ടെക് ലോകത്ത് ഇത് എന്താണ് സംഭവിക്കുന്നത്? ചെറുപ്പക്കാർ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹസ്ഥാപകന് എൻ.ആർ. നാരായണ മൂർത്തിയുടെ വാദത്തിന്മേലുള്ള ചർച്ചയുടെ ചൂടാറിയിട്ടില്ല.
ഇപ്പോഴിതാ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ പരാമർശമാണ് പുതിയ വിഷയം. ചെറുപ്പക്കാർ 20കളിൽത്തന്നെ കല്യാണം കഴിക്കണമെന്നും ഉടൻ കുട്ടികളും വേണമെന്നുമാണ് എക്സിൽ ശ്രീധർ വെമ്പു കുറിച്ചത്.
പ്രമുഖ സംരംഭകയും അപ്പോളോ ഹോസ്പിറ്റൽസ് സിഎസ്ആർ വിഭാഗം വൈസ്-ചെയർപഴ്സനും തെലുങ്ക് സിനിമാതാരം രാം ചരണിന്റെ ഭാര്യയുമായ ഉപാസന കാമിനേനി കോനിഡെലയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ശ്രീധർ വെമ്പുവിന്റെ ട്വീറ്റ്.
ചെറുപ്പക്കാർ സമൂഹത്തോടുള്ള ഉത്തരവാദിത്തം പാലിക്കണമെന്നും ഇതൊരു പഴമക്കാരുടെ വാദമായി തോന്നാമെന്നും വെമ്പു പറഞ്ഞിരുന്നു.
ഐഐടി ഹൈദരാബാദിലെ വിദ്യാർഥികളുമായി സംവദിച്ചപ്പോഴുള്ള അനുഭവമായിരുന്നു കോനിഡെല എക്സിൽ പങ്കുവച്ചത്. നിങ്ങളിലാർക്കൊക്കെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് കോനിഡെല വിദ്യാർഥികളോട് ചോദിച്ചിരുന്നു.
പെൺകുട്ടികളേക്കാൾ കൂടുതൽ കൈകൾ ഉയർത്തിയത് ആൺകുട്ടികളായിരുന്നു. പെൺകുട്ടികൾ കരിയർ-ഫോക്കസ്ഡ് ആണെന്നും ഇതാണ് പുതിയ, വളരുന്ന ഇന്ത്യയെന്നും ഉപാസന കോനിഡെല എക്സിൽ എഴുതി.
തുടർന്നായിരുന്നു ശ്രീധർ വെമ്പുവിന്റെ മറുപടി.
വെമ്പുവിന്റെ വാദത്തിന് മറുവാദവുമായി നിരവധിപേർ രംഗത്തെത്തി. നിലവിൽ, ചെറുപ്പക്കാരുടെ വരുമാനം അസ്ഥിരമാണെന്നും ഉടനടി വിവാഹം കഴിച്ചാൽ ജീവിതം താളംതെറ്റുമെന്നും ഒരാൾ അഭിപ്രായപ്പെട്ടു.
എന്നാൽ, സാമ്പത്തികമായി മെച്ചപ്പെട്ടവർ പോലും കല്യാണം കഴിക്കാൻ മടിക്കുകയാണെന്ന് അതിനുള്ള മറുപടിയായി വെമ്പു പറഞ്ഞു.
20ന്റെ തുടക്കത്തിലേ കല്യാണം കഴിക്കുകയും ഗർഭം ധരിക്കുകയും ചെയ്യുമ്പോൾ കരിയറാണ് റിസ്കിലാകുന്നതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ജീവിതം ഒരു മത്സരമല്ലെന്നും ഏത് പ്രായത്തിലായാലും അവസരങ്ങൾ ഒട്ടേറെ ലഭിക്കുമെന്നും ശ്രീധർ വെമ്പു പറഞ്ഞു.
ജോലി, സംരംഭം തുടങ്ങിയ മേഖലകളിലെ കരിയർ വളർച്ചയ്ക്ക് 28നുശേഷം ധാരാളം സമയമുണ്ടെന്നും വെമ്പു ചൂണ്ടിക്കാട്ടി.
ചെറുപ്പക്കാർ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യണമെന്ന തന്റെ വാദത്തിൽ കഴിഞ്ഞ ദിവസവും ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി ഉറച്ചുനിന്നതും അതിനായി അദ്ദേഹം ചൈനയിലെ 9-9-6 ചട്ടം ചൂണ്ടിക്കാട്ടിയതും വൻ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. യുവാക്കൾ ആദ്യം സുസ്ഥിരമായ കരിയർ സൃഷ്ടിക്കണമെന്നും അതിനായി ചെറുപ്പത്തിലേ കഠിനാധ്വാനം ചെയ്യണമെന്നുമായിരുന്നു നാരായണ മൂർത്തിയുടെ വാദം.
ചൈനയിൽ രാവിലെ 9 മുതൽ രാത്രി 9 വരെ, ആഴ്ചയിൽ 6 ദിവസം ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Indian Tech & Infraൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

