ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘കശ്മീർ ടൈംസി’ൻ്റെ ജമ്മുവിലുള്ള ഓഫീസിൽ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി (എസ്ഐഎ) റെയ്ഡ് നടത്തി. രാജ്യദ്രോഹപരമായ പ്രവർത്തനങ്ങൾ നടത്തിയെന്നും ജനങ്ങളിൽ ഭരണകൂടത്തിനെതിരെ അതൃപ്തിയുണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജമ്മു കശ്മീരിലെ ഏറ്റവും പഴക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലൊന്നാണ് കശ്മീർ ടൈംസ്. വേദ് ഭസിൻ സ്ഥാപിച്ച മാധ്യമ സ്ഥാപനമായ കശ്മീർ ടൈംസ് കുറച്ചുകാലമായി അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.
മുൻപും സമാനമായ രീതിയിൽ പരിശോധനകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് അച്ചടി നിർത്തിയ കശ്മീർ ടൈംസ്, പിന്നീട് ഓൺലൈൻ പതിപ്പിലൂടെയാണ് പ്രവർത്തനം തുടർന്നിരുന്നത്.
സ്ഥാപകനായ വേദ് ഭസിൻ്റെ മരണശേഷം മകൾ അനുരാധ ഭസിനും ഭർത്താവ് പ്രബോധ് ജംവാലുമാണ് പത്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇരുവരും ഇപ്പോൾ അമേരിക്കയിലാണ്.
വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് പ്രബോധ് ജംവാൽ എഡിറ്ററും അനുരാധ ഭസിൻ മാനേജിംഗ് ഡയറക്ടറുമാണ്. ഇന്ന് പുലർച്ചെ ആറ് മണിയോടെ സ്ഥാപനത്തിൻ്റെ മാനേജരായ സഞ്ജീവ് കർണിയുടെ വീട്ടിലെത്തിയ എസ്ഐഎ ഉദ്യോഗസ്ഥർ, അദ്ദേഹത്തെയും കൂട്ടിയാണ് ഓഫീസിൽ പരിശോധന ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അനുരാധ ഭസിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

