ആലപ്പുഴ∙ ജില്ലാ പഞ്ചായത്തു സീറ്റുവിഭജനത്തെച്ചൊല്ലി എൻഡിഎ ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയിലെ തർക്കം രൂക്ഷമാകുന്നു. ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ച രണ്ടു ഡിവിഷനുകളിൽ ഇന്നു ബിഡിജെഎസ് സ്ഥാനാർഥികൾ നാമനിർദേശം സമർപ്പിക്കുമെന്നു നേതാക്കൾ അറിയിച്ചു.
അതേസമയം, ബിഡിജെഎസിനായി ഒഴിച്ചിട്ടിരുന്ന രണ്ടു സീറ്റുകളിലൊന്നിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പ്രശ്നപരിഹാരത്തിനായി ബിജെപി, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ നാളെ ചർച്ച നടത്താനിരിക്കെയാണു ഇരുപാർട്ടികളും വിട്ടുവീഴ്ചയ്ക്കില്ലെന്നു നിലപാടു കടുപ്പിച്ചത്.
ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള 11 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നൂറനാട്, കൃഷ്ണപുരം ഡിവിഷനുകളാണു ബിഡിജെഎസ് ആവശ്യപ്പെട്ടത്.
എന്നാൽ ഇതടക്കം 9 സീറ്റുകളിൽ ഈ മാസം 12ന് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചർച്ചയ്ക്കുള്ള സാധ്യത തുറന്നു കരുവാറ്റ, ഭരണിക്കാവ് ഡിവിഷനുകളിലെ സ്ഥാനാർഥി പ്രഖ്യാപനം നീട്ടിവച്ചു.
പ്രശ്നം പരിഹരിച്ചാൽ ഈ സീറ്റുകൾ ബിഡിജെഎസിനു നൽകുമെന്നായിരുന്നു സൂചന.
എന്നാൽ ബിജെപിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് 4 ഡിവിഷനുകളിൽ ബിഡിജെഎസ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ച നൂറനാട്, കൃഷ്ണപുരം, പള്ളിപ്പാട്, മുളക്കുഴ ഡിവിഷനുകളിലാണു ബിഡിജെഎസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഇതോടെയാണു പ്രശ്നപരിഹാരത്തിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടു പാർട്ടികളിലെയും ജില്ലാ നേതാക്കളുടെ യോഗം നാളെ ചേർത്തലയിൽ നടത്താൻ തീരുമാനിച്ചത്.
എന്നാൽ ഇതിനിടെ ഒഴിച്ചിട്ട 2 സീറ്റുകളിലൊന്നായ കരുവാറ്റ ഡിവിഷനിൽ കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
ഇതോടെ ബിജെപി ജില്ലാ നേതൃത്വം പ്രശ്നപരിഹാരത്തിനുള്ള സാധ്യത അടച്ചെന്നാരോപിച്ചാണു സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഡിവിഷനുകളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ബിഡിജെഎസ് തീരുമാനം. കൃഷ്ണപുരം, നൂറനാട്, മുളക്കുഴ ഡിവിഷനുകളിൽ ഇന്നു പത്രിക സമർപ്പിക്കുമെന്നു ജില്ലാ നേതാക്കൾ അറിയിച്ചു.
ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയിൽ അരൂർ, വെളിയനാട് ഡിവിഷനുകളാണു ബിഡിജെഎസിനു നൽകിയത്.
സൗത്ത് ജില്ലാ കമ്മിറ്റിയിൽ ഇപ്പോൾ ഒഴിച്ചിട്ടിരിക്കുന്ന ഭരണിക്കാവ് സീറ്റ് നൽകാമെന്നാണു ബിജെപിയുടെ വാഗ്ദാനം. എന്നാൽ നൂറനാട്, കൃഷ്ണപുരം സീറ്റുകൾ വേണമെന്നാണു ബിഡിജെഎസ് ആവശ്യം.
ബ്ലോക്ക് ഡിവിഷനുകളിലും തർക്കം
സൗത്ത് ജില്ലയിലെ ബ്ലോക്ക് ഡിവിഷനുകളുടെ വീതംവയ്പിലും ഇരുപാർട്ടികളും തമ്മിൽ തർക്കമുണ്ട്.
ഭരണിക്കാവ്, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകളിൽ ഓരോ ഡിവിഷൻ വീതം ബിഡിജെഎസിനു നൽകാമെന്നാണ് ബിജെപിയുടെ നിലപാട്. 7 ഡിവിഷനുകൾ വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെടുന്നു.
പ്രതിഷേധ സൂചകമായി 7 ഡിവിഷനുകളിൽ ബിഡിജെഎസ് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
തർക്കം തീർക്കാൻ നാളെ യോഗം
സീറ്റുതർക്കം പരിഹരിക്കാൻ ബിജെപി, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ നാളെ ചേർത്തലയിൽ യോഗം ചേരും. ഓരോ മണ്ഡലം കമ്മിറ്റിയിൽ നിന്നു 4 അംഗങ്ങൾ വീതം പങ്കെടുക്കണമെന്നാണു ബിഡിജെഎസിനു ലഭിച്ച നിർദേശം.
ബിജെപിയുടെ ജില്ലാ കോർ കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സൗത്ത് ജില്ലയിലെ പ്രശ്നം തീർക്കാനുള്ള യോഗമല്ല, എൻഡിഎയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗമാണ് നടക്കുന്നതെന്നാണു ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
നിലവിൽ തർക്കങ്ങൾ ഒന്നുമില്ലാത്ത നോർത്ത് ജില്ലയിലെ ഭാരവാഹികളെയും യോഗത്തിനു വിളിച്ചിട്ടുണ്ടെന്നും ബിജെപി നേതാക്കൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

