തിരുവനന്തപുരം ∙ തിരുവനന്തപുരം മെട്രോ റെയിലിനായി കെഎംആർഎല്ലും മറ്റ് ഏജൻസികളും നടത്തിയ പഠനങ്ങളിൽ നിന്നു വ്യത്യസ്തമായി പദ്ധതി പ്രദേശത്തിന്റെ വ്യാപ്തി കൂട്ടുകയും ആനുപാതികമായി ജനസംഖ്യ രേഖപ്പെടുത്തുകയും വേണമെന്ന ആവശ്യം ശക്തമാകുന്നു. ആറ്റിങ്ങൽ, പോത്തൻകോട്, വെഞ്ഞാറമൂട്, അരുവിക്കര, കാട്ടാക്കട
പ്രദേശങ്ങൾ കൂടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നവയായി ഉൾപ്പെടുത്തിയാൽ ഇത് സാധ്യമാകും. 2014ൽ ഡിഎംആർസി ലൈറ്റ് മെട്രോയ്ക്കായി നടത്തിയ പഠനത്തിൽ 2011ലെ സെൻസസ് അനുസരിച്ചു തിരുവനന്തപുരത്തിന്റെ നഗര സ്വഭാവമുള്ള മേഖലകളിലെ ജനസംഖ്യ 16.8 ലക്ഷമെന്ന് രേഖപ്പെടുത്തിയിരുന്നു.
പ്രതിവർഷം 3% വളർച്ചയാണു കാണിച്ചിരുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ ജനസംഖ്യ 26 ലക്ഷത്തിന് അടുത്താകണം.
കൊച്ചി മെട്രോ റെയിൽ ഒന്നാം ഘട്ടത്തിന് ജനസംഖ്യ കണക്കുകൂട്ടിയത് കൊച്ചി കോർപറേഷൻ, കളമശേരി, തൃപ്പൂണിത്തുറ നഗരസഭകൾ എന്നിവയ്ക്കു പുറമേ 13 സമീപ പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തിയാണ്.
എന്നാൽ തലസ്ഥാനത്ത് തിരുവനന്തപുരം കോർപറേഷൻ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, 8 പഞ്ചായത്തുകൾ എന്നിവ മാത്രമാണ് പദ്ധതി പ്രദേശമായി എടുത്തിട്ടുള്ളത്. മെട്രോ റെയിലിന് അനുമതി ലഭിക്കണമെങ്കിൽ പദ്ധതി പ്രദേശത്തെ ജനസംഖ്യ 20 ലക്ഷം വേണമെന്നാണ് നിബന്ധന.ഇതില്ലാത്തതു മൂലം കോയമ്പത്തൂർ, മധുര മെട്രോകൾക്കു കേന്ദ്രം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.
തിരുവനന്തപുരം മെട്രോയ്ക്കായി മുൻപു തയാറാക്കിയ റിപ്പോർട്ടുകളിലെ ജനസംഖ്യ 20 ലക്ഷത്തിൽ താഴെയാണ് എന്നത് പദ്ധതിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം, ടെക്നോസിറ്റി, നിർദിഷ്ട ഒൗട്ടർ റിങ് റോഡ്, വിഴിഞ്ഞം–കൊല്ലം–പുനലൂർ ഗ്രോത്ത് ട്രയാംഗിൾ തുടങ്ങിയ സാധ്യതകൾ കൂടി പരിഗണിച്ചുള്ള പഠന റിപ്പോർട്ടാണു തിരുവനന്തപുരം മെട്രോയ്ക്കു വേണ്ടതെന്നു വിദഗ്ധർ പറയുന്നു. കോയമ്പത്തൂർ, മധുര മെട്രോകളിൽ എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചു വരികയാണെന്നു കെഎംആർഎൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

