കോട്ടയം ∙ ജില്ലാ റജിസ്ട്രേഷൻ കോംപ്ലക്സിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക് ലിഫ്റ്റ് ‘ഔട്ട് ഓഫ് ഓഡറാണ്’ ആരും കയറരുത്. ലിഫ്റ്റിലേക്ക് പ്രവേശിക്കാതെയിരിക്കാൻ ലിഫ്റ്റിനു മുകൾഭാഗത്ത് ഔട്ട് ഓഫ് ഓഡറെന്ന മുന്നറിയിപ്പുണ്ട്.
കയറാതെയിരിക്കാൻ കസേരയിട്ട് തടഞ്ഞിട്ടുമുണ്ട്. ജില്ലാ റജിസ്ട്രാറെ കാണണമെങ്കിൽ 67 പടികൾ ചവിട്ടി മൂന്നാംനിലയിൽ എത്തണം.പ്രായമായവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്.
കലക്ടറേറ്റിനു മുന്നിലെ റജിസ്ട്രേഷൻ കോംപ്ലക്സിൽ ജില്ലാ റജിസ്ട്രാർ ഓഫിസ്, ജില്ലാ ഓഡിറ്റ് ഓഫിസ്, ജില്ലാ ചിട്ടി ഇൻസ്പെക്ടർ ഓഫിസ്, ജില്ലാ ചിട്ടി ഓഡിറ്റ് ഓഫിസ്, അഡിഷനൽ സബ് റജിസ്ട്രാർ ഓഫിസുകളാണ് പ്രവർത്തിക്കുന്നത്.
സമീപകാലത്താണ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കി ഓഫിസ് ഇങ്ങോട്ടുമാറ്റിയത്. ലിഫ്റ്റുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.
നൂറുകണക്കിന് ആളുകളാണ് കോംപ്ലക്സിലെ ഓഫിസുകളിലേക്കു ദിവസവും വരുന്നത്.
നിർമാണ ചട്ടം പാലിക്കാതെയാണ് ഓഫിസ് നിർമിച്ചതെന്ന കാരണത്താൽ നഗരസഭയിൽനിന്നു പ്രവർത്തനാനുമതി ലഭിച്ചിരുന്നില്ല. സർക്കാർ ഇടപെടലുകളെത്തുടർന്നാണ് ഓഫിസ് പ്രവർത്തനം ആരംഭിച്ചത്.
ലിഫ്റ്റ് പ്രവർത്തനസജ്ജമാക്കാൻ നടപടി ആരംഭിച്ചെന്ന് റജിസ്ട്രാർ ഓഫിസ് അധികൃതർ അറിയിച്ചു.
അടുത്തയിടെ സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ചപ്പോൾ ബാറ്ററികൾ തകരാറിലെന്നു കണ്ടെത്തി. ബാറ്ററി നന്നാക്കിയ ശേഷമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ.
ഇതിനുശേഷം വാർഷിക അറ്റകുറ്റപ്പണി കരാറിൽ ഒപ്പിട്ട ശേഷം ലിഫ്റ്റ് തുറക്കാനാണ് അധികൃതരുടെ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

