എന്നിട്ടും ഫലമില്ല.
ഇന്നലെ, ബ്ലോക്കിനെത്തുടർന്ന് പൈപ്പ് പൊട്ടി മാലിന്യം പുറത്തേക്കൊഴുകി.
ഏകദേശം 63 കോടി രൂപ ചെലവഴിച്ചു നിർമിച്ച സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കും അതിനോടനുബന്ധിച്ചു നിർമിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമാണു ചിലരുടെ മോശം പെരുമാറ്റം കാരണം നശിക്കുന്നത്. ‘മാലിന്യം വേർതിരിച്ചിടണമെന്നും അതിനായി ബക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പറഞ്ഞു മടുത്തു. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മാലിന്യങ്ങളെത്തിയാൽ പിന്നെ, അതു ശരിയാക്കിയെടുക്കാൻ മാസങ്ങളെടുക്കും.
എല്ലാ ശുചിമുറികൾക്കരികിലും മാലിന്യ ബക്കറ്റുകൾ വച്ചിട്ടുണ്ട്.
പോസ്റ്ററും പതിച്ചിട്ടുണ്ട്. ഇതിനുപുറമേ, എന്നും രാവിലെ നഴ്സിങ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാലിന്യനിർമാർജനത്തെക്കുറിച്ച് ക്ലാസ് നൽകുന്നുമുണ്ട്.
ജനങ്ങൾ കൂടി സഹകരിച്ചാലേ ആശുപത്രിക്കെട്ടിടം വൃത്തിയായി സൂക്ഷിക്കാനാകൂ’ – ആശുപത്രി ജീവനക്കാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

