പൊൻകുന്നം ∙ ശബരിമല തീർഥാടന പാതയുടെ ഭാഗമായ പാലാ- പൊൻകുന്നം റോഡിൽ തീർഥാടക വാഹനങ്ങളുടെ തിരക്ക് തുടങ്ങി. അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്ന റോഡിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.
ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ – പൊൻകുന്നം റോഡിൽ മണ്ഡലകാലത്ത് തിരക്ക് പത്തിരട്ടിയോളമാണ്.
ശബരിമല നട തുറന്ന ആദ്യ ദിനമായ ഇന്നലെ പുലർച്ചെ എരുമേലിയിൽ തിരക്കു വർധിച്ചതിനാൽ ഇവിടേക്കെത്തുന്ന വാഹനങ്ങൾ പൊൻകുന്നം – പാലാ റോഡിൽ ഇളങ്ങുളം ക്ഷേത്ര മൈതാനത്തും റോഡരികിലുമായി പൊലീസ് തടഞ്ഞിട്ടു.
പിന്നീട് രാവിലെ എട്ടുമണിയോടെ ഘട്ടം ഘട്ടമായാണ് വാഹനങ്ങൾ എരുമേലിയിലേക്കു വിട്ടത്.
മണ്ഡലകാലത്ത് ആവശ്യമായ ഒരുക്കങ്ങൾ റോഡിൽ ചെയ്തിട്ടില്ല. റീടാറിങ് നടത്തിയ ഭാഗങ്ങളിൽ ഇതുവരെ അടയാള വരകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല.
പൈക മുതൽ എലിക്കുളം വരെയുള്ള റോഡ് അടുത്തിടെ റീടാറിങ് നടത്തിയ ഭാഗത്ത് അടയാള വരകളില്ല. ഇരുവശത്തെയും നടുവിലെയും വരകളിൽ റിഫ്ലക്ടറുകളുണ്ടായിരുന്നത് രാത്രി വഴി കൃത്യമായി മനസ്സിലാക്കാൻ ഡ്രൈവർമാരെ സഹായിച്ചിരുന്നു.
ഇപ്പോൾ പകലും രാത്രിയും റോഡിന്റെ മധ്യഭാഗം തിരിച്ചറിയാതെ വാഹനങ്ങൾ ഓടുന്നുണ്ട്. അന്യസംസ്ഥാന വാഹനങ്ങൾ റോഡിലെ അപകട
സാധ്യതകൾ മനസ്സിലാക്കാതെ അമിതവേഗത്തിലാണു കടന്നുപോകുന്നത്. വളവുകളും ഇറക്കവും കയറ്റവുമുള്ള പാതയിൽ അമിതവേഗവും അശ്രദ്ധമായ മറികടക്കലും മുൻപ് ഒട്ടേറെ അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്.
21 കിലോമീറ്റർ ദൂരമുള്ള റോഡിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്. പഞ്ചായത്തുകൾ സ്ഥാപിച്ച വെളിച്ചം കുറഞ്ഞ സാധാരണ എൽഇഡി വിളക്കുകൾ മാത്രമാണ് ഇപ്പോഴുള്ളത്.
ഇരുവശത്തു നിന്നുമെത്തുന്ന വാഹനങ്ങൾ ലൈറ്റുകൾ ഡിപ് ചെയ്യാതെ കടന്നുപോകുമ്പോൾ വഴിയാത്രക്കാരെ കാണാൻ കഴിയാത്ത സ്ഥിതിയാണ്.
വഴിയരികിൽ താൽക്കാലിക കടകൾക്കു മുൻപിലും ഇടറോഡുകൾ ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.
ചില സ്ഥലങ്ങളിൽ റോഡരികിൽ തടികൾ കൊണ്ടിടുന്നതും ഇവ ലോറികളിലേക്ക് കയറ്റുന്നതും രാത്രി തടിലോറികൾ നിരയായി നിർത്തിയിടുന്നതും അപകട ഭീഷണി ഉയർത്തുന്നു.
പൊൻകുന്നം ടൗണിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം രാത്രി റോഡിന്റെ ഇരുവശത്തും ബസുകൾ പാർക്ക് ചെയ്യുന്നതും മണ്ഡല കാലത്ത് ഒഴിവാക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

