
‘കായ് പോ ചെ’, ‘സർക്കാർ’, തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെയും ‘ബ്രീത് ഇൻ റ്റു ദ ഷാഡോസ്’ എന്ന വെബ്സീരീസിലൂടെയും ശ്രദ്ധനേടിയ നടനാണ് അമിത് സാധാ. അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത് ബൈക്കിൽ ഇന്ത്യ ചുറ്റുകയാണ് താരം. യാത്ര ഡല്ഹിയിലെത്തിയപ്പോൾ മാധ്യമങ്ങളെ കണ്ട അമിത് പറഞ്ഞ ഒരുകാര്യം ഇങ്ങ് കേരളത്തിൽ വാർത്തകളിൽ നിറയുകയാണ്.
മലയാളികളുടെ പ്രിയങ്കരനായ നടൻ മോഹൻലാലിനേക്കുറിച്ചാണ് അമിത് സാധാ തന്റെ അഖിലേന്ത്യാ പര്യടനത്തിനിടെ പരാമർശിച്ചത്. അതിശക്തനായ അഭിനേതാവ് എന്നാണ് അമിത് മോഹൻലാലിനെ വിശേഷിപ്പിച്ചത്. ‘ഇന്ത്യൻ സിനിമയിൽ ഞാൻ ഏറെ ആരാധിക്കുന്ന താരമാണ് മോഹൻലാൽ സാർ. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം അതിശക്തനായ അഭിനേതാക്കളിലൊരാളും യഥാർത്ഥ താരവുമാണ്.’ അമിത് സാധാ പ്രതികരിച്ചു.
ബൈക്ക് യാത്ര തുടങ്ങുന്നതിന് മുമ്പ് അമിതാഭ് ബച്ചനോടുള്ള തന്റെ ആരാധനയേക്കുറിച്ചും അമിത് പറഞ്ഞിരുന്നു. ‘സർക്കാർ’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആലിയാ ഭട്ടുമൊന്നിച്ച് പ്രവർത്തിക്കാൻ താമസിയാതെ അവസരമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ബൈക്കിൽ സോളോ ട്രിപ്പ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 25-ന് തുടങ്ങിയ യാത്ര ഈ മാസം 25-ന് സമാപിക്കും. ഇതിന് മുമ്പും താൻ ബൈക്കിൽ യാത്രകൾ നടത്താറുണ്ടെന്നും കോവിഡ് മഹാമാരിക്ക് ശേഷം യാത്രകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അമിത് പറഞ്ഞു. 19-ാം വയസിലായിരുന്നു അമിത്തിന്റെ ആദ്യയാത്ര.
അമിത് കാമിയോ വേഷത്തിലെത്തിയ ശില്പാ ഷെട്ടി നായികയായ ‘സുഖീ’ ഈ മാസം 22-ന് തിയേറ്ററുകളിലെത്തുകയാണ്. അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’, പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ എന്നിവയുടെ തിരക്കിലാണ് മോഹൻലാൽ. ‘മലൈക്കോട്ടൈ വാലിഭൻ’, ‘ബറോസ്’ എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]