കോഴിക്കോട് ∙ വേങ്ങേരി ജംക്ഷനിലെ ചായക്കടയിൽ എണ്ണപ്പലഹാരം വിതരണം ചെയ്തതിന്റെ പണം വാങ്ങി തിരിച്ചു പോകുന്നതിനിടയിലാണ്, പലഹാരകച്ചവടക്കാരനായ ഷൗക്കത്ത് ലോറിക്കടിയിൽ കുടുങ്ങിയത്. സർവീസ് റോഡ് ആരംഭിക്കുന്ന ജംക്ഷനിൽ ആയിരുന്നു അപകടം.
ഷൗക്കത്ത് സ്വന്തം കാറിന് അരികിലേക്ക് പോകാനാണ് സർവീസ് റോഡിലേക്ക് കയറിയത്. ഈ ഭാഗം ഇരുട്ടാണ്.
റോഡരികിൽ നിൽക്കുന്ന സമയത്താണ് ലോറി വളവ് തിരിഞ്ഞു വന്നത്. ഷൗക്കത്തിനെ ലോറി തട്ടിയതോടെ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ബൈപാസ് നിർമാണം കഴിഞ്ഞ് ഓവർപാസ് പൂർത്തിയായതോടെ ഈ ഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് ഒഴിവാക്കിയിരുന്നു.
ഇതോടെ വൈകിട്ട് ഈ ഭാഗം ഇരുട്ടാണ്. കാക്കൂരിൽ ചരക്കിറക്കി വരുന്ന ലോറി ബാലുശ്ശേരി റോഡിൽ നിന്നു മലാപ്പറമ്പ് ഭാഗത്തേക്ക് തിരിഞ്ഞതോടെ ലോറി ഡ്രൈവർക്ക് കാട്ടിൽപറമ്പ് ഭാഗത്ത് നിന്നു വരുന്ന റോഡിൽ ഇരുട്ടു കാരണം കാൽ നടയാത്രക്കാരനെ കാണാൻ കഴിഞ്ഞില്ല.
മാത്രമല്ല കണ്ടയ്നറിന്റെ മറവു കാരണവും ഷൗക്കത്തിനെ ശ്രദ്ധയിൽപെട്ടില്ലെന്ന് ലോറി ഡ്രൈവർ പാലക്കാട് സ്വദേശി മനോജ് പറഞ്ഞു.
രാമനാട്ടുകര – വെങ്ങളം ബൈപാസിൽ 8 റോഡുകൾ കൂടിച്ചേരുന്ന ജംക്ഷനാണ് വേങ്ങേരി. ബൈപാസിൽ വേങ്ങേരി ജംക്ഷനിൽ ബാലുശ്ശേരി – കോഴിക്കോട് റോഡ് 15 മീറ്റർ മാത്രമാണ്.
എന്നാൽ ഓവർപാസ് 45 മീറ്ററിൽ ആണ് നിർമിച്ചത്. ഈ സാഹചര്യത്തിൽ ജംക്ഷനിൽ കൂടുതൽ അപകട
സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.ജംക്ഷനിൽ നിലവിൽ മുന്നറിയിപ്പ് സിഗ്നൽ ലൈറ്റ് മാത്രമാണ് ഉള്ളത്. ഈ ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റും പകൽ ട്രാഫിക് പൊലീസും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.അപകടത്തെ തുടർന്ന് വേങ്ങേരി ജംക്ഷനിൽ 40 മിനിറ്റ് ഗതാഗതം മുടങ്ങി.വെള്ളിമാടുകുന്നിൽ നിന്ന് അഗ്നിരക്ഷാ സേനയും ചേവായൂർ പൊലീസും എത്തി.ലോറി ഡ്രൈവർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

