കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ യുവതി മുഖത്തടിച്ച സംഭവത്തിൽ യുവതിയെയും ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി, യുവതിയെ വാട്സാപിൽ ശല്യം ചെയ്തു വിവാഹ വാഗ്ദാനം നടത്തിയ യുവാവിനെയും മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങളം സ്വദേശി മൈലംപറമ്പത്ത് മുഹമ്മദ് നൗഷാദ്(27), ഡോക്ടറെ മർദിച്ച കുരുവട്ടൂർ സ്വദേശിയായ 39 കാരി എന്നിവരെയാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് സർജറി ഒപിയിൽ ഡ്യൂട്ടിക്കിടെയാണ് യുവതി എത്തി രോഗികൾക്കും മറ്റു പിജി വിദ്യാർഥികൾക്കും മുന്നിൽ ഡോക്ടറുടെ മുഖത്തടിച്ചത്.
നിരന്തരം യുവതിയുടെ മൊബൈൽ വാട്സാപിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്ന് ആരോപിച്ചാണ് ആശുപത്രിയിൽ എത്തി മുഖത്തടിച്ചത്. ഡോക്ടർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
തുടർന്ന് സിസിടിവി, ഒപി ചീട്ട് എന്നിവ പരിശോധിച്ചു യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയെ ചോദ്യം ചെയ്തതോടെയാണ് ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി നൗഷാദ് ആണ് സന്ദേശം അയച്ചതെന്ന് വ്യക്തമായത്.
കഴിഞ്ഞ ഏപ്രിലിൽ യുവതി പിതാവിനെ ശുശ്രൂഷിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിരുന്നു.
ഇതേ വാർഡിൽ സുഹൃത്തിന് കൂട്ടിരിപ്പിനാണ് പ്രതി നൗഷാദ് എത്തിയത്. തുടർന്ന് യുവതിയുടെ ഫോൺ നമ്പർ യുവാവ് ശേഖരിച്ചു.
പിന്നീട് മറ്റൊരു മൊബൈൽ സിംകാർഡ് സംഘടിപ്പിച്ചു യുവതിയുടെ പിതാവിനെ ശുശ്രൂഷിച്ച ഡോക്ടറുടെ പേരിൽ വാട്സാപ് അക്കൗണ്ട് തുടങ്ങി സന്ദേശം അയച്ചു.
യുവതിയിൽ നിന്നു 49,000 രൂപയും തട്ടിയെടുത്തു.
ഡോക്ടറെ മുഖത്തടിച്ച സംഭവത്തിൽ യുവതിയെ മെഡിക്കൽ കോളജ് പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞു യുവതി ‘ഡോക്ടർ’ ക്കെതിരെ ചേവായൂർ പൊലീസിൽ പരാതി നൽകി. ഈ കേസിൽ ചേവായൂർ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തിയത് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത ആളാണെന്ന് വ്യക്തമായിട്ടുണ്ട്. അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
എസ്ഐമാരായ കെ.അരുൺ, ഭവിത, അമൽ, എഎസ്ഐ സുജ, സീനിയർ സിപിഒ വിനോദ്, സിപിഒ രാജു, ബുഷറ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

