പനമരം∙ പഞ്ചായത്തിൽ താഴെ പാതിരിയമ്പത്തിന് പുറമേ ദാസനക്കരയിലും കാട്ടാനയിറങ്ങി വ്യാപകമായി നെൽക്കൃഷി നശിപ്പിച്ചു. പഞ്ചായത്തിലെ താഴെ പാതിരിയമ്പത്ത് നെൽക്കൃഷി നശിപ്പിച്ചതിനു പിന്നാലെയാണ് കിലോമീറ്റർ അകലെയുള്ള പഞ്ചായത്തിലെ ദാസനക്കരയിലും കാട്ടാനയിറങ്ങി നെൽക്കൃഷി നശിപ്പിച്ചത്.
പാടശേഖരങ്ങളിൽ ഇറങ്ങിയുള്ള കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽ നിന്ന് കഴിഞ്ഞ രാത്രി 12നു ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയാണു കല്ലുവയൽ ഊരിലെ കർഷകരായ കുഞ്ഞിരാമൻ, സുനന്ദ, രാജൻ, തമ്പി, സുരേഷ്, വേലായുധൻ, ചന്തു എന്നിവരുടെ നെൽക്കൃഷി നശിപ്പിച്ചത്. പാതിരി സൗത്ത് സെക്ഷനിലെ തരകമ്പം ഭാഗത്തുനിന്നിറങ്ങിയ ഒറ്റയാനാണ് കർഷകരുടെ പ്രതിരോധ മാർഗങ്ങൾ മറികടന്ന് ദാസനക്കര പാടശേഖരത്തിൽ ഇറങ്ങി കതിരായ നെല്ല് വ്യാപകമായി തിന്നും ചവിട്ടിയും നശിപ്പിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത്.
അടുത്ത കാലത്ത് കാട്ടാന ഇറങ്ങാത്തതിനാലും വനാതിർത്തിയിൽ പ്രതിരോധ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതരടക്കം പറഞ്ഞതിനാലും ഏക്കറുകണക്കിന് നെൽക്കൃഷിയുള്ള ഇവിടെ കർഷകർ കാവൽ ആരംഭിച്ചിരുന്നില്ല.
ആനയിറങ്ങിയ വിവരം അറിയാൻ വൈകിയതാണു കൃഷി വ്യാപകമായി നശിപ്പിക്കാനിടയായത്. വനാതിർത്തിയോട് ചേർന്ന പാടശേഖരങ്ങളിൽ നെല്ല് കതിരായി തുടങ്ങിയതോടെ കാട്ടാനശല്യം പ്രതിരോധിക്കാൻ പ്രദേശത്ത് വാച്ചർമാരെ നിയമിക്കണമെന്നും പൂർത്തീകരിക്കാത്ത ക്രാഷ് ഗാർഡ് വേലിയുടെ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വ്യാപകമായി നെൽക്കൃഷി നശിച്ച പരമ്പരാഗത കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉന്നയിച്ചു.
കർഷകർ വർഷങ്ങളായി നേരിടുന്ന കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാണു കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

