വടക്കഞ്ചേരി ∙ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കുള്ള സൗജന്യം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഫാസ്ടാഗിൽ നിന്ന് ഇന്നലെ മാത്രം പത്തോളം പേരുടെ പണം പോയിട്ടുണ്ട്.
മൂന്ന് വാഹനങ്ങൾ ട്രാക്കിൽ നിർത്തി പ്രദേശവാസികൾ പ്രതിഷേധിച്ചു.
തുടർന്ന് നഷ്ടപ്പെട്ട പണം ഇന്ന് തിരിച്ചു കൊടുക്കാമെന്ന ഉറപ്പിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം കുടുംബസമേതം യാത്ര ചെയ്ത പ്രദേശവാസിയുടെ വാഹനം ഒരുമണിക്കൂറോളം ടോൾ പ്ലാസയിൽ തടഞ്ഞിട്ടിരുന്നു. വാഹനത്തിലെ ഫാസ്ടാഗിൽ മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്.
ടോൾ പ്ലാസ വഴി കടന്നു പോകുന്ന സൗജന്യ യാത്ര അനുവദിച്ച വാഹനങ്ങളുടെ ഫാസ്ടാഗിൽ നിന്ന് പണം പോകുന്നതായി വാഹന ഉടമകൾ തന്നെ പറയുമ്പോൾ ടോൾ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
സൗജന്യം അനുവദിച്ച വാഹനങ്ങളുടെ പാസ് മൂന്നു മാസത്തിലൊരിക്കൽ പുതുക്കണമെന്ന വിചിത്ര വാദമാണ് കമ്പനി പറയുന്നത്.
സൗജന്യം അനുവദിച്ച വാഹനങ്ങൾ വിറ്റു പോയിട്ടുണ്ടെന്നും അവ ടോൾ വഴി പോകുന്നതായും കമ്പനി പറയുന്നു. എന്നാൽ ഘട്ടംഘട്ടമായി സൗജന്യം നിഷേധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും 4 ചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം അനുവദിച്ചുള്ള സർവകക്ഷി യോഗ തീരുമാനം ടോൾ കമ്പനി അട്ടിമറിച്ചിട്ടും ജനപ്രതിനിധികൾ കാണാത്ത ഭാവം നടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ, ജില്ലാ കലക്ടർ, എഡിഎം എന്നിവരുടെ നേതൃത്വത്തിൽ എടുത്ത തീരുമാനമാണ് അട്ടിമറിച്ചിരിക്കുന്നത്.
നിലവിൽ പുതിയ വാഹനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നില്ല. ടോൾ കമ്പനിയുടെ നിലപാടിനെതിരെ വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സംഗമം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

