അഡൂർ∙ സിപിഎമ്മുമായി ഇടഞ്ഞ മുൻ ഏരിയ കമ്മിറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയും പാർട്ടിക്കെതിരെ അരയും തലയും മുറുക്കി മത്സരരംഗത്തുള്ള ദേലംപാടിയിൽ സിപിഎം നേരിടുന്നത് കാൽനൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി. വിമത വിഭാഗം മത്സരിക്കുന്ന 5 വാർഡുകളിൽ 4 എണ്ണത്തിലും യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഎമ്മിനു വെല്ലുവിളിയേറെ.മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എ.മുസ്തഫ ഹാജി, ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സ്ഥിരസമിതി അധ്യക്ഷനും മുൻ പാണ്ടി ലോക്കൽ സെക്രട്ടറിയുമായ എ.
രത്തൻകുമാർ നായിക്ക് എന്നിവരാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ മത്സരിക്കുന്നത്.
മുസ്തഫ ഹാജി യുഡിഎഫ് കഴിഞ്ഞ തവണ ഒരു വോട്ടിന് വിജയിച്ച ദേലംപാടിയിലും രത്തൻ കുമാർ എൽഡിഎഫിന്റെ സിറ്റിങ് വാർഡായ അഡൂരിലുമാണ് ജനവിധി തേടുന്നത്. ഇതു കൂടാതെ ഊജംപാടി, മയ്യള, പുതിയമ്പലം എന്നീ വാർഡുകളിലും മുസ്തഫ ഹാജിയെ അനുകൂലിക്കുന്ന വിഭാഗം സ്വതന്ത്രരായി മത്സരിക്കുന്നുണ്ട്.
ഇതിൽ ആദ്യത്തെ 2 വാർഡുകൾ എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഊജംപാടിയിൽ ഐത്തപ്പ നായിക്കും മയ്യളയിൽ ഐത്തപ്പയും പുതിയമ്പലത്ത് ആമിന ആദവുമാണ് സ്ഥാനാർഥികൾ.
ഇവർക്ക് യുഡിഎഫ് പിന്തുണയുമുണ്ട്.
അതേസമയം രത്തൻകുമാർ നായിക്ക് മത്സരിക്കുന്ന അഡൂർ വാർഡിൽ മുന്നണികളുടെ പരസ്യ പിന്തുണയില്ലാതെയാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ 187 വോട്ടുകൾക്ക് സിപിഎം വിജയിച്ച ഈ വാർഡിൽ ശക്തമായ വെല്ലുവിളിയാണ് രത്തൻ കുമാർ ഉയർത്തുന്നത്.
സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയും മുൻ ജില്ലാ കമ്മിറ്റി അംഗവുമായ എ.ചന്ദ്രശേഖരനാണ് ഇവിടെ സിപിഎം സ്ഥാനാർഥി. പഞ്ചായത്തിലെ ക്ലാസിക് പോരാട്ടമായി ഇത് മാറുമെന്നുറപ്പാണ്.
സിപിഎമ്മിന്റെ ഭാഗമായി 20 വർഷം പഞ്ചായത്ത് അംഗമായ മുസ്തഫ ഹാജി 2 തവണ വൈസ് പ്രസിഡന്റും 2005 മുതൽ 2010 വരെ പ്രസിഡന്റുമായിരുന്നു.
രത്തൻ കുമാറും 2 തവണ പഞ്ചായത്ത് അംഗമായിരുന്നു. ഇതിൽ ഒരു തവണ സ്ഥിരസമിതി അധ്യക്ഷനുമായി. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്ന് എ.മുസ്തഫ ഹാജിയെ നീക്കി.
അതിനു ശേഷം അദ്ദേഹം പാർട്ടി അംഗത്വം പുതുക്കിയില്ല. ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതാണ് രത്തൻ കുമാറിനെയും പ്രകോപിപ്പിച്ചത്.ചില മുതിർന്ന നേതാക്കളാണ് ഇതിനു ചരട് വലിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇതിനുള്ള മറുപടി തിരഞ്ഞെടുപ്പിൽ കാണിക്കാനാണ് തീരുമാനം.
വിമത വിഭാഗം മത്സരിക്കുന്ന 5 വാർഡുകളിൽ 4 എണ്ണത്തിലും വിജയം ഉറപ്പിക്കനാണ് ഇവരുടെ നീക്കം. അതോടൊപ്പം യുഡിഎഫ് 4 സിറ്റിങ് സീറ്റുകൾ നിലനിർത്തുകയും ചെയ്താൽ ദേലംപാടിയിലെ രാഷ്ട്രീയ ചിത്രം മാറും.
ആകെ 17 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. നിലവിൽ 2 സീറ്റുകളുള്ള ബിജെപി അവ നിലനിർത്തുന്നതിനൊപ്പം പുതിയതായി രൂപീകരിച്ച ബെള്ളിപ്പാടി വാർഡ് കൂടി പിടിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ സിപിഎം 6 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ.
ജീവൻ മരണ പോരാട്ടം എന്ന രീതിയിൽ കണ്ട് സിപിഎമ്മും ശക്തമായി മത്സരരംഗത്തുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

